മുൻ ഇന്ത്യൻ താരം സുധീർ നായിക് അന്തരിച്ചു
![sudhir സുധീർ നായിക്](https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2023/4/6/sudhir.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുധീർ നായിക് (78) അന്തരിച്ചു. കുളിമുറിയിൽ വീണ് തലയ്ക്കു ക്ഷതമേറ്റ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 3 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ഓപ്പണറായ സുധീർ നായിക് പിന്നീട് ഇന്ത്യൻ പേസർ സഹീർ ഖാന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ പരിശീലകനുമായി.
1974ൽ ഇംഗ്ലണ്ടിനെതിരെ ബർമിങ്ങാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സുധീർ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി (77) നേടി. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 7 സെഞ്ചറിയും ഒരു ഇരട്ട സെഞ്ചറിയുമടക്കം 4376 റൺസ് നേടിയ സുധീർ നായിക് ക്യാപ്റ്റനെന്ന നിലയിൽ മുംബൈയെ രഞ്ജി ട്രോഫി കിരീടത്തിലേക്കു നയിച്ചു. വിരമിച്ചതിനു ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ, വാങ്കഡെ സ്റ്റേഡിയം ക്യുറേറ്റർ എന്നീ പദവികളും വഹിച്ചു.
English Summary: Former Indian cricketer Sudhir Naik passed away