ഹോണടി ഇഷ്ടപ്പെട്ടില്ല, പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റി, പൊലീസിനോട് തട്ടിക്കയറി: യുട്യൂബർക്കെതിരെ കേസ്

Mail This Article
മണ്ണുത്തി (തൃശൂർ) ∙ പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞതിനു യുട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. എളനാട് മാവുങ്കൽ അനീഷ് ഏബ്രഹാമിനെതിരെയാണു മണ്ണുത്തി പൊലീസ് കേസെടുത്തത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംക‍്ഷനിൽ ശനി രാത്രി ഒൻപതരയോടെയാണു സംഭവം.
പൈലറ്റ് വാഹനം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാൾ വാഹനവ്യൂഹത്തിനു മുന്നിൽ കാർ നിർത്തി. മണ്ണുത്തി എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം മാറ്റാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനോടു തട്ടിക്കയറി. വാഹനവ്യൂഹത്തിലേക്കു മനഃപൂർവം കാർ ഇടിച്ചുകയറ്റി ജീവാപായം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണു കേസ്.