വീണ്ടും വിവാദമായി മറ്റൊരു ‘ഷോ’, ഒപ്പം ഹാബിറ്റാറ്റ് സ്റ്റുഡിയോയും; ശിവസേനയെ പ്രകോപിപ്പിച്ച കുനാലിന്റെ വാക്കുകൾ എന്ത്?

Mail This Article
മുംബൈ ∙ രൺബീർ അലാബാദിയയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയ്ക്കു പിന്നാലെ, മറ്റൊരു പരിപാടി കൂടി വിവാദത്തിലായിരിക്കുകയാണ്. സ്റ്റാൻഡ് അപ് കൊമീഡിയൻ കുനാൽ കമ്ര അവതരിപ്പിക്കുന്ന കോമഡി ഷോയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ എകനാഥ് ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശത്തോടെ പുലിവാലു പിടിച്ചത്. ഈ രണ്ടു വിവാദ പരിപാടികളും ചിത്രീകരിച്ചത് മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ആണെന്നതു യാദൃച്ഛികം. കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് റിയാലിറ്റി ഷോയിൽ അലാബാദിയ നടത്തിയ അശ്ലീല പരാമർശമാണ് വിവാദമായത്. ഇപ്പോൾ കുനാൽ കമ്ര ഷിൻഡെയ്ക്കെതിരെ നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനൊപ്പം മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നു.
∙ ട്രാജഡിയായ കോമഡി
കഴിഞ്ഞ ഞായറാഴ്ച കുനാൽ കമ്രയുടെ കോമഡി ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു വിളിച്ചെന്നാണ് ആരോപണം. ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. പരിപാടിയുടെ വിഡിയോ കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഹോട്ടലിന്റെ ഓഫിസ് പ്രവർത്തകർ അടിച്ച് തകർത്തു.
∙ കുനാൽ പറഞ്ഞതെന്ത്?
മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും നിലവിൽ ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ രാജ്യദ്രോഹി എന്നർഥം വരുന്ന, ‘ഗദ്ദർ’ എന്ന ഹിന്ദി വാക്ക് ഉപയോഗിച്ച് കുനാൽ പരാമർശിച്ചതാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. കുനാല്‍ വാടക കൊമീഡിയന്‍ ആണെന്നും പണത്തിനു വേണ്ടിയാണു ഷിന്‍ഡെയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നതെന്നുമായിരുന്നു ശിവസേനയുടെ പ്രതികരണം. അതേസമയം കുനാല്‍ കമ്രയ്‌ക്കു പിന്തുണയുമായി ശിവസേന (യുടിബി) നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
∙ വീണ്ടും വിവാദത്തിലായി ‘ഹാബിറ്റാറ്റ്’
കുനാലിന്റെ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചിടാൻ തീരുമാനിച്ചതായി ഉടമകൾ അറിയിച്ചു. ആക്രമണം ഞെട്ടിച്ചെന്നും തടസ്സമില്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്ന പുതിയ ഇടത്തിനായുള്ള തിരച്ചിലിലാണെന്നും ഹാബിറ്റാറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘ഞങ്ങളെ ലക്ഷ്യം വച്ചുള്ള സമീപകാല വിവാദങ്ങളിൽ ആശങ്കയുണ്ട്, ഞങ്ങൾ അങ്ങേയറ്റം തകർന്നിരിക്കുന്നു.’’ – ഹാബിറ്റാറ്റ് സ്റ്റുഡിയോ തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വേദിയിൽ കലാകാരൻമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും കലാകാരന്മാർ അവരുടെ കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നതെന്നും ഹാബിറ്റാറ്റ് സ്റ്റുഡിയോ അധികൃതർ വ്യക്തമാക്കി.
∙ നയം വ്യക്തമാക്കി കുനാൽ
എന്നാൽ ‘രാജ്യദ്രോഹി’ പരാമർശത്തിൽ ഖേദമില്ലെന്നാണ് കുനാൽ പൊലീസിനോടു പറഞ്ഞത്. കോടതി ആവശ്യപ്പെട്ടാൽ മാത്രമേ താൻ ക്ഷമാപണം നടത്തുകയുള്ളൂവെന്നും കുനാൽ പറഞ്ഞു. അതേസമയം, കുനാൽ മാപ്പു പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുനാലിന്റേത് താഴ്ന്ന നിലവാരത്തിലുള്ള കോമഡിയാണെന്നും ഇത് ഉപമുഖ്യമന്ത്രിയെ അനാദരിക്കാനാണെന്നുമാണ് ദേവേന്ദ്ര ഫഡ്നാവിസ് തുറന്നടിച്ചത്. അതിനിടെ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ജീവനക്കാർ തിങ്കളാഴ്ച ഹാബിറ്റാറ്റ് സ്റ്റുഡിയോയിലെത്തുകയും നിയമലംഘനങ്ങൾ ആരോപിച്ച് പരിപാടി നടന്ന വേദിയുടെ ചില ഭാഗങ്ങൾ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു.