കണ്ണു തുറന്നാൽ കായൽ, കയ്യെത്തും ദൂരെ കരിമീനുകൾ: കുമരകത്തെ കെടിഡിസി റിസോർട്ട് വേറെ ലെവൽ!
Mail This Article
വേമ്പനാട്ട് കായലിന്റെ കാറ്റേറ്റ് കിടക്കുന്ന കുമരന്റെ നാട്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്നു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ നെതർലന്റ്സ്, ചതുപ്പിൽ നിന്ന് എജി ബേക്കർ സായിപ്പിന്റെ കരവിരുതിൽ പൊങ്ങി വന്ന കുമരകത്തിന്റെ സഞ്ചാര ലോകത്തേക്ക് എത്തുന്നവർക്ക് പറയാൻ നിരവധി കഥകളുണ്ടാകും. ആസ്വദിക്കാൻ പ്രകൃതി തന്നെയൊരുക്കിയ നിരവധി കാഴ്ചകളുണ്ട്. ശ്വസിക്കാൻ ശുദ്ധമായ വായുവും കഴിക്കാൻ രുചിയേറിയ നാടൻ ഭക്ഷണവും കിട്ടും. പ്രകൃതിയോടൊപ്പം ജീവിക്കാൻ കുമരകത്തേക്ക് വരുന്ന സഞ്ചാരികൾക്ക് സ്വർഗമാണിവിടം.
നക്ഷത്ര ഹോട്ടലുകളും ഹോംസ്റ്റേകളും വഞ്ചിവീടുമൊക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്നിടം. കായല്‍ കാഴ്ചയും നാടൻ വിഭവങ്ങളും അടിപൊളി താമസവുമായി കുമരകം സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. കായല്‍പ്പരപ്പിലൂടെ മതിയാവോളം കറങ്ങാനും പ്രകൃതിയുടെ പച്ചപ്പ് ആസ്വദിക്കുവാനും തനതു രുചിയറിയുവാനും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് യാത്രികരാണ് കുമരകത്ത് അന്തിയുറങ്ങാന്‍ എത്തിച്ചേരുന്നത്.
കമനീയം കുമരകം
വേമ്പനാട് കായല്‍തീരത്തെ പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗഭൂമി എന്നു തന്നെ പറയാം.
കേരവൃക്ഷങ്ങളുടെ തലയെടുപ്പും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ സൗന്ദര്യത്തിന് മാറ്റ്കൂട്ടുന്നത്. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോൾ സംഗതി ജോറായി. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്‍െറ സൗന്ദര്യം അതിന്‍െറ പൂര്‍ണതയില്‍ എത്തും.
താമസം ഇവിടെ
വേമ്പനാട്ടു കായലിനോടു ചേർന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടം. സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കുമരകത്തെ വാട്ടർസ്കേപ് പ്രീമിയം റിസോർട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പഴമയും പുതുമയും കോർത്തിണക്കിയ കെടിഡിസിയുടെ ഇൗ പ്രീമിയം റിസോർട്ട് കുമരകത്തെ മറ്റു റിസോർട്ടുകളിൽ നിന്നും വേറിട്ടതാക്കുന്നു.
കരിമീനുകൾ നിറഞ്ഞ ചെറു തോടുകളും വേമ്പനാട്ടു കായലിന്റെ സൗന്ദര്യം കൂടിയാകുമ്പോൾ വാട്ടർസ്കേപ്സ് കുമരകത്തെ ഏറ്റവും മികച്ച റിസോട്ടുകളിലൊന്നായി മാറുന്നു. വേമ്പനാട് കായലിന്റെ സൗന്ദര്യവും കാറ്റും ഉദയാസ്തമയകാഴ്ചകളും ആസ്വദിച്ചുള്ള താമസം ആരാണ് ആഗ്രഹിക്കാത്തത്. വേമ്പനാടിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും കുമരകത്തെ വാട്ടർസ്കേപ് പ്രീമിയം റിസോർട്ട്.
