‘ആ ഡോക്ടർ വരുത്തിയ പിഴവ്; അന്ന് സഹായിച്ചത് നവ്യ ചേച്ചി, ചിത്രചേച്ചിയുടെ പാട്ടുകൾ എനിക്ക് ജീവനാണ്, ജീവിതവും’

Mail This Article
‘‘വർഷങ്ങളോളം അനങ്ങാൻ പോലും പറ്റാതെ കിടക്കയിൽ തന്നെ കിടക്കുകയായിരുന്നു. ഒരു പനി ഇങ്ങനെയെൊക്കെ ആകുമെന്ന് അന്ന് കരുതിയതേ ഇല്ല. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നുവരെ തോന്നി. പക്ഷേ, അതിനും ഒരാളുടെ സഹായം വേണ്ടേ. നീറി നീറിയാണ് അന്ന് കഴിഞ്ഞത്. പക്ഷേ, എന്റെ ജീവിതം തിരിച്ചുപിടിക്കാൻ എനിക്ക് കൂട്ടായത് പാട്ടാണ്. പാട്ടിലൂടെ ഞാൻ എന്റെ വേദന മറന്ന് തുടങ്ങി’’.
തിരുവനന്തപുരം ശംഖുമുഖം ബീച്ചിലൂടെ എപ്പോൾ പോയാലും അവിടെയിരുന്നു പാട്ട്പാടുന്ന സൗമ്യയെ കാണാം. മനോഹരമായ അവരുടെ ആ ശബ്ദം കേൾക്കുമ്പോൾ അവർ ഉള്ളിൽ അടക്കിപ്പിടിച്ച വേദനയൊന്നും ആർക്കും മനസ്സിലാകില്ല. 14 വയസ്സ് മുതൽ അനുഭവിച്ച തീരാവേദനയാണ് ഇന്നവർ സന്തോഷത്തോടെ പാടിത്തീർക്കുന്നത്. ചെറുപ്രായത്തിൽ തന്നെ സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന എസ്എൽഇ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു സൗമ്യ. നമ്മുടെ ശരീരത്തിൽ വൈറസ് അടക്കമുള്ള അണുക്കളെ ചെറുക്കാൻ സുസജ്ജമായ രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണിത്. അസുഖം ബാധിച്ച് വർഷങ്ങളോളമാണ് സൗമ്യ കിടപ്പിലായത്. ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമെന്ന് ആരും അന്ന് കരുതിയിരുന്നില്ല. എന്നാൽ ആത്മവിശ്വാസം കൊണ്ട് സൗമ്യ ജീവിതത്തിലേക്ക് കയറിവരുകയാാണ്. ഇന്നും ശരീരം കാർന്നുതിന്നുന്ന അസുഖത്തോട് പൊരുതി വിധിക്ക് മുന്നിൽ തോൽക്കാനില്ലെന്ന് ഉറക്കെ പറയുകയാണ്. ഈ വനിതാദിനത്തിൽ സൗമ്യയുടെ കഥയറിയാം.
