കേരള കൈത്തറി ഓസ്കർ വേദിയിലെത്തിച്ച് പ്രാണ; അനന്യയുടെ നെറ്റിച്ചുട്ടിയിലും ‘ട്വിസ്റ്റ്’: കോണ്ടമ്പററി സ്റ്റൈലിനെ കുറിച്ച് പൂർണിമ

Mail This Article
ഓസ്കറിന്റെ റെഡ് കാർപ്പറ്റിൽ ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് എത്തിയത് ഓഫ് വൈറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചായിരുന്നു. ലാളിത്യവും സ്റ്റൈലും സമന്വയിച്ച ആ ലുക്കിൽ ഫാഷൻ പ്രേമികളുടെ കണ്ണുടക്കി. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആ ലുക്കിനു പിന്നിൽ പ്രവർത്തിച്ചത് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയായിരുന്നു. കേരള കൈത്തറിയിലാണ് പൂർണിമ അനന്യയ്ക്കായി ആ സ്പെഷൽ ഓസ്കർ ഔട്ട്ഫിറ്റ് ഒരുക്കിയത്. ഒരിക്കൽക്കൂടി ഒരു ആഗോളവേദിയിൽ കൈത്തറിയെ ശക്തമായ ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി അവതരിപ്പിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം പൂർണിമ ഇന്ദ്രജിത്ത്. ഓസ്കർ ഔട്ട്ഫിറ്റിന്റെ വിശേഷങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത് മനോരമ ഓൺലൈനിൽ.
ആ സ്പെഷൽ ഔട്ട്ഫിറ്റിനു പിന്നിൽ
അനന്യ ശാൻഭാഗിനു ഓസ്കർ വേദിയിൽ ധരിക്കാനുള്ള വസ്ത്രമാണ് ‘പ്രാണ’ ഡിസൈൻ ചെയ്തത്. പ്രിയങ്ക ചോപ്രയുടെ പിന്തുണയോടെ നിർമിച്ച ‘അനൂജ’ എന്ന ഹ്രസ്വചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് അനന്യ ആയിരുന്നു. ചിത്രത്തിന് ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. ഓസ്കർ ചടങ്ങിൽ അനന്യയ്ക്ക് ധരിക്കാനുള്ള വസ്ത്രം ഡിസൈൻ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ അത് ഏറ്റവും സ്പെഷൽ ആക്കുകയായിരുന്നു പ്രാണയുടെ ലക്ഷ്യം. അനന്യ ഒരു ഭരതനാട്യം ഡാൻസർ ആണ്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിക്കുകയാണ്. എല്ലാവർക്കും ലഭിക്കുന്ന അവസരമല്ല, ഓസ്കർ ചടങ്ങിൽ പങ്കെടുക്കുക എന്നത്. ആ കുട്ടിയുടെ ജീവിതത്തിൽ എക്കാലവും ഓർത്തിരിക്കുന്ന ഒരു ദിവസത്തിൽ അണിയുന്ന വസ്ത്രം അവരെ പ്രതിനിധീകരിക്കുന്നത് കൂടി ആകണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയൊരു സ്റ്റൈലിങ് ആണ് അവർക്കായി തിരഞ്ഞെടുത്തത്.
ലളിതം, സുന്ദരം, സുവ്യക്തം
ഇതിനു മുൻപും ലോകോത്തര വേദികളിൽ പ്രാണയുടെ വസ്ത്രങ്ങൾ അണിഞ്ഞ് താരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാൻസിലും ലോകാർന്നോ ചലച്ചിത്രമേളയിലും ഒക്കെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതെല്ലാം, റെഡിമെയ്ഡ് ആയി ലഭ്യമായ കേരള ഹാൻഡ്‍ലൂമിലാണ് ചെയ്തിട്ടുള്ളത്. അനന്യയ്ക്കു വേണ്ടി എക്സ്ക്ലൂസിവ് ആയി കൈത്തറിയിൽ പ്രത്യേകം നെയ്തെടുത്ത ഫാബ്രിക് വച്ചാണ് ഔട്ട്ഫിറ്റ് ചെയ്തത്. അനന്യ ഒരു നർത്തകി കൂടി ആയതിനാൽ ഈ ഔട്ട്ഫിറ്റിന് നെറ്റിച്ചുട്ടി ആണ് സ്റ്റൈൽ ചെയ്തത്. പ്രശസ്ത ജ്വല്ലറി ഡിസൈനർ കാവ്യ പൊത്‌ലൂരിയാണ് നെറ്റിച്ചുട്ടി ഡിസൈൻ ചെയ്തത്. പരമ്പരാഗത നെറ്റിച്ചുട്ടിക്ക് ചെറിയൊരു ട്വിസ്റ്റ് നൽകി കോണ്ടമ്പററി സ്റ്റൈലിലാണ് അതൊരുക്കിയത്. കയ്യിൽ പിടിച്ച ക്ലച്ചസും ഹാൻഡ്‌ലൂമിൽ തന്നെ ചെയ്തതാണ്.
വേരുറപ്പിക്കുന്ന കൈത്തറി
അനന്യയുടെ ഔട്ട്ഫിറ്റിനും ലുക്കിനും ഗംഭീര അഭിപ്രായം ആയിരുന്നു ലഭിച്ചത്. അത് ഏറെ സന്തോഷം ഉള്ള ഒരു കാര്യമാണ്. എന്റെ വേരുകൾ കേരളമാണ്. കേരള കൈത്തറിയുമായി വളരെ അടുത്ത് വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. നമ്മുടെ വേരുകളെ ഒരു രാജ്യാന്തരവേദിയിൽ എത്തിക്കാൻ കഴിഞ്ഞതിലാണ് വലിയ സന്തോഷം. ഒരു ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം നാം വിശ്വസിക്കുന്ന നമ്മുടെ കൈത്തറിയിൽ നമ്മുടെ ഫിലോസഫിയെ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വേദിയിൽ എത്തിക്കാൻ അവസരം എനിക്ക് അവസരം ലഭിച്ചു. വലിയ സന്തോഷവും അഭിമാനവും അതിലുണ്ട്.