തുടക്കം ഇങ്ങനെ
2017 ൽ നവീകരണത്തിനായി അടഞ്ഞ വാട്ടർസ്േകപ്പ് കഴിഞ്ഞ വർഷം ആദ്യമാണ് വീണ്ടും തുറക്കുന്നത്. ഫെബ്രുവരി ആറിന് റിസോർട്ട് പ്രവർത്തനം ആരംഭിച്ചെങ്കിലും സഞ്ചാരികളുടെ വരവ് ഏപ്രില്‍ മാസത്തോടെയായിരുന്നു.
കോവിഡും നിയന്ത്രണങ്ങളും പാലിച്ചുള്ള റിസോർട്ടിന്റെ ജൈത്രയാത്ര വൻവിജയമായി തുടരുന്നു. നാനാദിക്കിൽ നിന്നും നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഇൗ മടിത്തട്ടിലേക്ക് രാത്രി ചെലവിടാൻ എത്തിച്ചേരുന്നത്.
പഴമയുടെ പാരമ്പര്യത്തിൽ ന്യൂജനറേഷൻ ടച്ചപ്പ്
കെടിഡിസി വാട്ടർസ്കേപ്സിന്റെ നിർമാണ ശൈലി ശരിക്കും വിസ്മയമാണ്. മധ്യകേരളത്തിലെ പഴയ വീടുകളുടെ ശൈലിയിൽ ആധുനികതയും കോർത്തിണക്കിയ രീതിയിലാണ് റിസോർട്ടിന്റെ ആർക്കിടെക്ക്.
തടിയിൽ നിർമിച്ച കോട്ടേജുകളാണ് പ്രധാന ആകർഷണം. ഇക്കോഫ്രണ്ട്‍ലി എന്നതു തന്നെയാണ് റിസോർട്ടിലെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത.
മോഡിഫിക്കേഷനു ശേഷം റിസോർട്ട് സന്ദർശകർക്ക് കൂടുതൽ പരിസ്ഥിതി സൗഹാർദമാക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. മറ്റൊരു ആകർഷണം ഇലക്ട്രിക് ബഗ്ഗീ സർവീസ് ആണ്. വിരുന്നെത്തുന്ന സഞ്ചാരികളെ അവരുടെ റൂമികളിലേക്ക് എത്തിക്കുവാൻ ബഗ്ഗീ സർവീസും ഒരുക്കിയിട്ടുണ്ട്. കൂടാതെ റസ്റ്ററന്റ്, വിശാലമായ സ്വിമ്മിങ്പൂൾ എന്നിവയടക്കമുള്ള റിസോർട്ടിന്റെ സൗകര്യങ്ങൾ കൂടുതൽ കസ്റ്റംമർ ഫ്രണ്ട്‍ലിയാക്കിട്ടുണ്ട്.
തടിയിൽ പണിതുയർത്തിയ മുറികൾ
വാട്ടർസ്കേപ്സിലെ തടികൊണ്ടു നിർമിച്ചിരിക്കുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. അത്യാധുനിക സൗകര്യങ്ങളോടു കൂടി 40 കോട്ടേജുകളാണ് വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ആധുനികതയും പാശ്ചാത്യ സൗന്ദര്യവും ഒരുമിക്കുന്നവയാണ് ഒാരോ മുറികളും. കോട്ടേജുകളുടെ സൗന്ദര്യവും സ്ഥാനവും അനുസൃതമായി വ്യത്യസ്ത പേരുകളാണ് ഒാരോ കോട്ടേജിനും നൽകിയിരിക്കുന്നത്.