3 വർഷം ആശുപത്രിയിൽ, എന്നിട്ടും ഒന്നും അറിഞ്ഞില്ല
14 വയസ്സുവരെ മറ്റെല്ലാവരെയും പോലെയായിരുന്നു സൗമ്യയുടെ ജീവിതവും. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന ആ കൊച്ചുകുടുംബം സന്തോഷത്തോടെ ജീവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സന്തോഷത്തിന് അവിടെ യാതൊരു കുറവും ഉണ്ടായിരുന്നില്ല. ‘‘ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു പനി വരുന്നത്. ആദ്യം സാധാരണ പനിയെന്നാണ് എല്ലാവരും കരുതിയത്. കുറച്ച് ദിവസം കഴിയുമ്പോൾ മാറുമെന്ന് കരുതിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. അങ്ങനെയാണ് ആശുപത്രിയിൽ കാണിക്കുന്നത്. അന്ന് തന്നെ ആശുപത്രിയിൽ അഡ്മിറ്റായി. 3 വര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നിട്ടും എന്റെ അസുഖമെന്താണെന്ന് അവിടെയുള്ള ഡോക്ടർമാർക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
3 വർഷത്തിന് ശേഷമാണ് എനിക്ക് എസ്എൽഇ എന്ന അപൂർവ രേഗമാണെന്ന് മനസ്സിലായത്. ശരീരത്തിൽ നിറ വ്യത്യാസം വരാനാണ് ആദ്യം തുടങ്ങിയത്. ചുവപ്പ്, പച്ച, നീല, അങ്ങനെ നിറം മാറി മാറി ശരീരം മുഴുവൻ കറുപ്പ് നിറത്തിലായി. പിന്നാലെ ശരീരഭാഗങ്ങളിലെല്ലാം അസുഖം ബാധിച്ചു. കാലും കയ്യുമൊന്നും അനക്കാൻ പറ്റാതെയായി. സത്യത്തിൽ ഞാൻ തളർന്നു പോയി. ഇടുപ്പെല്ല് മാറ്റിവെച്ചാൽ നടക്കാൻ പറ്റുമെന്നാണ് ചികിത്സയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞത്. അങ്ങനെ ഞാൻ ഇടപ്പെല്ല് മാറ്റിവെെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 6 മാസത്തോളം വേണ്ടി വന്നു പിന്നെയൊന്ന് എഴുന്നേറ്റ് നടക്കാൻ.
ആശുപത്രിയുടെ ആ പിഴവ് എന്നെ തളർത്തി, ചിത്രാമ്മയാണ് ജീവൻ
സർജറി എനിക്ക് വല്ലാത്ത ദുരന്തമാണ് സമ്മാനിച്ചത്. ഇടത് കാലിനാണ് സർജറി ചെയ്യേണ്ടിയിരുന്നത്. എന്നാൽ അന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വലതുകാലിനാണ് സർജറി ചെയ്തത്. അന്നത്തെ ഡോക്ടർമാർക്ക് പറ്റിയൊരു വലിയ പിഴവായിരുന്നു അത്. പക്ഷേ, അതവർ ആരെയും അറിയിച്ചില്ല. ലോക്കൽ അനസ്തീഷ്യയാണ് എനിക്ക് തന്നത്. അതുകൊണ്ട് അന്നവർ സർജറി ചെയ്ത കാല് മാറിപ്പോയല്ലോ എന്നു പറയുന്നത് ഞാൻ കേട്ടതാണ്. കാല് മാറിയെന്ന് അറിഞ്ഞപ്പോൾ അവർ മറ്റേകാലിലും സർജറി ചെയ്തിരുന്നു. അതുകൊണ്ട് എനിക്ക് ഒട്ടും നടക്കാൻ പറ്റാത്ത അവസ്ഥയായി. രണ്ടുകാലും തളർന്ന് കിടക്കയിൽ തന്നെ കിടക്കേണ്ട അവസ്ഥയിലായിരുന്നു. സർജറി കഴിഞ്ഞ് ഇതൊക്കെ ആരോടെങ്കിലും പറയാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അത്രയും വേദന അന്ന് അനുഭവിച്ചതാണ്.
സർജറിക്ക് ശേഷം എന്റെ വീട്ടിൽ സൗകര്യങ്ങൾ കുറവായതുകൊണ്ട് ഒരു ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. 6 മാസത്തോളം അനങ്ങാൻ പോലും പറ്റാതെ കിടക്കയിൽ തന്നെ കിടന്നു. എനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടമായതുകൊണ്ട് അവിടെയുള്ള മാമി എപ്പോഴും ഉച്ചത്തിൽ പാട്ട് വയ്ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ മാമി ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന പാട്ട് ഉറക്കെ വച്ചു. അതുവരെ അനങ്ങാതിരുന്ന എന്റെ കാല് അന്ന് ആ പാട്ട് കേട്ടപ്പോഴാണ് അനങ്ങിയത്. കൃഷ്ണനെയും ചിത്രചേച്ചിയെയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. അവർ രണ്ടുപേരും ഉള്ള പാട്ടായതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതുന്നത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹമാണ് പറഞ്ഞത് ഇനി പാട്ട് ഒരുപാട് കേൾക്കണം എന്നൊക്കെ. അന്നാണ് എന്റെയുള്ളിൽ പാട്ട് ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അന്നുമുതൽ ഞാൻ പാടാൻ തുടങ്ങി. ആറ്റുകാൽ ദേവിയുടെ മുന്നിൽ വീൽചെയറിലിരുന്നാണ് ആദ്യത്തെ പാട്ട് പാടിയത്.
