അതെങ്ങനെ ഗോളാകും!: യോഗ്യതാ മത്സരത്തിലെ വിവാദ ഗോൾ; പരാതി നൽകി ഇന്ത്യ

Mail This Article
ന്യൂഡൽഹി ∙ ഖത്തറിനെതിരായ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ വഴങ്ങിയ വിവാദ ഗോളിൽ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഫിഫയ്ക്കും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) പരാതി നൽകി. മത്സരത്തിലെ തെറ്റായ റഫറീയിങ്ങിലൂടെ ഇന്ത്യ അനീതി നേരിട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് എഐഎഫ്എഫ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ചുമതലയുള്ള ഫിഫ പ്രതിനിധിക്കും എഎഫ്സിയുടെ റഫറീയിങ് വിഭാഗം തലവനും മാച്ച് കമ്മിഷണർക്കും കത്തയച്ചത്. മത്സരഫലം അംഗീകരിക്കുന്നതോടൊപ്പം തന്നെ സ്പോർട്ടിങ് തലത്തിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിനുള്ള സാധ്യത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.
ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 73–ാം മിനിറ്റിൽ പോസ്റ്റിനരികെ പുറത്തേക്കു പോയ പന്ത് വലിച്ചെടുത്താണ് ഖത്തർ ലക്ഷ്യം കണ്ടത്. 85–ാം മിനിറ്റിൽ മറ്റൊരു ഗോളും വഴങ്ങിയതോടെ ഇന്ത്യ 2–1നു തോറ്റു. ഇതോടെ ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലെത്താനാവാതെ പോയ ഇന്ത്യയ്ക്ക് അടുത്ത ഏഷ്യൻ കപ്പിന് നേരിട്ടുള്ള യോഗ്യതയും ലഭിച്ചില്ല. 37–ാം മിനിറ്റിൽ ലാലിയൻസുവാല ഛാങ്തെ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ഇന്ത്യ 1–0നു മുന്നിലായിരുന്നു.