‘അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും കേസെടുക്കുന്നു, ഇത് അവസാനിക്കണം’: വിമർശിച്ച് ഹൈക്കോടതി

Mail This Article
കൊച്ചി ∙ വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. സ്കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ അധ്യാപകന് നോട്ടിസ് നൽകി പ്രാഥമികാന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ തന്റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനൽ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുൻകൂർ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. നല്ലത് കരുതി എന്തെങ്കിലും ചെയ്താലും തങ്ങൾക്കെതിരെ ക്രിമിനൽ കേസ് വരും എന്നാണ് അവർ ഭയപ്പെടുന്നത്. മുൻപ് അധ്യാപകര്‍ ഏർപ്പെടുത്തിയിരുന്ന അച്ചടക്ക നടപടികൾ വിദ്യാർഥികളുടെ ഭാവി മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഉപകരിച്ചിരുന്നു. ഒരു വിദ്യാർഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ ഒരു അധ്യാപകന് വലിയ പങ്കാണുള്ളത്. ഒരു വിദ്യാർഥി സ്കൂളിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കൾ അധ്യാപകർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുകയാണ്. അധ്യാപകർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അവിടെ ക്രിമിനൽ കേസ് പോലുള്ള ഭീഷണികൾ ഉണ്ടാകാൻ പാടില്ല. എന്നാൽ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവർത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാൽ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നു, ചിലർ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുൻപ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴൽ പോലും അച്ചടക്കത്തോടെ ഇരിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് വിദ്യാർഥികൾ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാർത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നൽകൽ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അധ്യാപകരാണ് അടുത്ത തലമുറയെ വാർത്തെടുക്കുന്നത്. വിദ്യാർഥികളുടെ നല്ലതിനും അവരെ അച്ചടക്കമുള്ളവരും മികച്ച പൗരന്മാരുമാക്കി മാറ്റിയെടുക്കുന്നതിനിടെ ചെറിയ കാര്യങ്ങളുടെ പേരിൽ പോലും അവർക്കെതിരെ കേസും മറ്റും നൽകുന്നു. ഇത് അവസാനിക്കണം. അധ്യാപകനെതിരെ സ്കൂളിൽ വിദ്യാർഥിയുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചാൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത മേലുദ്യോഗസ്ഥന്റെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം നടത്തണം. കേസിൽ കഴമ്പുണ്ട് എന്നു തോന്നിയാൽ കേസ് റജിസ്റ്റർ ചെയ്യാം. ഈ അന്വേഷണത്തിന്റെ ഘട്ടത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്യാനും പാടില്ല. ഇത്തരം കാര്യങ്ങളിൽ പ്രാഥമികാന്വേഷണം നടത്തണമെന്ന് ബിഎൻഎസ് വകുപ്പ് 173(3)ൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി സംസ്ഥാന ഡിജിപി സർക്കുലർ പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു.