തടി കുറച്ച് പെട്ടെന്ന് മെലിയണോ? ഇനി ഈ ഫ്ളവർ പുലാവ് കഴിച്ചോളൂ
Mail This Article
തടി കുറച്ച് നല്ലോണം മെലിയണം എന്നതാണ് മിക്കവരുടെയും ആഗ്രഹം, അതിനായി പലവിഭവങ്ങളും തയാറാക്കി കഴിക്കാറുണ്ട്, ഡയറ്റൊക്കെ നോക്കുന്നവർക്ക് കഴിക്കാവുന്ന സ്പെഷൽ വിഭവമാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്, ഫ്ളവർ പുലാവ്. പേര് കേട്ട് കൺഫ്യൂഷൻ ആകേണ്ട, കോളിഫ്ളറാണ് ഐറ്റം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആദ്യം കോളിഫ്ളവർ ഗ്രേറ്റ് ചെയ്ത് എടുക്കണം. ഈ ഗ്രറ്റ് ചെയ്ത കോളിഫ്ളവർ മഞ്ഞ പൊടി ചേര്‍ത്ത വെള്ളത്തിൽ 15 മിനിറ്റോളം ഇട്ട് കഴുകി വൃത്തിയാക്കി എടുക്കണം. ഇനി ഇതൊന്നു വേവിച്ചെടുക്കണം. ഗ്യാസ് കത്തിച്ച് പാൻ വയ്ക്കാം. പാനിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഗ്രേറ്റ് ചെയ്ത കോളിഫ്ളവർ ബോയിൽ ചെയ്തെടുക്കാം. ശേഷം ഇത് വെളളത്തിൽ നിന്നും കോരി എടുത്ത് മാറ്റാം. മറ്റൊരു പാൻ വയ്ക്കാം. ചൂടാകുമ്പോൾ 2 ടീസ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം, അതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു ബൗൾ പനീർ ചേർക്കാം.

ഒപ്പം 1ടീസ്പൂൺ കശ്മീരി മുളക്പൊടിയും അതേ അളവിൽ കുരുമുളക്പൊടിയും അര ടീസ്പൂണും ചിക്കൻ മസാലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം, ബട്ടർ വേണ്ടന്നുള്ളവർക്ക് പകരം ഒലിവ് ഒായിൽ ചേർത്തും ഇത് തയാറാക്കാവുന്നതാണ്. പാനീറും മസാലകൂട്ടും നന്നായി വെന്ത് കഴിയുമ്പോൾ സവാള ചെറുതായി അരിഞ്ഞതും എരിവിന് അനുസരിച്ചുള്ള പച്ചമുളകും ഒന്നര ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം വേവിച്ചെടുത്ത കോളിഫ്ളവറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം. മസാലയെല്ലാം കോളിഫ്ളവറിൽ നന്നായി പിടിക്കണം. അതിനായി നന്നായി ഇളക്കി കൊടുക്കണം.

ഇനി മുട്ട ചേർത്ത് കൊടുക്കണം. കോളിഫ്ളവിന്റെ കോണ്ടിറ്റി അനുസരിച്ച് മുട്ട എടുക്കാം. മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ആവശ്യത്തിനുള്ള കുരുമുളക്പൊടിയും ചേർത്ത് നന്നായി ഉടച്ച് പാനിന്റെ നടുഭാഗത്തേയ്ക്ക് ഒഴിച്ചു കൊടുക്കാം ശേഷം നനനായി വഴറ്റാം, കോളിഫ്ളവറുമായി ചേർത്ത് മുട്ട മിക്സ് ചെയ്യണം. മുട്ട വേണ്ടാത്തവർക്ക് ഒഴിവാക്കാവുന്നതാണ്. നല്ല മണമൊക്കെ വരുന്നുണ്ട്. ഇപ്പോൾ നമ്മുടെ ഫ്ളവർ പുലാവ് റെഡിയായിട്ടുണ്ട്. ഇനി ഇത്തിരി ബദാമും കാഷ്യൂനട്സും ചേർത്ത് റൈസ് മിക്സ് ചെയ്യാം. നമ്മുടെ ഹെൽത്തി കോളിഫ്ളവർ റൈസ് റെഡിയായിട്ടുണ്ട്. സേർവിങ് പ്ലേറ്റിലേക്ക് മാറ്റാം. ഇതിന് കിടിലന്‍ രുചിയാണ്.ചോറ് കഴിക്കാതെ ഡയറ്റ് നോക്കുന്നവർക്ക് ലഞ്ചായോ ഡിന്നറായോ ഇത് കഴിക്കാവുന്നതാണ്. വെജിറ്റേറിയൻപ്രേമികൾക്ക് മുട്ട ഒഴിവാക്കിയും ഈ റൈസ് തയാറാക്കാം.
കോളിഫ്ലവർ എങ്ങനെ സൂക്ഷിക്കാം
മുറിക്കാത്ത പുതിയ കോളിഫ്ലവർ, റഫ്രിജറേറ്ററിൽ ശരിയായി സൂക്ഷിച്ചാൽ 1 മുതൽ 2 ആഴ്ച വരെ നിലനിൽക്കും. മുറിച്ച കോളിഫ്ലവർ ഒരു പ്ലാസ്റ്റിക് ബാഗിലാക്ക് റഫ്രിജറേറ്ററിൽ ശരിയായി സൂക്ഷിച്ചാൽ 4 -7 ദിവസം വരെ കേടുകൂടാതെയിരിക്കും. കോളിഫ്ളവർ റഫ്രിജറേറ്ററിലെ ക്രിസ്പർ ഡ്രോയറില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വയ്ക്കുക. ഫ്രിജില്‍ വയ്ക്കുമ്പോള്‍ കഴുകുന്നത് ഒഴിവാക്കുക, കാരണം അധിക ഈർപ്പം പെട്ടെന്ന് കേടാകാൻ കാരണമാകും. കൂടാതെ ബ്ലാഞ്ച് ചെയ്ത് ഫ്രീസറിലും വേണമെങ്കില്‍ സൂക്ഷിക്കാം.
ആപ്പിൾ, വാഴപ്പഴം, തക്കാളി തുടങ്ങിയ പഴങ്ങളിൽ നിന്ന് കോളിഫ്ളവർ മാറ്റി സൂക്ഷിക്കുക. കാരണം എഥിലീൻ വാതകം ഉത്പാദിപ്പിക്കുന്നതിനാൽ കോളിഫ്ളവർ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.