സഖ്യത്തെ നയിക്കും, വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി: ടിവികെയുടെ ആവശ്യങ്ങൾ പരിധിവിട്ടു; ഭേദം എൻഡിഎ എന്ന് അണ്ണാഡിഎംകെ

Mail This Article
ചെന്നൈ ∙ അണ്ണാഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയതു നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവുമായുള്ള (ടിവികെ) ചർച്ചകൾ പാളിയതിനെ തുടർന്നെന്നു റിപ്പോർട്ട്. കഴിഞ്ഞവർഷം നടന്ന ചർച്ചയ്ക്കിടെ, വിജയ് മുന്നോട്ടുവച്ച പല നിബന്ധനകളും അംഗീകരിക്കാൻ അണ്ണാഡിഎംകെ തയാറായിരുന്നില്ലെന്നാണു സൂചന.
സഖ്യത്തെ ടിവികെ നയിക്കും, വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടും എന്നിവയായിരുന്നു പ്രധാന നിബന്ധനകൾ. ആകെയുള്ള 234 സീറ്റുകളിൽ പകുതിയും ടിവികെയ്ക്കു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭരണകാലത്തിന്റെ ആദ്യ പകുതി ടിവികെയുടേതായിരിക്കും എന്നതായിരന്നു മറ്റൊരു നിബന്ധന. എന്നാൽ, 3 പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ച പാർട്ടിയോട് ടിവികെ ഉന്നയിച്ച ആവശ്യങ്ങൾ യാഥാർഥ്യബോധം ഇല്ലാത്തവയാണെന്നായിരുന്നു അണ്ണാഡിഎംകെയുടെ വിലയിരുത്തൽ. അതേസമയം, എംജിആറിന്റെയും ജയലളിതയുടെയും കാലത്തുണ്ടായിരുന്ന ശക്തി അണ്ണാഡിഎംകെയ്ക്കു നിലവിലില്ലെന്നായിരുന്നു ടിവികെയുടെ നിലപാട്. ചർച്ചകൾ വഴിമുട്ടിയതോടെ സഖ്യനീക്കം ഉപേക്ഷിച്ചു.
തുടർന്നാണ്, എൻഡിഎ ക്യാംപിൽ ചേരാൻ അണ്ണാഡിഎംകെ തയാറെടുത്തത്. അതിനിടെ, പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന അണ്ണാഡിഎംകെ നേതാവ് കെ.എ.സെങ്കോട്ടയനെ മുൻനിർത്തി അവരെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചു. മുൻ മന്ത്രി കൂടിയായ സെങ്കോട്ടയന് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്. സെങ്കോട്ടയ്യന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ, സുരക്ഷാ ഭീഷണിയെക്കുറിച്ച് സിബിഐ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.