സുപ്പീരിയർ ലേക്ക് വ്യൂ, ലേക്ക് വ്യൂ, കനാൽ വ്യൂ, ഗാർഡൻ വ്യൂ എന്നിങ്ങനെയാണ് കോട്ടേജുകൾ. എല്ലാ കോട്ടേജുകൾക്കും ബാൽക്കണി സൗകര്യമുണ്ട്. ബാത്ത്റൂം ചെറുതാണെങ്കിലും നല്ല വൃത്തിയായി പരിപാലിക്കുന്നതാണ്.അതിൽ സുപ്പീരിയർ ലേക്ക് വ്യൂ കോട്ടേജുകൾ നിർമിച്ചിരിക്കുന്നത് വേമ്പനാട്ടു കായലിന്റെ സൗന്ദര്യം മുഴവുൻ ആസ്വദിക്കാവുന്ന രീതിയിലാണ്. ഇത്തരത്തിലുള്ള 9 കോട്ടേജുകളാണുള്ളത്. കാഴ്ചകൾ മാത്രമാണ് മാറുക, മറ്റു സൗകര്യങ്ങൾ എല്ലാ കോട്ടേജുകൾക്കും ഒരുപോലെയാണ് ഒരുക്കിയിരിക്കുന്നത്.
ടൂറിസം രംഗത്ത് ആകർഷകമായി ഡെസ്റ്റിനേഷൻ വെഡ്ഡിങ്
കെടിഡിസി വാട്ടർസ്കേപ്സിന് മാറ്റ് കൂട്ടുന്നത് 30,000 ചതുരശ്ര അടി വിസ്തീർണമുള്ള പുൽത്തകിടിയാണ്. യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗമായ ഡെസ്റ്റിനേഷൻ വെഡിങ് കേരളത്തിലേക്കും എത്തിരിക്കുകയാണ്. ടൂറിസം വ്യവസായത്തിന് ഊർജം നൽകുന്ന പുതിയ ട്രെൻഡാണിത്. വാട്ടർസ്കേപിലെ വിശാലവും മനോഹരവുമായ ഇൗ പുൽത്തകിടി നിരവധി വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്.
കൂടാതെ മനോഹരമായ പൂന്തോട്ടം, രണ്ടു കോൺഫറൻസ് ഹാളുകൾ എന്നിവയുണ്ട്. റിസ്പ്ഷനിൽ എത്തുന്ന അതിഥികളെ കോട്ടേജുകളിലേക്ക് കൊണ്ടു പോകുന്നതിനായി ഇലക്ട്രിക് ബഗ്ഗിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എന്താണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്
വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ഒരു സ്ഥലത്തേക്കു യാത്ര ചെയ്ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന രീതിയാണു ഡെസ്റ്റിനേഷൻ വെഡിങ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ എന്നുള്ളതും ഡെസ്റ്റിനേഷൻ വെഡ്‍ഡിങ് വളരാൻ സഹായിച്ചിട്ടുണ്ട്.
ഒഴുകും റസ്റ്ററന്റ്
ഹൗസ്ബോട്ടിലൂടെ കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് വിഭവങ്ങൾ രുചിക്കുന്ന അനുഭവം ഒന്നുവേറെ തന്നെയാണ്. വാട്ടർസ്കേപിലെ ഒഴുകും റസ്റ്ററന്റും ഹൗസ്ബോട്ടു പോലെ അടിപൊളിയാണ്. റസ്റ്ററന്റിന്റെ ജനാല തുറന്നാൽ മിഴിതുറക്കുന്നത് വേമ്പനാട് കായലിന്റെ മനോഹാരിതയിലേക്കാണ്.
സദാസമയവും തിരകളെ ഇളക്കിമറിച്ച് ഒാളംതല്ലിക്കെടുത്തി പോകുന്ന കെട്ടുവള്ളങ്ങളുടെ കാഴ്ചയാണ്. ആ സുന്ദര കാഴ്ചകൾ കണ്ട് ഒഴുകും റിസോർട്ടിലിരിക്കുമ്പോൾ ഹൗസ്ബോട്ടിലാണോ എന്നു ആരും ചിന്തിക്കും. ഇൗ റസ്റ്ററന്റ് സഞ്ചാരികൾക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്.
