‘രാത്രി ഇറങ്ങിനടക്കുന്നതു മാത്രമല്ല പുരോഗമനം, അതിനപ്പുറം ചിന്തിക്കണം’: സിപിഎം സമ്മേളനത്തിലെ ഇളംതലമുറക്കാരി

Mail This Article
കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ?
കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഎം.

∙ എങ്ങനെയാണ് പാർട്ടി പ്രവർത്തനത്തിലേക്കെത്തിയത്?
പാർട്ടി പശ്ചാത്തലമുള്ള കുടുംബമാണ് എന്റേത്. വീട് കയ്യൂരാണ്. ആ നാടിന്റെ രാഷ്ട്രീയ പശ്ചാത്തലവും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
∙ മുതിർന്ന നേതാക്കളൊക്കെ എന്തു പറഞ്ഞു?
അവരൊക്കെ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ബാലസംഘം ആണെന്ന പ്രത്യേക പരിഗണനയുമുണ്ട്. ബാലസംഘം സെക്രട്ടറി സന്ദീപും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
∙ മുഖ്യമന്ത്രിയുമായും സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചോ?
കഴിഞ്ഞ രണ്ടു ദിവസവും അവരെ കണ്ടിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയില്ല. ഇന്ന് എന്തായാലും സംസാരിക്കണം. പ്രവർത്തന റിപ്പോർട്ടും ചർച്ചയുമൊക്കെയായി ഗോവിന്ദൻ മാഷ് തിരക്കിലായിരുന്നു.

∙ ചർച്ചകളിൽ അഭിപ്രായങ്ങളൊക്കെ പറയാൻ അവസരം കിട്ടുന്നുണ്ടോ ?
ഉണ്ട്, നമുക്ക് അനുവദിച്ച സമയത്തിൽ അതൊക്കെ പറയാം.
∙ വനിതാദിനത്തിൽ പ്രവിഷയ്ക്ക് എന്താണ് സ്ത്രീകളോടായി പറയാനുള്ളത് ?
വനിതകൾ കുറേയൊക്കെ മുന്നോട്ടുവന്നിട്ടുണ്ട്. രാത്രിയിൽ ഇറങ്ങിനടക്കുന്നതു മാത്രമാണ് പുരോഗമനം എന്നാണ് കുറച്ചുപേർ ചിന്തിക്കുന്നത്. അതിനപ്പുറം ചിന്തിക്കണം. നമ്മുടെ ചിന്ത മാറേണ്ട സമയമായി. ഇനിയും സ്ത്രീകൾ മുന്നോട്ടുവരണം.
∙ സംസ്ഥാനത്തൊരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നില്ലേ?
വനിതാ മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ട്.
∙ എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ വനിതാ മുഖ്യമന്ത്രിയുണ്ടാകുമോ ?
തുടർഭരണം ലഭിച്ചാൽ പാർട്ടി ആരെയാണോ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുന്നത് അവരാകും മുഖ്യമന്ത്രി.
∙ ഇപ്പോഴത്തെ ഏതു നേതാവാണ് പ്രവർത്തക എന്ന നിലയിൽ പ്രവിഷയ്ക്ക് ആവേശമുണ്ടാക്കിയത്?
പാർട്ടിയുമായി ബന്ധപ്പെട്ട് ആരോടു സംസാരിച്ചാലും വലിയ ആവേശമാണ്. പി. ജയരാജേട്ടനോടും ഷൈലജ ടീച്ചറോടും ശ്രീമതി ടീച്ചറോടുമൊക്കെ സംസാരിക്കാൻ കഴിഞ്ഞു.
∙ രാഷ്ട്രീയത്തിൽ സജീവമാകാനാണോ താൽപര്യം?
രാഷ്ട്രീയ രംഗത്തുണ്ടാകും.
∙ കുടുംബം ?
അച്ഛൻ പ്രമോദ്, അമ്മ നിഷ. പിന്നെ അനിയനും അമ്മൂമ്മയുമുണ്ട്. അനിയന്റെ പേര് പ്രത്യുഷ്, അമ്മൂമ്മ ലീല, എല്ലാവരും പാർട്ടിക്കാരാണ്.