ട്രൂലി ട്രെഡീഷനൽ മിസ് മലബാർ 2022; റോസ്മിന്‍ തടത്തിൽ ജേതാവ്
Mail This Article
ട്രൂലി ട്രെഡീഷനൽ മിസ് മലബാർ 2022 ബ്യൂട്ടി പേജന്റിൽ കിരീടം ചൂടി കോഴിക്കോട് ഫറോഖ് സ്വദേശിനി റോസ്‌മിൻ തടത്തിൽ. ഒക്ടോബർ 3,4,5 തീയതികളില്‍ അത്തോളി ലക്ഷ്മോർ കൺവെൻഷൻ സെന്ററിലായിരുന്നു ഗ്രാന്റ് ഫിനാലെ. മത്സരാർഥികളുടെ വ്യക്തിത്വം, ആത്മവിശ്വാസം, ബുദ്ധി, കാര്യശേഷി എന്നിവയുൾപ്പെടെ വിലയിരുത്തുന്ന മൂന്നു റൗണ്ടുകളായാണു മത്സരം. ലാവണ്യ, ഐശ്വര്യ, നീലിമ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി.
കോവിഡ് വ്യാപനത്തെ തുടർന്ന് നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പേജന്റ് സംഘടിപ്പിച്ചത്. പേജന്റിന്റെ 2018ലെ ജേതാവ് അഖില മോഹൻ, സെലിബ്രിറ്റി ഫൊട്ടോഗ്രഫർ റെജി ഭാസ്ക്കർ, സരിത രവീന്ദ്രനാഥ് എന്നിവരായിരുന്നു വിധികർത്താക്കള്‍. 17 മത്സരാർഥികൾ. ഇവർക്ക് ഡാലു കൃഷ്ണദാസ്, ദേവപ്രിയ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂമിങ് നൽകി. ശ്രീകുമാറാണ് ഷോ ഡയറക്ടർ.
മോഡലിങ്ങിൽ സജീവമാണെങ്കിലും ആദ്യമായാണു റോസ്മിൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. ടാലന്റ് റൗണ്ടിൽ മോണോ ആക്ടാണ് അവതരിപ്പിച്ചത്. ഇതിലൂടെ മിസ് ടാലന്റ് സബ്ടൈറ്റിലും നേടി. ‘‘ആദ്യ പേജന്റിൽ തന്നെ വിജയിക്കാനായത് ഇരട്ടി സന്തോഷം നൽകുന്നു. മികച്ച സൗഹൃദാന്തരീക്ഷമാണ് മത്സരത്തിൽ ഉടനീളം നിലനിന്നത്. ഒന്നിനൊന്നു മികച്ചവരായിരുന്നു ഓരോ മത്സരാർഥിയും. ഞങ്ങൾക്ക് ലഭിച്ച ഗ്രൂമിങ്ങും എടുത്തു പറയേണ്ടതാണ്. ഷോയിൽ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി’’– റോസ്മിൻ പറഞ്ഞു.
കെഎസ്ഇബിയിൽ സബ് എൻജിനീയറായ സജിത്ത് കുമാർ–ബിജിലി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്‌മിൻ. സിനിമയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് ആയാണ് ഈ വിജയത്തെ കാണുന്നത്. ഗുരുവായൂരപ്പൻ കോളജില്‍ നിന്നും ബിഎസ്‌സി മാത‌്‌സിൽ ബിരുദം പൂർത്തിയാക്കിയ റോസ്മിൻ ഇപ്പോൾ ബിരുദാനന്തരബിരുദത്തിനുള്ള തയാറെടുപ്പിലാണ്.