ADVERTISEMENT

സംസ്ഥാനത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സർക്കാർ നടത്തിയ താൽക്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ ചോദ്യത്തിന് ജനുവരി 23നു നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മറുപടി.

വിവിധ സർക്കാർ വകുപ്പുകളിലും കമ്പനി/ബോർഡ്/കോർപറേഷനുകളിലും സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നടത്തിയ കരാർ/താൽക്കാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ എന്നായിരുന്നു ചോദ്യം. സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന കരാർ/താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ തലത്തിൽ ക്രോഡീകരിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സംവരണനിയമം പാലിച്ചാണോ നിയമനം നടത്തിയത്, എത്ര താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി എന്നിവ ഉൾപ്പെടെ തുടർന്നു ചോദിച്ച 3 ചോദ്യങ്ങൾക്കും ആദ്യം നൽകിയ മറുപടി ആവർത്തിക്കുകയാണു ചെയ്തത്. ചോദ്യങ്ങൾക്കു കൃത്യമായി മറുപടി നൽകാത്ത നടപടി നിയമസഭയോടുള്ള അവഹേളനമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

8 വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം: ചെന്നിത്തല

പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള 8 വർഷത്തിനിടെ 1.8 ലക്ഷം പിൻവാതിൽ നിയമനം നടന്നിട്ടുണ്ടെന്നു രമേശ് ചെന്നിത്തല.

നാഷനൽ എംപ്ലോയ്മെന്റ് സർവീസ് അടുത്തിടെ നടത്തിയ പരിശോധനയിൽ കഴിഞ്ഞ 8 വർഷത്തിനിടെ കേരളത്തിലെ താൽക്കാലിക ഒഴിവുകളിൽ മൂന്നിലൊന്നു മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തുന്നതെന്നു കണ്ടെത്തിയിരുന്നു. പ്രതിവർഷം ഏകദേശം 33,000 താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പതിനായിരത്തിലേറെ മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തിയതായി കണ്ടെത്തിയത്. ബാക്കി 22,000 ഒഴിവിൽ പിൻവാതിൽ നിയമനമാണു നടക്കുന്നത്. ഇപ്രകാരം 8 വർഷത്തിനിടെ 1.8 ലക്ഷം പിൻവാതിൽ നിയമനം നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത 26 ലക്ഷത്തിലധികം യോഗ്യരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ അലയുമ്പോഴാണ് സർക്കാർ പിൻവാതിലിലൂടെ ഇത്രയും ഒഴിവുകൾ സ്വന്തക്കാർക്കു നൽകിയത്. നിയമസഭയിൽ സാമാജികർ ചോദ്യം ഉന്നയിച്ചാൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നു വിവരം ശേഖരിച്ചു കൃത്യമായ ഡേറ്റ അറിയിക്കണമെന്നിരിക്കെ, സർക്കാർ ഇപ്പോൾ സ്വീകരിച്ച നടപടി നിയമസഭയോടും സാമാജികരോടുമുള്ള അവഹേളനമാണ്. പിൻവാതിൽ നിയമനം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നാൽ സർക്കാരിനെതിരെ യുവജനരോഷം ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com