നഗ്നയായ യക്ഷിയെ തുണിയുടുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവർ അറിയാൻ
Mail This Article
കലാസ്വാദകരുടെയും സാധാരണ ജനങ്ങളുടെയും കാഴ്ചപ്പാടുകള്‍ തമ്മില്‍ എത്രത്തോളം അന്തരമുണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് മലമ്പുഴയിലുള്ള കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ യക്ഷിശില്‍പത്തെക്കുറിച്ച് കാലങ്ങളായി തുടരുന്ന സംവാദം. ഇപ്പോൾ, കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ യക്ഷിയുടെ വിഡിയോയ്ക്കു താഴെ വന്ന കമന്റുകളാണ് കാനായിയുടെ സുന്ദരിയക്ഷിയെ വീണ്ടും വാർത്തകളിലെത്തിക്കുന്നത്. സ്ത്രീശരീരത്തെ ലൈംഗിക ഉപകരണമായി മാത്രം കാണുന്നവയാണ് കമന്റുകളിലേറെയും. ലോകപ്രശസ്തമായൊരു ശിൽപത്തിന്റെ കലാമൂല്യവും മനോഹാരിതയും ആസ്വദിക്കാന്‍ കഴിയുന്നവര്‍ കമന്റിട്ടവരിൽ വിരലിലെണ്ണാവുന്നവര്‍ മാത്രം!
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്കൊന്നുമില്ലെന്ന മട്ടില്‍ ഇരുചെവികളിലും കൈകള്‍ ചേര്‍ത്തു ധ്യാനോന്മുഖയായി നില്‍ക്കുന്ന സുന്ദരിയക്ഷിയാകട്ടെ, അവരൊക്കെ മൺമറഞ്ഞു പോയാലും കാലാതിവര്‍ത്തിയായി നിലനില്‍ക്കും എന്നതിന് കഴിഞ്ഞുപോയ പതിറ്റാണ്ടുകള്‍ തന്നെ തെളിവ്.
പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടിനു സമീപമുള്ള ഭീമാകാരമായ നഗ്നയക്ഷി ശിൽപത്തിന് മുപ്പതടിയോളം ഉയരമുണ്ട്. സമൂഹത്തിന്‍റെ നാനാജാതി ധാർമിക വീക്ഷണങ്ങളുടെ പടക്കളമെന്നും കപട സദാചാരത്തിനെതിരായ കാനായി കുഞ്ഞിരാമന്‍റെ സമരരൂപമെന്നുമെല്ലാം നിരൂപകര്‍ ഈ പ്രതിമയെ വിശേഷിപ്പിക്കുന്നു. നഗ്നകലാരൂപങ്ങൾ പൊതുസ്ഥലത്ത് സ്ഥാപിക്കാൻ ആരും ധൈര്യപ്പെടാത്ത സമയത്താണ് കാനായി ഈ ശിൽപം പൂർത്തിയാക്കി ഇവിടെ സ്ഥാപിച്ചത്.
ലൈംഗികതൃഷ്ണയുണര്‍ത്തുന്ന കലാസൃഷ്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെ ഘോരഘോരം വാദിക്കുന്നവരും അതിന്‍റെ മനോഹാരിതയെ പാടിപ്പുകഴ്ത്തുന്ന കവികളും കലാപ്രേമികളുമുണ്ട്. കേരള ടൂറിസത്തിന്‍റെ ഇൻസ്റ്റ പോസ്റ്റിലെ കമന്റുകൾ അതിനു തെളിവാണ്. ഈ പ്രതിമയെ നിങ്ങള്‍ എങ്ങനെയാണോ കാണുന്നത്, അതുപോലെയായിരിക്കും നിങ്ങളുടെ സ്വഭാവവും മനോഭാവവും എന്ന് ഒരാള്‍ കമന്റ് ചെയ്യുന്നു.
കാസർകോട് സ്വദേശിയാണ് കാനായി കുഞ്ഞിരാമൻ. ചെന്നൈയിലെ ഗവൺമെന്റ് കോളജ് ഓഫ് ഫൈൻ ആർട്‌സിലെയും ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്ടിലെയും വിദ്യാഭ്യാസം അദ്ദേഹത്തിന്‍റെ ചിന്തകളെ വിശാലമായ ആകാശത്തേക്ക് ഉയര്‍ത്തി. അതാകട്ടെ, അദ്ദേഹത്തിന്‍റെ കലകളില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇന്നും രാജ്യത്തെ ഏറ്റവും മികച്ച ശിൽപികളിലൊരാളായി കാനായി കണക്കാക്കപ്പെടാന്‍ കാരണം അദ്ദേഹത്തിന്‍റെ സൃഷ്ടികളില്‍ തെളിയുന്ന നിലപാടുകളും ജീവിതവീക്ഷണവും തന്നെയാണ് എന്നു പറയാം.
