ADVERTISEMENT

മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് ലോണാവാല. പൂനെയില്‍ നിന്നും 64 കിലോമീറ്ററും മുംബൈയില്‍ നിന്നും 96 കിലോമീറ്ററും ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ലോണാവാല എല്ലാ സീസണിലും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. വിദേശസഞ്ചാരികളും ഇവിടേക്ക് ധാരാളം എത്താറുണ്ട്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും വീതിയുള്ള ടണല്‍ വഴി ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. അതിനായി വഴി ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും നീളമേറിയ ടണല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. എല്ലാം പ്ലാന്‍ അനുസരിച്ചു തന്നെ മുന്നോട്ടു പോവുകയാണെങ്കില്‍ സഞ്ചാരികള്‍ക്ക് അടുത്തവര്‍ഷം ഈ ടണല്‍ വഴി ലോണാവാലയിലേക്ക് ട്രാഫിക്കും മറ്റും ബുദ്ധിമുട്ടുകളും കൂടാതെ, അതിവേഗം എത്തിച്ചേരാം.

മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയുടെ 19.84 കിലോമീറ്റർ ദൈർഘ്യമുള്ള 'മിസ്സിംഗ് ലിങ്ക്' നിര്‍മാണ പദ്ധതിയുടെ ഭാഗമാണ് ടണല്‍. ഖോപോളിക്കും കുസ്‌ഗോണിനും ഇടയിൽ നിർമിക്കുന്ന ഈ ലിങ്ക് രണ്ട് ജില്ലകളെയും രണ്ട് താലൂക്കുകളെയും എട്ട് ഗ്രാമങ്ങളെയും മറികടക്കും. രണ്ട് നഗരങ്ങൾക്കിടയിൽ ഏകദേശം ആറ് കിലോമീറ്റർ ദൂരം കുറയ്ക്കാനും അതുവഴി വാഹനമോടിക്കുന്നവർക്ക് 25 മിനിറ്റ് സമയം ലാഭിക്കാനും കഴിയും. പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ മുംബൈ-പൂനെ ഹൈവേ വഴി കടന്നുപോകുന്നതിനാല്‍, എക്‌സ്‌പ്രസ് വേ പദ്ധതിയുടെ മുൻ‌ഗണനകളിലൊന്നാണ് മിസ്സിംഗ് ലിങ്ക്. റോഡ് പദ്ധതികൾക്കായുള്ള സംസ്ഥാനത്തിന്‍റെ നോഡൽ ഏജൻസിയായ എംഎസ്ആർഡിസിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

lonavala
Image From Shutterstock

ഖലാപൂരിനും ലോണാവാലയ്‌ക്കുമിടയിലാണ് ടണല്‍ നിര്‍മിക്കുന്നത്. ടണലിന്‍റെ 50 ശതമാനത്തിലധികം പണി പൂർത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായ 1.75 കിലോമീറ്റർ, 8.92 കിലോമീറ്റർ ടണലുകളുടെ പണി പൂര്‍ത്തിയായി. ഓരോ ടണലിനും 23 മീറ്റർ വീതിയുണ്ട്. കൊറോണ കാരണം ഇടയ്ക്ക് ജോലികള്‍ മന്ദഗതിയിലായെങ്കിലും ഇപ്പോള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. നിലവിലെ ജോലിയുടെ വേഗം നോക്കുമ്പോൾ, 2023 ഡിസംബറിൽ ടണലുകള്‍ യാത്രക്കായി തുറന്നുകൊടുക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) ജോയിന്റ് മാനേജിംഗ് ഡയറക്ടർ (എൻജിനീയറിംഗ്) അനിൽകുമാർ ഗെയ്‌ക്‌വാദ് ഈയിടെ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ട് ടണലുകള്‍ , രണ്ട് വയഡക്‌റ്റുകൾ, 30 മീറ്ററിലധികം നീളമുള്ള മൂന്ന് പാലങ്ങൾ, ഒരു ചെറിയ പാലം, കലുങ്കുകൾ (11 പൈപ്പ് കലുങ്കുകളും രണ്ട് ബോക്‌സ് കൾവർട്ടുകളും), 4+4 ലെയ്ൻ ഹൈവേ, 100 മീറ്റർ വഴി എന്നിവ ഉൾപ്പെടുന്നതാണ് മിസ്സിംഗ് ലിങ്ക് പദ്ധതി. നിയന്ത്രിത ബ്ലാസ്റ്റിംഗ് രീതിയിലൂടെയാണ് ടണലുകള്‍ നിര്‍മിക്കുന്നത്.

Image From Shutterstock
Image From Shutterstock

പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനായി, എംഎസ്ആർഡിസി ടണല്‍ നിര്‍മാണം രണ്ട് പാക്കേജുകളായി തിരിച്ചിരുന്നു. പാക്കേജ്-I-ൽ യഥാക്രമം 1.75 കിലോമീറ്ററും 8.92 കിലോമീറ്ററും നീളമുള്ള രണ്ട് എട്ട്-വരി തുരങ്കങ്ങളും പാക്കേജ്-II-ൽ യഥാക്രമം 790 മീറ്ററും 650 മീറ്ററും നീളമുള്ള രണ്ട് എട്ട്-വരി വയഡക്‌ടുകളും നിലവിലുള്ള പൂനെ-മുംബൈ എക്‌സ്‌പ്രസ് വേയുടെ ഖലാപൂർ ടോൾ പ്ലാസ മുതൽ ഖോപോളി എക്‌സിറ്റ് വരെയുള്ള ആറ്-ലെയ്ൻ, എട്ട്-ലെയ്നാക്കി ശേഷി വർധിപ്പിക്കലും ഉൾപ്പെടുന്നു.

ഹൈദരാബാദ് ആസ്ഥാനമായ നവയുഗ എഞ്ചിനീയറിംഗ് കമ്പനിക്കാണ് രണ്ട് ടണലുകള്‍ ഉൾക്കൊള്ളുന്ന പാക്കേജ് -I ന്‍റെ നിര്‍മാണച്ചുമതല ലഭിച്ചത്. ഇവര്‍ക്ക് 2019 ഫെബ്രുവരിയിൽ ആണ് കരാര്‍ അനുവദിച്ചത്. പാക്കേജ് II ജോലികള്‍ 2019 മാർച്ചിൽ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറിനും നല്‍കിയിരുന്നു.

അതീവസുരക്ഷയാണ് ടണലുകള്‍ക്കുള്ളില്‍ ഒരുക്കിയിരിക്കുന്നത്. അഗ്നി സുരക്ഷാ മുൻകരുതലുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി മാത്രം 130 കോടി രൂപയാണ് ചിലവഴിക്കുന്നത്. സ്‌പ്രിംഗളറുകൾ, സ്‌മോക്ക് ഡിറ്റക്ഷൻ അലാറങ്ങൾ, ക്വിക്ക് റെസ്‌പോൺസ് വെഹിക്കിളുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തുരങ്കത്തിനുള്ളിൽ തീപിടിത്തമുണ്ടായാൽ, അഗ്നിശമന സേന എമർജൻസി റെസ്ക്യൂ സ്ഥലത്ത് എത്തുന്നതുവരെ, സ്പ്രിംഗളറുകൾ പ്രവര്‍ത്തിച്ചു സ്വയം തീ അണയ്ക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

English Summary:By end of 2023, travel to Lonavala via longest tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com