ADVERTISEMENT

ആരോഗ്യ പരിപാലന മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടെക്‌നോളജി ഭീമന്‍ ആപ്പിള്‍. നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ആരോഗ്യ പരിപാല പരിശീലനം ഉൾപ്പെടെയായിരിക്കും കമ്പനി നല്‍കാന്‍ ശ്രമിക്കുക.'ഹെല്‍ത്ത്' ആപ്പിലേക്ക് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കും. 

വരുന്നു പ്രൊജക്ട് മള്‍ബറി

പുതിയ ഹെല്‍ത്ത് ഫീച്ചറുകള്‍ ഇപ്പോള്‍ കമ്പനിക്കുള്ളില്‍ വികസിപ്പിച്ചുവരുന്നത് 'പ്രൊജക്ട് മള്‍ബറി' എന്ന പേരിലാണ്. ഇതിപ്പോള്‍ പരീക്ഷണ ഘട്ടത്തിലേക്ക് എത്തി. ആരോഗ്യം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ഉപകരണ ഉടമകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനുള്ള ശേഷിയടക്കം എഐ ശക്തിപകരുന്ന വെര്‍ച്വല്‍ ''ഡോക്ടര്‍''ക്ക് ഉണ്ടായേക്കും. 

ഇപ്പോള്‍ തന്നെ, ആപ്പിള്‍ വാച്ച് പോലെയുള്ള ഉപകരണങ്ങള്‍ക്ക് അവ അണിയുന്ന ആളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ്, വ്യായാമം നടത്തി എരിയിച്ച കലോറിയുടെ അളവ് തുടങ്ങിയവ ശേഖരിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍, ഇത്  പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 

ആപ്പിള്‍ ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന പുതിയ ഹെല്‍ത്ത് ആപ്പിന് ഈ ഡേറ്റ പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ സാധിച്ചേക്കും. ഇതിനായി ഒരു എഐ ഏജന്റ്, അല്ലെങ്കില്‍ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ പ്രയോജനപ്പെടുത്തും. ഈ പുതിയ സേവനത്തിന് ഹെല്‍ത്ത് പ്ലസ് (Health+) എന്ന പേരു നല്‍കാനുള്ള സാധ്യതയുണ്ടെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ പറയുന്നു.

apple-logo - 1

പുതിയ ആപ് ഉപയോഗസജ്ജമായി കഴിഞ്ഞാല്‍ അതിലെ എഐ 'ഡോക്ടര്‍'ക്ക് ഒരാളുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച ഡേറ്റയുടെ അടിസ്ഥാനത്തില്‍ വൈദ്യോപദേശം നല്‍കാന്‍ സാധിച്ചേക്കും. കഴിക്കുന്ന ഭക്ഷണമടക്കം ട്രാക്ക് ചെയ്യാനും വേണ്ട ക്രമീകരണങ്ങള്‍ പറഞ്ഞു തരാനും ആപ്പിന് സാധിക്കുമെന്നാണ് പ്രതീക്ഷ. 

നിലവില്‍ ആപ്പിളിന്റെ ഫിസിഷ്യന്‍സ് എഐ ഡോക്ടര്‍ക്ക് ഡേറ്റാ വിശകലനം ചെയ്യാനുള്ള പരീശീലനം നല്‍കിവരികയാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ഓഫിസിലെത്തിച്ച് ആരോഗ്യ പരിപാലന വിഡിയോകളില്‍ നിന്നുള്ള ഡേറ്റ കൂടെ ഉള്‍പ്പെടുത്തി പരിശീലനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചേക്കും.

ആരോഗ്യ പരിപാലനത്തിന് ടിം കുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ശക്തമായ പരിഗണനയാണ് നല്‍കിവരുന്നത്. ആപ്പിള്‍ വാച്ച് മികച്ച ഒരു ഹെല്‍ത്ത് ട്രാക്കര്‍ ആണ്. അടുത്തിടെ ആപ്പിള്‍ വില്‍പ്പനയ്ക്ക് എത്തിച്ച പവര്‍ബീറ്റ്‌സ് പ്രോ 2 ഇയര്‍ഫോണിലും ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍ ഉണ്ട്. 

ഇനി ഇറക്കാന്‍ പോകുന്ന എയര്‍പോഡ്‌സ്, എയര്‍പോഡ്‌സ് പ്രോ ഇയര്‍ഫോണുകളിലും പല ആരോഗ്യപരിപാലന ഫീച്ചറുകളും കമ്പനി കൊണ്ടുവന്നേക്കും എന്നും കേള്‍ക്കുന്നു. ഒരാളുടെ ഗ്ലൂക്കോസ് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കാനുള്ള ശേഷി ആപ്പിള്‍ വാച്ചില്‍ കൊണ്ടുവരാനുള്ള ശ്രമം ആപ്പിള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

എന്നാല്‍, ആപ്പിള്‍ മാത്രമല്ല ആരോഗ്യപരിപാലന മേഖലയില്‍ കൂടുല്‍ ശ്രദ്ധ ഊന്നാന്‍ ശ്രമിക്കുന്നത്. കമ്പനിയുടെ പ്രധാന എതിരാളികളിലൊരാളായ സാംസങും എഐ-കേന്ദ്രീകൃത ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം, എഐ ശേഷിയുടെ കാര്യത്തില്‍ ആപ്പിള്‍ തങ്ങളുടെ എതിരാളികളെക്കാള്‍ വര്‍ഷങ്ങള്‍ പിന്നിലാണെന്ന വാദം ഉയര്‍ത്തുന്നവരും ഉണ്ട്. എന്തായാലും, ഇപ്പോള്‍ കമ്പനി നടത്തിവരുന്ന ഗേവഷണങ്ങള്‍ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെങ്കില്‍, പുതിയ ആരോഗ്യ പരിപാലന ഫീച്ചറുകള്‍ ജൂണ്‍ 9ന് നടത്തുന്ന വേള്‍ഡ് വൈഡ് ഡിവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പരിചയപ്പെടുത്തിയേക്കുമെന്നാണ് സൂചന. 

