വകുപ്പുതല പരീക്ഷയിൽ ഇളവ്, ഹർജി ഹൈക്കോടതി തള്ളി

Mail This Article
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ വകുപ്പുതല പരീക്ഷ നിർബന്ധമാക്കിയതിൽ ഇളവു ലക്ഷ്യമിട്ട് വനം വകുപ്പു നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
2010ൽ നടപ്പാക്കിയ സ്പെഷൽ റൂൾ പ്രകാരമാണ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ 3 പരീക്ഷകളും പരിശീലനവും നിർബന്ധമാക്കിയത്. ഇതു തുടരാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജിയാണ് ജഡ്ജിമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്.
ഒരു തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചാൽ, അതു നേടാതെ അവിടെ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു വിഭാഗത്തിനു മാത്രം ഇളവു കൊടുക്കുന്ന കാര്യം വേണമെങ്കിൽ പരിഗണിക്കാമെന്നു നിർദേശിക്കുകയും ചെയ്തു. ചില വിഭാഗക്കാരെ മാത്രം ഒഴിവാക്കിയിട്ടുണ്ടെന്നും ബാധിക്കപ്പെട്ട ജീവനക്കാരെയൊന്നും കേസിൽ കക്ഷി ചേർത്തിട്ടില്ലെന്നുമുള്ള വാദങ്ങൾ കോടതി തള്ളി.
വനം വകുപ്പിന്റെ 5 സർക്കിളിലായി 947 സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരിൽ 284 പേർ നിർബന്ധിത പരീക്ഷകൾ പാസാകാതെ തസ്തികയിൽ തുടരുന്നുണ്ടെന്നാണ് ഭരണവിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ആയിരത്തി അഞ്ഞൂറിലേറെ പേർ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നാണു സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നത്. വിരമിച്ചവർ വേറെയും.
ഇവർക്ക് ഉയർന്ന ഗ്രേഡും അതിന് അനുസൃതമായ ശമ്പളവും പെൻഷനും നൽകിയത് വഴി 350 കോടിയെങ്കിലും അധികച്ചെലവ് വന്നു കഴിഞ്ഞതായാണു വിവരം.