താനൂരിൽ പെൺകുട്ടികൾക്കൊപ്പം പോയ റഹിം അസ്‌ലമിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പെൺകുട്ടികൾക്ക് കൗൺസിലിങ്ങ് നൽകും

Mail This Article
കോഴിക്കോട്∙ താനൂരിൽ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുംബൈയിൽനിന്നു മടങ്ങിയ റഹിമിനെ തിരൂരിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞത്.
ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്, വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പെൺകുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.
താനൂരിൽനിന്നു കാണാതായ പെൺകുട്ടികളുമായി ഇന്നു ഉച്ചയോടെയാണ് പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൗൺസിലിങ്ങ് നൽകി വീട്ടുകാർക്കൊപ്പം അയയ്ക്കും.