പലതും ചെയ്തു, അവസാനം ഗായികയായി
ചെറുതായി കാലനക്കാനൊക്കെ പറ്റിയെങ്കിലും എവിടേക്കും എഴുന്നേറ്റ് പോകാനോ ഒന്നും ചെയ്യാനോ കഴിഞ്ഞിരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ട് വീട്ടുകാരെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് തുണിക്കച്ചവടം തുടങ്ങിയത്. എന്നാൽ അപ്പോഴേക്കും കോവിഡ് വന്നതോടെ ആളുകൾ പുതിയ വസ്ത്രമൊക്കെ വാങ്ങാതെയായി. പിന്നാലെ ഒരു പലചരക്ക് കട തുടങ്ങാമെന്ന് കരുതി. അങ്ങനെ അതിനുള്ള സാധനങ്ങളൊക്കെ വാങ്ങി. സാധനം സൂക്ഷിക്കാനൊന്നും ഇടം ഇല്ലാത്തതുകൊണ്ട് അതും ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ മീൻ കച്ചവടം തുടങ്ങി. വിഴിഞ്ഞത്ത് പോയി മീൻ ആരെങ്കിലും വാങ്ങും. ഇരുന്നുകൊണ്ട് തന്നെ ഞാനത് വൃത്തിയാക്കി കൊടുക്കും. പിന്നെ അച്ഛനും അമ്മയും ചേർന്ന് അത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. എന്നാൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് തന്നെ മീനിന്റെ വെള്ളം കയ്യിൽ എപ്പോഴും ആയത് വലിയ ബുദ്ധിമുട്ടായി. കൈ ദ്രവിക്കാൻ തുടങ്ങി. അങ്ങനെ ആ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.
ആ സമയത്താണ് സിനിമാതാരം നവ്യ നായർ എന്റെ ദുരവസ്ഥയെ കുറിച്ച് അറിയുന്നത്. സർജറി നടത്താനും മരുന്നുകളും മറ്റും വാങ്ങാനുമാണ് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് അറിഞ്ഞപ്പോൾ നവ്യ ചേച്ചി കുറച്ച് പണം തന്ന് സഹായിച്ചിരുന്നു. അതതുകൊണ്ടാണ് എന്റെ ഒരു സർജറി നടത്തിയത്.
8 സർജറി, ദേഹം മുഴുവൻ മുറിവ്, വേദന സഹിക്കാനാകില്ല
ശരീരത്തിൽ പലയിടങ്ങളിൽ എനിക്ക് പ്രശ്നങ്ങളുണ്ട്. തല മുതൽ കാല് വരെ പല മുറിവുകളുണ്ട്. 8 സർജറിയാണ് ഇതുവരെ നടത്തിയത്. പലപ്പോഴും മരിച്ചുപോകുന്ന പോലത്തെ വേദനയാണ്. പക്ഷേ, അതും കരുതി ഒന്നും ചെയ്യാതിരിക്കാനാകില്ലല്ലോ. ഓരോ ദിവസവും വേദന മാറണമെങ്കിൽ വേദന സംഹാരി കഴിക്കണം. കഴിച്ച് കഴിച്ച് അതൊക്കെ ശരീരത്തിൽ ഏൽക്കാത്ത അവസ്ഥയായി. അതുമാത്രമല്ല, ഒരുപാട് ഗുളിക കഴിച്ച് തലയോട്ടിൽ നിന്നുവരെ രക്തം വരാൻ തുടങ്ങി. ഇപ്പോഴും വേദനയ്ക്ക് ഒരു കുറവുമില്ല. ഇനിയും എന്തെങ്കിലും അനുഭവിക്കാൻ ഉണ്ടോ എന്നറിയില്ല. ഒരു 80 വയസ്സ് വരെ ജീവിക്കുന്ന ഒരാൾ അനുഭവിക്കാൻ സാധ്യതയുള്ള വേദന മുഴുവൻ അനുഭവിച്ചു. ശാരീരികം മാത്രമല്ല, പണത്തിനായി കല്യാണം കഴിച്ച് ഉപേക്ഷിച്ച് പോയ ഭർത്താവ് അടക്കം മാനസികമായ വേദനയും എനിക്ക് ഉണ്ട്. പക്ഷേ, ഇപ്പോൾ വേദനയല്ല, ഒരുതരം മരവിപ്പാണെനിക്ക്. എത്ര വേദന വന്നാലും ചിരിച്ചോണ്ടിരിക്കും.
