വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാൻ ശ്രമം; ബിൽ പാസായാലും കോടതിയിൽ നേരിടും: ലീഗ്

Mail This Article
മലപ്പുറം∙ വഖഫ് ബിൽ പാർലമെന്റിൽ പാസായാലും കോടതിയിൽ നേരിടുമെന്ന് മുസ്‌ലിം ലീഗ്. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണിതെന്നും വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.
കെട്ടിച്ചമച്ച ഭേദഗതിയാണു കേന്ദ്രം കൊണ്ടുവരുന്നത്. അതിനെ ശക്തമായി എതിർക്കും. എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും. മുസ്‌ലിം സമുദായത്തെ മാത്രമല്ല വരുംകാലത്ത് മറ്റു സമുദായങ്ങളുടെ സ്വത്തും ഇവർ പിടിച്ചെടുക്കുമെന്ന സൂചനയാണിത്. ഇതര സമുദായങ്ങൾ അക്കാര്യം മനസ്സിലാക്കണം. കോൺഗ്രസുമായി ബിൽ സംബന്ധിച്ചു വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയുണ്ട്. വിശ്വാസത്തിൽ ഇടപെടുകയാണിവിടെയെന്നും ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതാണു നിയമമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
മുനമ്പം പ്രശ്‌നപരിഹാരം കേരള സർക്കാരിനു പരിഹരിക്കാൻ കഴിയുന്നതാണ്. അതിന് വഖഫ് ഭേദഗതിയുമായി ഒരു ബന്ധവും ഇല്ല. അതിനെ വഖഫ് ബില്ലിൽ കൊണ്ടുപോയി കെട്ടുന്നത് ബിജെപിയാണ്. അവർക്കതിൽ വർഗീയ, വിഭാഗീയ ലക്ഷ്യങ്ങളുണ്ട്. മുനമ്പം പരിഹരിക്കണം എന്നു തന്നെയാണ് ലീഗ് നിലപാട്. മുനമ്പം വിഷയത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണം. മുനമ്പത്തെ ആളുകളെ ഒരു സുപ്രഭാതത്തിൽ ഇറക്കി വിടണം എന്ന അഭിപ്രായം ആർക്കും ഇല്ലെന്നും ഇരുവരും പറഞ്ഞു.