ഫ്രാൻസിൽ മാത്രമല്ല, നമ്മുടെ നാട്ടിലുമുണ്ട് ഒരു ചെറിയ പാരീസ്

Mail This Article
ഫ്രാൻസിൽ മാത്രമല്ല, നമ്മുടെ രാജ്യത്തുമുണ്ട് ഒരു ചെറിയ പാരീസ്. ഒരു കാലത്ത് ശരിക്കുള്ള പാരീസിനേക്കാളും പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന ആ നാട് പഞ്ചാബിലാണ്. കപൂർത്തല എന്ന പഞ്ചാബിലെ പാരിസിലേക്ക് യാത്ര പോകാം.
നമ്മുടെ രാജ്യം രാജ ഭരണകാലത്ത് വളരെ സമ്പന്നമായിരുന്നുവെന്നത് സംശയമേതുമില്ലാത്തൊരു സത്യമാണ്. കപൂർത്തല ഭരിച്ചിരുന്ന ജഗത് ജിത് മഹാരാജാവാണ് ആ നാടിനെ പാരീസാക്കാൻ ആദ്യം ആരംഭിച്ചത്. ഫ്രാൻസിലെ കെട്ടിടങ്ങളുടെ അതേ രൂപത്തിൽ നിർമിക്കപ്പെട്ട കൊട്ടാരങ്ങളും മറ്റു നിർമിതികളുമൊക്കെയായി ഒരു മിനി പാരീസ് തന്നെയായി മാറി അന്ന് ആ നഗരം. ഇവിടുത്തെ സ്മാരകങ്ങളും പൂന്തോട്ടങ്ങളും വരെ ഇൻഡോ-സാർസെനിക്, ഫ്രഞ്ച് വാസ്തുവിദ്യയിലും ശൈലികളിലുമാണ് നിർമിച്ചിരിക്കുന്നത്.
ജഗത് ജിത് പാലസ്
ഇംഗ്ലണ്ടിലെ ലൂയി പതിനാലാമൻ മുതൽ ഫ്രഞ്ചു വിപ്ലവത്തിന്റെ തുടക്കത്തിൽ ലൂയി പതിനാറാമൻ വരെ താമസിച്ചുകൊണ്ടിരുന്ന രാജകീയ വസതിയായിരുന്ന പാലസ് ഓഫ് വെർസല്ലീസിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട കൊട്ടാരമാണ് ജഗത് ജിത് പാലസ്. രാജാ ജഗത് ജിത് ആണ് ഫ്രഞ്ച് ആർക്ടിടെക്റ്റായിരുന്ന എം. മാർ സെലിനെ കൊണ്ട് രൂപകൽപ്പന ചെയ്യിപ്പിച്ച് നിർമാതാവായ അള്ളാഡിട്ടയെക്കൊണ്ട് നിർമിച്ചത്. കപൂർത്തലയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ കൊട്ടാരം ഇന്ന് ഒരു സൈനിക സ്കൂളാണ്. ഏകദേശം 200 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ പാലസ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദർബാർ ഹാളുകളിലൊന്നും ഉൾപ്പെടുന്നു.
ജഗത് ജിത് ക്ലബ്
കപൂർത്തലയുടെ വളർച്ചയിലും ചരിത്രത്തിലും ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് രാജ ജഗത് ജിത്. അദ്ദേഹത്തിന്റെ പേരിലുള്ളതാണ് ഈ ക്ലബും. ഏതൻസിലെ പാർഥിനോൺ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ടതാണ് ജഗ്ജിത് ക്ലബ്. ദേവാലയം, തീയറ്റർ തുടങ്ങി പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഇവിടം ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ക്ലബായിട്ടാണ് പ്രവർത്തിക്കുന്നത്.
മൂറിഷ് മോസ്ക്
കപുർത്തലയിലെ എടുത്തു പറയേണ്ട മറ്റൊരാകർഷണമാണ് മൂറിഷ് മോസ്ക്. മൊറോക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ മരാക്കേഷിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് മോസ്കിന്റെ മാതൃകയിൽ നിർമിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണ് മൂറിഷ് മോസ്ക്. 13 വർഷക്കാലമെടുത്ത് നിർമ്മിച്ച ഈ ദേവാലയത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതും ഫ്രാൻസിൽ നിന്നുള്ളവരാണ്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകമാണിത്.
പാരിസ് കാഴ്ചകൾ മാത്രമല്ല കപൂർത്തലയിൽ ഉള്ളത്. ഏറെ പ്രത്യേകതകൾ ഉള്ള പാഞ്ച് മന്ദിർ ഇവിടെയെത്തുന്ന സന്ദർശകരുടെയും ഭക്തരുടേയും മനസിൽ ജിജ്ഞാസ ഉളവാക്കുന്ന ഒരു കാര്യമാണ്. മഹാരാജാ ഫത്തേസിങ് ആലുവാലിയയുടെ കാലത്ത് നിർമിക്കപ്പെട്ട ക്ഷേത്രമാണ് പാഞ്ച് മന്ദിർ. അഞ്ച് വ്യത്യസ്തരായ ദൈവങ്ങളെ ആരാധിക്കുന്ന സ്ഥലമാണിത്. ആദ്യത്തെ വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അഞ്ച് പ്രതിഷ്ഠകളും ഇവിടെ കാണാൻ സാധിക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.
കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കണ്ടു കഴിഞ്ഞാൽ ഷാലിമാർ ബാഗ് പൂന്തോട്ടത്തിലേക്ക് പോകാം. നഗര ഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് ഷാലിമാർ ബാഗ്. തിരക്കുകളിൽ നിന്നും ഒരൽപ്പം ശാന്തമായി ഇരിക്കാൻ ഏറ്റവും മികച്ചയിടം ഇതു തന്നെ. ഇനി പാരിസിൽ പോകാനാകാത്ത വിഷമം ഒന്ന് കപൂർത്തലവരെ പോയി മാറ്റാം. പാസ്പോർട്ട് പോലും ആവശ്യമില്ലാത്ത ഈ മിനി പാരിസിലേക്കാം അടുത്ത ട്രിപ്പ്.