ADVERTISEMENT

പാരിസ് ∙ ഒളിംപിക് പുരുഷ ടെന്നിസ് സിംഗിൾസ് രണ്ടാം റൗണ്ടിൽ റാഫേൽ നദാൽ–നൊവാക് ജോക്കോവിച്ച് സൂപ്പർ പോരാട്ടം. ഇന്നലെ ആദ്യ റൗണ്ട‌ിൽ സ്പെയിൻ താരം നദാൽ ഹംഗറിയുടെ മാർ‌ട്ടൻ ഫുചോവിറ്റ്സിനെ തോൽപിച്ചു. 

മൂന്നു സെറ്റ് നീണ്ട പോരാ‌ട്ടത്തിലാണ് നദാലിന്റെ ജയം (6–1,4–6,6–4). സെർബിയൻ താരം ജോക്കോവിച്ച് കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനെ രണ്ടു സെറ്റിൽ തകർത്തു വിട്ടിരുന്നു (6–0,6–1). റൊളാങ് ഗാരോസിൽ ഇന്നും നാളയുമായിട്ടാണ് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ട് മത്സരങ്ങൾ. നദാലും ജോക്കോവിച്ചും തമ്മിലുള്ള 60–ാം മത്സരം കൂടിയാണിത്. 30–29 എന്ന നിലയിൽ ഇപ്പോൾ ജോക്കോവിച്ചാണ് ഒരു പടി മുന്നിൽ. ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളിലും ജോക്കോവിച്ച് (24) തന്നെ മുന്നിൽ. നദാലിന് 22 കിരീട‌ങ്ങളാണുള്ളത്. 

14 വ‌ട്ടം താൻ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയ റൊളാങ് ഗാരോസിൽ ഒളിംപിക് സിംഗിൾസിലും മത്സരിക്കാമെന്ന് അവസാന നിമിഷമാണ് മുപ്പത്തിയെട്ടുകാരനായ നദാൽ തീരുമാനമെടുത്തത്. പുരുഷ ഡബിൾസിൽ നദാലും വിമ്പിൾഡൻ ചാംപ്യൻ കാർലോസ് അൽകാരസും ചേർന്ന് ശനിയാഴ്ച ആദ്യ റൗണ്ട് മത്സരം ജയിച്ചിരുന്നു. അർജന്റീനയുടെ മാക്സിമോ ഗോൺസാലസ്– ആന്ദ്രെ മോൾട്ടേനി സഖ്യത്തെയാണ് ഇരുവരും തോൽപിച്ചത് (7–6,6–4). ആ മത്സരം കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപാണ് സിംഗിൾസ് മത്സരത്തിനായി നദാൽ വീണ്ടും കോർട്ടിലിറങ്ങിയത്. 

നിലവിൽ ലോക റാങ്കിങ്ങിൽ 83–ാം സ്ഥാനത്തുള്ള ഫുചോവിറ്റ്സിനെ ആദ്യ സെറ്റിൽ നിഷ്പ്രഭനാക്കിയ നദാൽ മത്സരം അനായാസം ജയിക്കുമെന്നു തോന്നിച്ചെങ്കിലും രണ്ടാം സെറ്റിൽ ഹംഗറി താരം തിരിച്ചടിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ നേരിയ മുൻതൂക്കം നിലനിർത്തിയ നദാൽ അവസാനം വരെ അതു കൈവിട്ടില്ല. 2008 ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണം നേടിയ നദാൽ 2016 റിയോയിൽ മാർക് ലോപസിനൊപ്പം ഡബിൾസ് സ്വർണവും സ്വന്തമാക്കിയിരുന്നു. 2008ൽ നേടിയ വെങ്കല മെഡൽ ആണ് ഒളിംപിക്സിൽ ജോക്കോവിച്ചിന്റെ ഒരേയൊരു മെഡൽ നേട്ടം. 

ബോക്സിങ്ങിൽ ഞെട്ടൽ 

ബോക്സിങ്ങിൽ പുരുഷൻമാരുട‌െ ഹെവിവെയ്റ്റ് വിഭാഗത്തിൽ ക്യൂബയുടെ ഡബിൾ ഒളിംപിക് ചാംപ്യൻ ജൂലിയോ സെസാർ ലാ ക്രൂസ് ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായി. അസർബെയ്ജാന്റെ ലൊറൻ അൽഫോൺസോയാണ് ലാ ക്രൂസിനെ അട്ടിമറിച്ചത്. 2016 റിയോ ഒളിംപിക്സിൽ ലൈറ്റ് ഹെവിവെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയ ലാ ക്രൂസ് ‌ടോക്കിയോയിൽ ഹെവിവെയ്റ്റ് വിഭാഗത്തിലും ജേതാവായിരുന്നു. 

ജിംനാസ്റ്റിക്സിൽ ഇട‌തുകാലിലെ വേദന വകവയ്ക്കാതെ മികച്ച പ്രകടനം ന‌ടത്തിയ അമേരിക്കൻ താരം സിമോൺ ബൈൽസ് യോഗ്യതാ റൗണ്ടിൽ യുഎസിനെ മുന്നിലെത്തിച്ചു. ഫ്ലോർ, വോൾട്ട് ഇനങ്ങളിൽ ടോപ് സ്കോർ നേടിയ ഇരുപത്തിയേഴുകാരി ബൈൽസ് ഓൾറൗണ്ട് ഫൈനലിന് ഒന്നാമതായി തന്നെ യോഗ്യത നേടി. 

English Summary:

Rafael Nadal vs Novak Djokovic at Roland Garros/Paris Olympics 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com