ADVERTISEMENT

ഓഹരി വിപണിയിൽ പ്രവേശിച്ച നാൾ മുതൽ തുടർച്ചയായി അപ്പർ-സർക്യൂട്ടിൽ വ്യാപാരം ചെയ്ത് കേരളത്തിൽ നിന്നുള്ള ഒരു കമ്പനിയുടെ ഓഹരി. തിരുവനന്തപുരം ആസ്ഥാനമായ ഇലക്ട്രോണിക് സെക്യൂറ്റിറ്റി സിസ്റ്റംസ് കമ്പനിയായ അഡ്ടെക് സിസ്റ്റംസാണ് തുടർച്ചയായ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. 

ജൂൺ 19നായിരുന്നു ബിഎസ്ഇയിൽ കമ്പനിയുടെ ലിസ്റ്റിങ്. ഈ രണ്ടാഴ്ചയ്ക്കിടെ ഓരോ ദിവസവും വ്യാപാരം നടന്നത് 5 ശതമാനം ഉയർന്ന് അപ്പർ-സർക്യൂട്ടിൽ. ഓഹരിവില പരിധിയില്ലാതെ ഉയരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന മാനദണ്ഡമാണ് അപ്പർ-സർക്യൂട്ട്. രണ്ട്, 5, 10, 15, 20 എന്നിങ്ങനെ കമ്പനിയുടെ ഓഹരിമൂല്യം അടിസ്ഥാനമാക്കിയാണ് അപ്പർ-ലോവർ സർക്യൂട്ടുകളുടെ പരിധി (പ്രൈസ് ബാൻഡ്) നിശ്ചയിക്കുന്നത്. അഡ്ടെക്കിന് ഇത് 5 ശതമാനമാണ്.

ജൂൺ 19 മുതൽ ഇതുവരെ 65.45 രൂപ വിലയിൽ നിന്ന് ഓഹരി മുന്നേറിയത് 101.48 രൂപവരെ. ഇന്നും വ്യാപാരത്തുടക്കത്തിൽ തന്നെ ഓഹരി 5 ശതമാനം ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. 120 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യമെന്ന് ബിഎസ്ഇയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വർഷത്തിൽ 4.15 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭമെന്ന് അഡ്ടെക്ക് വെബ്സൈറ്റും വ്യക്തമാക്കുന്നു. 2022-23ൽ ലാഭം 3.59 കോടി രൂപയായിരുന്നു. 56.19 കോടി രൂപയായിരുന്നു കഴിഞ്ഞവർഷത്തെ വരുമാനം. 

നേരിട്ടുള്ള ലിസ്റ്റിങ്

പ്രാരംഭ ഓഹരി വിൽപന (IPO) ഇല്ലാതെ നേരിട്ടായിരുന്നു അഡ്ടെക്ക് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ ഏതാനും പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ 2003 മുതൽ ലിസ്റ്റ് ചെയ്തിരുന്നു എന്നതും ഈ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നതും പരിഗണിച്ചാണിത്.

കമ്പനിയുടെ 67.88 ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണെന്നും വെബ്സൈറ്റിലെ രേഖകൾ വ്യക്തമാക്കുന്നു. ബാക്കി 37.12 ശതമാനം പൊതുനിക്ഷേപകരുടെ പക്കലാണ്. എം.ആർ. നാരായണൻ ആണ് കമ്പനി ചെയർമാൻ. എം.ആർ. സുബ്രഹ്മണ്യൻ മാനേജിങ് ഡയറക്ടറും എം.ആർ. കൃഷ്ണൻ എക്സിക്യുട്ടീവ് ഡയറക്ടറുമാണ്.

English Summary:

Adtech Share in Upper Circuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com