ഒഴുകും റസ്റ്ററന്റിനു താഴെ വെള്ളത്തിലൂടെ ചവിട്ടാവുന്ന പെഡൽ ബോട്ടുകളും റെഡിയാണ്. രണ്ടുപേർക്ക് ചവിട്ടിപോകാവുന്ന ഇൗ ബോട്ടിലൂടെയുള്ള സവാരിയും ഹരം പകരുന്നതാണ്. കൂടാതെ കോട്ടേജുകള്‍ക്ക് അരികിലെ ഇടതോടുകളിലൂടെയും പെഡൽ ബോട്ടിൽ സവാരി നടത്താം.
കുരുമുളകിട്ട താറാവ് റോസ്റ്റും കരിമീൻ പൊള്ളിച്ചതും
കുമരകത്തെ കാഴ്ചകൾ ഗംഭീരമെങ്കിൽ അതിഗംഭീരമാണ് അവിടുത്തെ നാടൻ വിഭവങ്ങളുടെ രുചി. കെടിഡിസി വാട്ടർസ്കേപ്സിലെ രുചിയ്ക്ക് മാർക്ക് നൂറാണ്. വിഭവങ്ങളെല്ലാം തന്നെ സ്വാദേറിയതാണ്. പ്രധാന െഎറ്റമായ കുരുമുളകിട്ട താറാവിനും കരിമീൻ പൊള്ളിച്ചതിനുമാണ് ആവശ്യക്കാർ അധികവും.
റിസോർട്ടിലെ രുചിവിഭവങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഷെഫായ ഗിരീഷ് ഗോവിന്ദാണ്. കെടിഡിസി ഹോട്ടലുകളിലുകളിൽ 6 വർഷത്തോളം പ്രവർത്തി പരിചയമുള്ളയാളാണ് ഗിരീഷ് ഗോവിന്ദൻ. ഫെബ്രുവരിയിൽ വാട്ടർസ്കേപ് തുറന്നതോടെ രുചിവിഭവങ്ങളുടെ അമരക്കാരനായി ഗിരീഷും വാട്ടർസ്കേപിന് ഒപ്പമുണ്ട്.
കുമരകം പക്ഷിസങ്കേതത്തിലൂടെ
കായലിന്റെ സൗന്ദര്യവും കാറ്റുമേറ്റുള്ള സവാരിയും താമസവും രുചികരമായ കരിമീൻ പൊള്ളിച്ചതും കൂട്ടി ഭക്ഷണവും എല്ലാം കഴിഞ്ഞാൽ അടുത്ത യാത്ര പക്ഷിസങ്കേതത്തിലൂടെയാവാം. വാട്ടർസ്കേപ്സിലെ മറ്റൊരു ആകർഷണം പക്ഷിസങ്കേതമാണ്. ജനുവരി, മാർച്ച് മാസങ്ങളിൽ എത്തിച്ചേർന്നാൽ വ്യത്യസ്തമായ നിരവധി ദേശാടന പക്ഷികളെ കാണാൻ സാധിക്കും.
അപൂർവങ്ങളിൽ അപൂർവങ്ങളായ നിരവധി പക്ഷികൾ ഇവിടെയുണ്ട്. സൈബീരിയയിൽ മാത്രം കാണുവാൻ കഴിയുന്ന വെള്ളകൊക്ക്, എരണ്ട, ഞാറ, ഒരിനം നീർപക്ഷി, കുയിൽ, കാട്ടുതാറാവ് തുടങ്ങി അധികമൊന്നും പരിചിതമല്ലാത്ത കുറെയേറെ പക്ഷികൾ ഇവിടുത്തെ കാഴ്ചകളാണ്. 5.7 ചതുരശ്ര കിലോമീറ്ററിലാണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.
പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള താമസം, അതാണ് കുമരകം വാട്ടർസ്കേപ്സ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഇൗമെയിൽ: waterscapes@ktdc.com
9400008620/21, +914812527650
English Summary: KTDC Water Scapes Kumarakom Backwater Resort