ADVERTISEMENT

പെർത്ത് ∙ ചൂടുവെള്ളത്തിൽ വീണ പൂച്ച, പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറയുന്നതുപോലെയാണ് പെർത്തിലെ ഒപ്റ്റസ് സ്റ്റേഡ‍ിയത്തിലെ പിച്ചിൽ നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങളുടെ അവസ്ഥ. പരുക്കേറ്റതിനാൽ കളിക്കുമോയെന്ന് ഉറപ്പില്ലാത്ത ശുഭ്മൻ ഗിൽ മുതൽ ടീമിൽ സ്ഥാനമുറപ്പില്ലാത്ത യുവ പേസർമാർ വരെ പിച്ചിനെ കാര്യമായി പഠിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. പച്ചവെള്ളം പോലെ പരിചിതമെന്നു കരുതിയ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡ‍ിയത്തിൽ ഒരു മാസം മുൻപ് ന്യൂസീലൻഡ് പേസർമാർക്ക് മുൻപിൽ 46 റൺസിന് ഓൾഔട്ടായതിന്റെ നടുക്കം ഇന്ത്യൻ ടീമിനെ ഇതുവരെ വിട്ടുമാറിയിട്ടില്ല. ആ സംഘം പെർത്തിലെ പച്ചപൊതിഞ്ഞ പിച്ചിനെ പേടിക്കുന്നതിൽ അദ്ഭുതമില്ല. ഇന്ത്യ– ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കുമ്പോൾ പെർത്തിലെ പിച്ചിന്റെ സ്വഭാവവും മത്സരഫലത്തിൽ നിർണായകമാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ. രാവിലെ 7.50ന് ആരംഭിക്കുന്ന ടെസ്റ്റ് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.

ഡ്രോപ് ഇൻ പിച്ച്

ഈ വർഷത്തെ ട്വന്റി20 ലോകകപ്പിലൂടെ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയമായ ‘‍ഡ്രോപ് ഇൻ പിച്ചുകളാണ്’ ഒപ്റ്റസ് സ്റ്റേഡിയത്തിലുമുള്ളത്. ഫുട്ബോൾ, റഗ്ബി എന്നിങ്ങനെ മറ്റു മത്സരങ്ങൾക്കും ഉപയോഗിക്കുന്ന സ്റ്റേഡിയമെന്നതിനാലാണ് ഇവിടെ ഡ്രോപ് ഇൻ പിച്ചുകൾ പരീക്ഷിക്കാൻ കാരണം. എന്നാൽ യുഎസ്എയിൽ ഉപയോഗിച്ചതുപോലെ മറ്റൊരു രാജ്യത്ത് ഒരുക്കിയ പിച്ചുകളല്ല ഇത്. പെർത്തിൽ തന്നെ മറ്റൊരു സ്ഥലത്ത് നിർമിച്ച്, പരിപാലിച്ച പിച്ച് മത്സരത്തിന് ഒരുമാസം മുൻപ് സ്റ്റേഡിയത്തിൽ സ്ഥാപിക്കുകയാണ്. ഒരുക്കിയതും വളർത്തിയതും ഒരേ സാഹചര്യത്തിലായതിനാൽ പിച്ചിനു സ്വഭാവ മാറ്റമുണ്ടാകില്ല. പെർത്തിലെ പിച്ച് പേസ് ബോളർമാരെ തുണയ്ക്കുമെന്ന് ക്യുറേറ്റർ ഐസക് മക്‌ഡോണൾഡ് പറയുന്നു.

പെർത്തിലെ പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ താരങ്ങൾ.
പെർത്തിലെ പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ഓസീസിന്റെ ഭാഗ്യവേദി

ഇതുവരെ 4 രാജ്യാന്തര ടെസ്റ്റ് മത്സരങ്ങൾ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. 4 മത്സരങ്ങളിലും ടോസ് നേടിയ ആതിഥേയരായ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. നാലിലും അവർ അനായാസം ജയിച്ചു. 2018ലെ ഓസ്ട്രേലിയ– ഇന്ത്യ മത്സരത്തിലൂടെയായിരുന്നു ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. അന്ന് ഓസീസ് വിജയം 146 റൺസിന്. കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന അവസാന മത്സരത്തിൽ ഓസ്ട്രേലിയ പാക്കിസ്ഥാനെ കീഴടക്കിയത് 360 റൺസിന്. പെർത്തിൽ 3 സെഞ്ചറികൾ കുറിച്ചിട്ടുള്ള ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്ന്റെ ബാറ്റിങ് ശരാശരി 100 റൺസിന് മുകളിലാണ്.

