ADVERTISEMENT

വ്യാവസായിക വിപ്ലവത്തിന്‌റെ നാലാംഘട്ടത്തിലേക്കു കടന്ന് കുതിക്കുന്ന ലോകത്തിന്‌റെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ഊർജമേഖല. പരമ്പരാഗത ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള കാർബൺ വികിരണം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൂടുതൽ മികവേറിയ ഇന്ധനങ്ങൾക്കായുള്ള തിരച്ചിലിന് തുടക്കമിട്ടിട്ട് കാലമേറെയായി. ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് ഹൈഡ്രജൻ.

പ്രായോഗികമായി നടപ്പാക്കാനായാൽ മികവുറ്റതും മലിനീകരണത്തോത് തീരെയില്ലാത്തതുമായ ഒരിന്ധനമാണ് ഹൈഡ്രജൻ. വ്യവസായങ്ങളിൽ മാത്രമല്ല ഗതാഗതമേഖലയിലും ഹൈഡ്രജൻ ഇന്ധനം ഏറെ പ്രതീക്ഷ നൽകുന്നു. വരുംകാലത്ത് നമ്മുടെ ആകാശങ്ങൾ ഭരിക്കുന്നത് ഹൈഡ്രജൻ വിമാനങ്ങളാകുമോയെന്നും ചർച്ചകളുണ്ട്. ഇപ്പോഴിതാ സിറിയസ് ജെറ്റ് എന്നു പേരുള്ള ലോകത്തെ ആദ്യ ഹൈഡ്രജൻ അധിഷ്ഠിത വെർട്ടിക്കൽ ടേക്ക് ഓഫ് വിമാനം പുറത്തിറക്കിയിരിക്കുകയാണ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള സിറിയസ് ഏവിയേഷൻ ലിമിറ്റഡ്.

ഡിസൈൻ വർക്‌സ്, സ്‌റ്റോബർ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്ന ഈ വിമാനം എയർപ്ലേനുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും പറക്കൽ രീതികൾ സന്നിവേശിപ്പിച്ചിരിക്കുന്നു.വികിരണം തീരെയില്ലാത്ത ഈ വിമാനം മുപ്പതിനായിരം അടി വരെ ഉയരത്തിൽ പറക്കും. മണിക്കൂറിൽ 323 മൈൽ വേഗത്തിൽ പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. 3 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ വിമാനം തീരെച്ചെറിയ തോതിലുള്ള ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുക.

1957ൽ തന്നെ ഹൈഡ്രജൻ വിമാനങ്ങളുടെ പരീക്ഷണം തുടങ്ങിയിരുന്നു. 1988 ഏപ്രിൽ 15ന് ആദ്യമായി പൂർണമായും ഹൈഡ്രജൻ ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ നടന്നു. ഇത്തരത്തിലുള്ള ധാരാളം പദ്ധതികൾ പണിപ്പുരയിൽ വികസിക്കുകയാണ്. ഈ വർഷം ഇത്തരം വിമാനങ്ങളിൽ ചിലതൊക്കെ രംഗത്തിറങ്ങും എന്നാണു പ്രതീക്ഷ. ജാപ്പനീസ് എയർലൈൻസ് പോലുള്ള വിമാനക്കമ്പനികളും ഹൈഡ്രജൻ വിമാനങ്ങൾ പരിഗണിച്ചുവരികയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com