എതിർപ്പുകളോടു പോരടിച്ച ശിൽപി
ശിൽപിക്ക് ആ യക്ഷി പ്രകൃതിദേവിയായിരുന്നു. ആശയം പറഞ്ഞപ്പോൾ സ്ഥലം ഉടമകളായ ജലസേചന വകുപ്പിൽനിന്ന് എതിർപ്പുകൾ മാത്രം. എങ്കിൽ താൻ മടങ്ങുന്നുവെന്നു വ്യക്തമാക്കിയതോടെ അവർ അയഞ്ഞു. പണി തുടങ്ങിയപ്പോൾ നാട്ടിലാകെ എതിർപ്പായി. തുണിയുടുക്കാത്ത ശിൽപമുണ്ടാക്കുന്ന ശിൽപിയെ ഒരു രാത്രി ഏതാനുംപേർ വഴിക്കു വച്ചു തല്ലി വീഴ്ത്തി. പക്ഷേ, അടികൊണ്ടു പിന്തിരിഞ്ഞോടാതെ, ഭീഷണികൾക്കു മുന്നിൽ വാശിയോടെയാണ് കുഞ്ഞിരാമൻ 30 അടി ഉയരമുള്ള നഗ്നയക്ഷിയെ പൂർത്തിയാക്കിയത്. ഇന്നും മലമ്പുഴയിൽ യക്ഷിയുടെ മുന്നിൽ ജനങ്ങളുടെ മുഖത്തു നാണം പൂക്കാറുണ്ട്. പക്ഷേ അവർക്കെല്ലാം അറിയാം, ഇതൊരു ശില്പമാണ്, ഇതു കാണേണ്ടതാണ്. ഇതു ഭാവനയാണ്.
‘‘ഷോക്ക് കൊടുക്കുന്നതു പോലെ ജനങ്ങളെ ഉണർത്തുന്നതാണു കല, അല്ലാതെ താരാട്ടു പാടി ഉറക്കുന്നതല്ല’’– ശിൽപിയുടെ ന്യായം. യക്ഷിക്കു ശേഷം തിരുവനന്തപുരം ശംഖമുഖം തീരത്തെ 110 അടി നീളമുള്ള ‘സാഗര കന്യക’ അടക്കം രാജ്യാന്തര തലത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ശിൽപങ്ങൾ പലതും കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കിയത് എതിർപ്പുകളോടു പോരടിച്ചു തന്നെയാണ്.
കലയെയും കലാകാരന്മാരെയും കുറിച്ചുള്ള യാഥാസ്ഥിതിക സങ്കൽപങ്ങളെ വിമർശിക്കുക മാത്രമല്ല, ഒരു ജനാധിപത്യ, സാംസ്കാരിക, സാമൂഹിക ചട്ടക്കൂടിൽ കലയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്ന കലാപരമായ വിപ്ലവമാണ് ഈ സൃഷ്ടികള്‍. അതുകൊണ്ടുതന്നെ, കേരളത്തിന്‍റെ ഉത്തരാധുനിക കലാ ഭൂമിശാസ്ത്രത്തില്‍ ഹിമാലയത്തോളം ഔന്നത്യമുണ്ട് യക്ഷിയുടെ ശില്‍പിക്ക്.
പാലക്കാട്ടുനിന്ന് 10 കിലോമീറ്റർ അകലെ മലമ്പുഴ ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ഈ യക്ഷിപ്രതിമ പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. പശ്ചിമഘട്ടത്തിലെ പ്രകൃതിരമണീയമായ പർവതനിരകളുടെയും പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളുടെയും പശ്ചാത്തലത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന കാഴ്ചയാണ്.
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മലമ്പുഴ അണക്കെട്ട്. യക്ഷിപ്രതിമയെ കൂടാതെ ചുറ്റുമുള്ള കാഴ്ചകളും മലമ്പുഴ ഉദ്യാനത്തിന്‍റെ ആകർഷണീയത വർധിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് മലമ്പുഴ ഉദ്യാനത്തിലേക്കുള്ള സന്ദർശക സമയം. പ്രവേശന ഫീസ്: കുട്ടികൾ (3-12): 10/- രൂപ. മുതിർന്നവർ: 25/- രൂപ. റോപ്‌വേ, സ്‌നേക്ക് പാർക്ക് (തിങ്കളാഴ്‌ച അവധി) എന്നിവയ്‌ക്ക് പ്രത്യേക പ്രവേശന ഫീസുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍ +91 491 2815295
English Summary: Social Discussion on Kanayi Kunhiramans Yakshi