ബാറ്റിങ്, പിന്നെ ബോളിങ്

പെർത്തിലെ കഴിഞ്ഞ 4 മത്സരങ്ങളിലും ആദ്യ 2 ദിവസങ്ങളിൽ ഓസ്ട്രേലിയൻ ബാറ്റർമാരുടെ മേധാവിത്വമാണ് കണ്ടത്. പിന്നീട് ബോളർമാർ ആധിപത്യം നേടും. 457 റൺസാണ് ഒന്നാം ഇന്നിങ്സിലെ ഇവിടുത്തെ ശരാശരി ടീം സ്കോറെങ്കിൽ രണ്ടാം ഇന്നിങ്സിൽ അത് 251 ആണ്. പെർത്തിൽ ഒന്നാം ദിനത്തിൽ ഇതുവരെ 6 വിക്കറ്റുകളിൽ കൂടുതൽ നേടാൻ എതിർ ടീം ബോളർമാർക്കു കഴിഞ്ഞിട്ടുമില്ല. മിച്ചൽ മാർഷ് (23 വിക്കറ്റ്), പാറ്റ് കമിൻസ് (12 വിക്കറ്റ്), ജോഷ് ഹേസിൽവുഡ് (11) എന്നീ ഓസീസ് പേസർമാർക്ക് ഇവിടെ മികച്ച റെക്കോർഡാണ്.

പെർത്തിലെ ലയൺ!

ഒപ്റ്റസ് സ്റ്റേ‍ഡിയം പേസ് ബോളർമാരുടെ മാത്രം പറുദീസയാണെന്ന കണക്കുകൂട്ടലുകൾക്ക് അപവാദമാണ് ഓസീസ് സ്പിന്നർ നേഥൻ ലയണിന്റെ റെക്കോർഡുകൾ. മറ്റെല്ലാ സ്പിന്നർമാരും നിറംമങ്ങിയ ഇവിടെ ലയൺ മാത്രം മികച്ചുനിന്നു. 18 റൺസ് ബോളിങ് ശരാശരിയിൽ ലയൺ 27 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ മറ്റ് സ്പിന്നർമാരെല്ലാം ചേർന്നു നേടിയത് 10 വിക്കറ്റുകൾ. 2018ലെ മത്സരത്തിൽ ഇവിടെ ഇന്ത്യയെ തകർത്തത് ആദ്യ ഇന്നിങ്സിൽ അ‍‍‍ഞ്ചും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റ് നേടിയ ലയൺ തന്നെ.

∙ കഴിഞ്ഞ 4 ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരകളും ജയിച്ചത് ഇന്ത്യ

∙ 2017, 2023 (വേദി ഇന്ത്യ), 2018–19, 2020–21 (വേദി: ഓസ്ട്രേലിയ).

∙ ടെസ്റ്റിൽ പേസ് ബോളർമാർ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരാകുന്നത് 25 വർഷത്തിനിടെ ഇത് 4–ാം തവണ. ബോ‍ർഡർ ഗാവസ്കർ ട്രോഫിയിൽ ആദ്യം.

∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്താൻ പരമ്പരയിലെ 4 മത്സരങ്ങൾ ഇന്ത്യ ജയിക്കണം. അല്ലാത്തപക്ഷം മറ്റു ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിക്കണം.

∙ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമംഗങ്ങളിൽ ഓസ്ട്രേലിയയിൽ പത്തിലേറെ ടെസ്റ്റ് ഇന്നിങ്സുകൾ കളിച്ചത് വിരാട് കോലി (25), ആർ.അശ്വിൻ (19), ഋഷഭ് പന്ത് (12) എന്നിവർ മാത്രം

∙ ഒരു പതിറ്റാണ്ടിനിടെ ഓസ്ട്രേലിയയിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ചതിന്റെ റെക്കോർഡ‍് ഇന്ത്യൻ ടീമിന് (4 ജയം)

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോലി. മത്സരത്തിൽ അദ്ദേഹത്തിന് പ്രത്യേക നിർദേശങ്ങൾ നൽകേണ്ട കാര്യമില്ല. കോലി ക്യാപ്റ്റനായിരിക്കെയാണ് ടെസ്റ്റ് ടീമിൽ എന്റെ അരങ്ങേറ്റം. ഇപ്പോഴും ടീമിന്റെ ലീഡർമാരിൽ ഒരാളാണ് അദ്ദേഹം. തന്റെ കഴിവിലുള്ള ആത്മവിശ്വാസവും മത്സരത്തിലെ ആത്മസമർപ്പണവുമാണ് കോലിയെ വ്യത്യസ്തനാക്കുന്നത്.

English Summary:

India-Australia first test match today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com