വെറും 300 രൂപ; വയനാട്ടിലെ കാട്ടിനുള്ളിലൂടെ യാത്രയൊരുക്കി കെഎസ്ആർടിസി
![jungle-safari jungle-safari](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-kerala/images/2022/10/8/jungle-safari.jpg?w=1120&h=583)
Mail This Article
വയനാടിന്‍റെ വനസൗന്ദര്യം നുകര്‍ന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമില്ലാത്ത സഞ്ചാരികള്‍ ആരാണുള്ളത്? പകല്‍ സമയങ്ങളില്‍ ഒറ്റയ്ക്കോ കൂട്ടുകാര്‍ക്കൊപ്പമോ ഒക്കെ ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെങ്കിലും നേരമിരുണ്ടാല്‍ ഭയം കാടിറങ്ങി വരും; വല്ല ആനയോ പുലിയോ ചാടി മുന്നിലേയ്ക്ക് വന്നാലോ? എന്നാലിനി ആ ആഗ്രഹം മനസ്സില്‍ ഒതുക്കിപ്പിടിച്ച് ഇരിക്കേണ്ട, വയനാട്ടിലൂടെ രാത്രിയാത്ര നടത്താന്‍ കൂട്ടായി കേരളത്തിന്‍റെ സ്വന്തം ആനവണ്ടിയുണ്ട്!
![ksrtc-wayanad1 ksrtc-wayanad1](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-kerala/images/2022/10/8/ksrtc-wayanad1.jpg)
വിനോദസഞ്ചാരികൾക്ക് രാത്രി ജംഗിള്‍ സഫാരി നല്‍കാനുള്ള പദ്ധതിയുടെ അവസാന ഒരുക്കത്തിലാണ് കെഎസ്ആർടിസിയുടെ ബജറ്റ് സെല്‍. വിനോദസഞ്ചാരികൾക്ക് 300 രൂപ നിരക്കിൽ 60 കിലോമീറ്റർ രാത്രി സഫാരി നൽകാനാണ് പദ്ധതി. വയനാട് പോലെ വളരെയധികം സഞ്ചാരികളെത്തുന്ന ഒരു മലയോരജില്ലയില്‍ രാത്രികാല വിനോദസഞ്ചാരത്തിന്‍റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാടും വന്യജീവികളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും മലനിരകളുമെല്ലാം നിറഞ്ഞ വയനാട്ടില്‍, രാത്രിസമയങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളുടെ അഭാവമുള്ളതിനാല്‍ വിനോദസഞ്ചാരം അത്ര സുഗമമല്ല.
![ksrtc-wayanad ksrtc-wayanad](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-kerala/images/2022/10/8/ksrtc-wayanad.jpg)
വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 വഴി കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിലേക്ക് രാത്രി 9 മണിയോടെ സുൽത്താൻ ബത്തേരിയിലെ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലുള്ള മൂലങ്കാവ്, കരിപ്പൂർ, വള്ളുവാടി, വടക്കനാട് എന്നീ കുഗ്രാമങ്ങളിലൂടെ വാഹനം സുൽത്താൻ ബത്തേരിയിലേക്ക് കടക്കും. ഇടവേളയ്ക്ക് ശേഷം വന്യജീവി സങ്കേതത്തിലെ കുറിച്യാട്, കുറിചയാട് ഫോറസ്റ്റ് റേഞ്ചുകളിലൂടെ ഇരുളം വരെ യാത്ര തുടരും. 60 കിലോമീറ്റർ സഫാരി രാത്രി 11.30 ഓടെ സുൽത്താൻ ബത്തേരിയിൽ അവസാനിക്കും. നൈറ്റ് സഫാരി അടുത്ത ആഴ്ച പകുതിയോടെ ആരംഭിക്കും, സഫാരിക്കായി ഒരാള്‍ക്ക് 300 രൂപ ചിലവാകും.
യാത്രക്കായി രണ്ട് കസ്റ്റമൈസ്ഡ് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അവസാന മിനുക്കുപണികൾ ഡിപ്പോയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. കൂടാതെ, കെഎസ്ആർടിസി ഡിപ്പോയിൽ വിനോദസഞ്ചാരികൾക്ക് നാമമാത്രമായ ചെലവിൽ താമസിക്കാൻ നാല് എയർകണ്ടീഷൻ ചെയ്ത സ്ലീപ്പർ ബസുകളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി മാത്രം റിസർവ് ചെയ്തിട്ടുള്ള ഒരു ബസ് ഉൾപ്പെടെയാണിത്. ബസുകളിൽ മുൻകൂർ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഡീലക്‌സ് റൂമുകളും ഡോർമിറ്ററി സൗകര്യങ്ങളും ലഭ്യമാക്കും. ഡോർമിറ്ററിയിലെ ഓരോ കിടക്കയ്ക്കും ഡീലക്‌സ് റൂമിനും യഥാക്രമം 160 രൂപയും 890 രൂപയുമാണ് കെഎസ്ആർടിസി പ്രതിദിനം ഈടാക്കുന്നത്.
കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറിന്‍റെ സ്വപ്ന പദ്ധതിയാണിത്. സ്ലീപ്പർ കോച്ചുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്കും ദൂരെ സ്ഥലങ്ങളിൽ നിന്ന് വയനാട്ടിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്കും മാത്രമേ ഇപ്പോള്‍ സഫാരി ലഭ്യമാകൂ.
English Summary: KSRTC launch first night jungle safari in Wayanad