‘എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ല; വ്യാജമാണെന്ന് ബോധ്യമായാൽ നടപടിയെടുക്കാം’

Mail This Article
കൊച്ചി ∙ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമ കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർണായക പരാമർശം. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് നിരപരാധികൾക്കെതിരെ പരാതി നൽകുന്ന പ്രവണത ഇപ്പോഴുണ്ട്. വിശദമായ അന്വേഷണം അനിവാര്യമാണ്. വ്യാജ ലൈംഗികാതിക്രമ പരാതിയാണ് നൽകിയതെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാം. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ട്. ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ ശരിയാണെങ്കിൽ അവരുടെ താൽപര്യം സംരക്ഷിക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. വ്യാജപരാതികളിൽ വ്യക്തികൾക്കുണ്ടാകുന്ന ക്ഷതത്തിന് മറ്റൊന്നും പകരമാകില്ല. അതിനാൽ അന്വേഷണ ഘട്ടത്തിൽതന്നെ പൊലീസ് സത്യം കണ്ടെത്തണമെന്നും കോടതി ഓർമിപ്പിച്ചു.
മാർജിൻ ഫ്രീ മാർക്കറ്റിലെ മാനേജരാണ് ഹർജിക്കാരൻ. ജോലിയിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ അവർ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14ന് ബദിയടുക്ക പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹർജിക്കാരൻ അറിയിച്ചു. എന്നാൽ ഹർജിക്കാരൻ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയിൽ കയറി പിടിച്ചെന്നു കാട്ടി ഫെബ്രുവരി ഏഴിന് യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടർന്നാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യുവതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും ഹർജിക്കാരൻ ഹാജരാക്കിയിരുന്നു.