മനം നിറച്ച് പാടും, പാട്ടാണ് എന്റെ മരുന്ന്
പലപ്പോഴും ഈ അസുഖം എനിക്ക് ഭാഗ്യമാണെന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ഞാൻ ഏറെ സ്നേഹിക്കുന്ന പാട്ട് എന്റെ ഉള്ളിൽ തന്നെയുണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ഈ അസുഖമാണ്. പക്ഷേ, വലിയൊരു പാട്ടുകാരിയാകണമെന്നതിൽ നിന്ന് എന്നെ പലപ്പോഴും പിന്നോട്ട് വലിക്കുന്നതും ഇതേ അസുഖമാണ്. ശരിയായ രീതിയിൽ എഴുന്നേറ്റ് നടക്കാൻ പറ്റാത്തതുകൊണ്ട് എന്തെങ്കിലും ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്നന്വേഷിച്ച് ഞാൻ പല മന്ത്രിമാരെയും കണ്ടിരുന്നു. എന്നാൽ അതിലൊന്നും തീരുമാനമായില്ല. പക്ഷേ, എനിക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യാമെന്ന് അവർ പറഞ്ഞിരുന്നു. അങ്ങനെയാണ് ശംഖുമുഖം കടപ്പുറത്ത് പാട്ട് പാടി വരുമാനം കണ്ടെത്താനുള്ള സൗകര്യം ഒരുക്കി തരണമെന്ന് അവരോട് അഭ്യർഥിച്ചത്. അതിനുള്ള സഹായം കിട്ടിയതിന് പിന്നാലെയാണ് ഞാൻ എന്റെ പാട്ടുമായി ശംഖുമുഖത്ത് എത്തിയത്.
12 മണിക്കൂറൊക്കെയാണ് ഞാൻ ശംഖുമുഖത്ത് നിർത്താതെ പാട്ടുപാടാറുള്ളത്. ചില സമയങ്ങളിൽ ചില സ്റ്റേജ് പരിപാടികൾക്കും പോകും. പാട്ട് ഇന്നന്റെ ജീവനാണ്. പാട്ട് പാടുമ്പോൾ ഞാൻ എല്ലാം മറക്കും. ഏതാണ്ട് 4000 രൂപയുടെ മരുന്ന് വേണം ഒരു ദിവസം കഴിക്കാൻ. അതിനുള്ളതൊന്നും തെരുവിൽ പാട്ട് പാടിയിട്ട് കിട്ടുന്നില്ല. പക്ഷേ, എന്നാലും മനസ്സ് നിറഞ്ഞ് സന്തോഷിക്കാൻ ഇപ്പോൾ പറ്റുന്നുണ്ട്. പാട്ട് കേട്ട് കൊള്ളാമെന്ന് പലരും വന്ന് പറയുമ്പോൾ മനസ്സും കണ്ണും നിറയാറുണ്ട്. എന്റെ ഉള്ളിലെ വേദന മുഴുവൻ അത് അലിയിച്ച് ഇല്ലാതാക്കാറുണ്ട്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതെ ആത്മഹത്യ ചെയ്യാമെന്ന് തോന്നിയ എന്നെ ഇന്ന് മുന്നോട്ട് നയിക്കുന്നത് പാട്ട് മാത്രമാണ്. അന്ന് ചിത്രചേച്ചി പാടിയ ആ പാട്ടാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. കാർമുകിൽ വർണന്റെ ചുണ്ടിൽ...സൗമ്യ പറഞ്ഞു നിർത്തി.