പ്രൊജക്ട് മള്‍ബറിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ഡോക്ടറെ അനുകരിക്കുന്ന രീതിയില്‍ തയാർ ചെയ്തുവരുന്ന എഐ ഏജന്റ് ആണ് പ്രൊജക്ട് മള്‍ബറിയുടെ കേന്ദ്രത്തില്‍. വ്യക്തിയുടെ ശരീരത്തില്‍ നിന്നു ശേഖരിക്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തില്‍ തന്തസമയ നിര്‍ദ്ദേശങ്ങള്‍ വരെ അതിന് നല്‍കാന്‍ സാധിച്ചേക്കും. 

ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ഉപകരണങ്ങളില്‍ അത് പ്രവര്‍ത്തിച്ചേക്കും. കൂടാതെ, മറ്റു കമ്പനികള്‍ ഇറക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയ ഡിവൈസുകളില്‍ നിന്നും ഡേറ്റ ശേഖരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)
ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

ഡേറ്റാ ശേഖരണം

ഉറക്കം, ഭക്ഷണത്തിലെ പോഷകങ്ങളെക്കുറിച്ചുള്ള പഠനം, വ്യായാമം മനസിലാക്കി ശരീരത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുളള കാര്യങ്ങള്‍ തുടങ്ങിയവ ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ശേഖരിക്കുന്ന ഡേറ്റാ അടിസ്ഥാനമാക്കി നല്‍കുക എന്നതാണ് ലക്ഷ്യം. 

അവബോധം പകരാനുള്ള വിഡിയോകള്‍

ആരോഗ്യപരിപാലനത്തെക്കുറിച്ച് അവബോധം പകരാനായി വിഡിയോകള്‍ ഷൂട്ടുചെയ്യുന്നുമുണ്ട് ആപ്പിള്‍. ഉറക്കം വിശകലനം ചെയ്യുന്നവര്‍ തുടങ്ങി വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിക്കും. ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ മനസിലാക്കാന്‍ വിഡിയോകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. 

ഫുഡ് ട്രാക്കിങ്, ആന്‍ഡ് വര്‍ക്കൗട്ട് അനാലിസിസ്

കഴിക്കുന്ന ആഹാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഹെല്‍ത്ത് ആപ്പിന് നല്‍കാന്‍ സാധിക്കും. അത് പരിശോധിച്ച് ആഹാരം പോഷകസമൃദ്ധമായിരുന്നോ എന്നൊക്കെ പറഞ്ഞു കൊടുക്കാന്‍ ആപ്പിളിന്റെ 'ഡോക്ടര്‍ക്ക്' സാധിക്കും. 

ആപ്പിള്‍ ഉപകരണങ്ങളുടെ (ഉദാ. ഐഫോണ്‍) ക്യാമറകള്‍ വഴി ഒരാള്‍ ചെയ്യുന്ന എക്‌സര്‍സൈസുകള്‍ ആപ്പിന് കാണിച്ചുകൊടുക്കാം. ഇത് ആപ്പിള്‍ ഫിറ്റ്‌നസ് പ്ലസുമായി ഇന്റഗ്രേറ്റ് ചെയ്തായിരിക്കാം പ്രവര്‍ത്തിപ്പിക്കുക.

വരിസംഖ്യ ചുമത്തിയേക്കാം

എന്നാല്‍, ഈ ഫീച്ചറുകളെല്ലാം വരിസംഖ്യ നല്‍കുന്നവര്‍ക്കായിരിക്കാം നല്‍കുക എന്ന സൂചനയുമുണ്ട്. ഹെല്‍ത്ത് പ്ലസിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ആയിരിക്കാം പ്രൊജക്ട് മള്‍ബറിയുടെ ഗുണം ആസ്വദിക്കാന്‍ സാധിക്കുക. 

കാത്തിരിക്കേണ്ടി വന്നേക്കും

ഐഓഎസ് 19.4ല്‍ ആയിരിക്കും എഐ ഡോക്ടര്‍ അരങ്ങേറ്റം നടത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഡിജിറ്റല്‍ ആരോഗ്യപരിപാലന രംഗത്ത് തങ്ങള്‍ക്ക് ഒരു വന്‍ശക്തിയാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ ആപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍. 

എഐ മോഡലുകള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കുന്നത് ഒരുകൂട്ടം ഡോക്ടര്‍മാരാണ്. എഐ ഡോക്ടര്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് കൃത്യതയുണ്ടെന്നും മറ്റും ഉറപ്പാക്കാനാണത്രെ ഇത്. പുറമെ നിന്നുള്ള വിദഗ്ധരും എത്തുന്നതോടെ എഐ വൈദ്യന്‍ കൂടുതല്‍ മികവ് ആര്‍ജ്ജിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

English Summary:

Apple's Project Mulberry, an AI-powered healthcare initiative, aims to revolutionize digital health. This innovative project, incorporating data from Apple Watch and other devices, could offer personalized health advice and tracking, potentially via a subscription service.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com