ADVERTISEMENT

സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറക്കും ഇടയില്‍ പുതിയ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. മണിക്കൂറില്‍ 130-160 കിമി വേഗതയില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിൽ ആറു മണിക്കൂറുകൊണ്ട് കാശിയില്‍ നിന്നും കൊല്‍ക്കത്തയ്ക്കെത്താം. വാരാണസിയില്‍ നിന്നും പ്രധാനപ്പെട്ട സ്ഥലത്തേക്കു പുറപ്പെടുന്ന അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ന്യൂഡല്‍ഹിയിലേക്ക് രണ്ടും പട്‌നയിലേക്കും റാഞ്ചിയിലേക്കും ഓരോന്നുവീതവും വന്ദേഭാരത് എക്‌സ്പ്രസുകള്‍ വരാണസിയില്‍ നിന്നുണ്ട്. 

വരാണസി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഹൗറയിലേക്ക് യാത്ര ആരംഭിക്കുക. യാത്രികരുടെ സൗകര്യം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയതായി എത്തിയ മിനി വന്ദേ ഭാരത് എക്‌സ്പ്രസ്. ചെയര്‍കാറുകളും സ്ലീപ്പറുകളും അടക്കം എട്ടു കോച്ചുകളാണ് മിനി വന്ദേഭാരത് എക്‌സ്പ്രസിലുള്ളത്. 

കിഴക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വരവ്. വരാണസിക്കും ഹൗറയ്ക്കുമിടയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇതുവഴി യാത്രാസമയം കുറയുകയും യാത്രയുടെ കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തു. ആധുനിക രീതികളിലുള്ള ഡിസൈനും ഉയര്‍ന്ന വേഗതയും പല തരം കോച്ചുകളുടെ ഓപ്ഷനുകളുമെല്ലാം യാത്രികരുടെ പ്രിയ യാത്രാ മാര്‍ഗമാക്കി മിനി വന്ദേ ഭാരത് എക്‌സ്പ്രസിനെ മാറ്റാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. 

വരാണസിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കും പട്‌നയിലേക്കും റാഞ്ചിയിലേക്കുമുള്ള വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ഇപ്പോള്‍ തന്നെ ജനപ്രിയമാണ്. ഇന്ത്യയിലെ പ്രധാന റെയില്‍ ഹബ് എന്ന നിലയിലേക്ക് വരാണസിയെ മാറ്റാന്‍ പുതിയ വരാണസി ഹൗറ മിനി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വരവ് സഹായിക്കും. മിനി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കൂടി വരവോടെ കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രധാന നഗരങ്ങള്‍ തമ്മിലുള്ള റെയില്‍ ബന്ധത്തിനൊപ്പം സമ്പദ്ഘടനയുടെ വളര്‍ച്ചക്കും വികസനത്തിനും പുതിയ ഗതാഗത സാധ്യതകള്‍ ഗുണം ചെയ്യും. 

വരാണസി ഹൗറ വന്ദേ ഭാരത് ട്രെയിനു വേണ്ടിയുള്ള അപേക്ഷ 2023ലാണ് റെയില്‍വേ ബോര്‍ഡ് മുമ്പാകെ എത്തുന്നത്. ഈ റൂട്ടിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് റെയില്‍വേ മന്ത്രാലയം മിനി വന്ദേ ഭാരത് എക്‌സ്പ്രസിന് അനുമതി നല്‍കിയിരിക്കുന്നത്. വൈകാതെ വന്ദേ ഭാരത് എക്‌സ്പ്രസും ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. 

മിനി വന്ദേ ഭാരത്

ആദ്യത്തെ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ബെംഗളൂരുവിനും ഡെറാഡൂണിനും ഇടക്കാണ് സര്‍വീസ് ആരംഭിച്ചത്. മണിക്കൂറില്‍ 110 കിമി വരെ വേഗതയില്‍ ഈ ട്രെയിന്‍ സഞ്ചരിക്കുന്നുണ്ട്. ചെന്നൈയിലെ ഇന്റഗ്രന്‍ കോച്ച് ഫാക്ടറിയിലാണ് മിനി വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ചെറിയ ട്രെയിനുകളാണിത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു 16 കോച്ചുകളാണെങ്കില്‍ മിനി വന്ദേ ഭാരതിന് എട്ടു കോച്ചുകളാണുള്ളത്. എയര്‍ കണ്ടീഷന്‍ഡ് കോച്ചുകളും ഓട്ടമാറ്റിക് ഡോറുകളും സിസിടിവിയും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് അഡ്രസ് സിസ്റ്റവും മറ്റു സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം മിനി വന്ദേ ഭാരതിലുണ്ട്. രാജ്യത്തെ ചെറു നഗരങ്ങള്‍ക്കിടയില്‍ 64 മിനി വന്ദേ ഭാരത് ട്രെയിനുകള്‍ തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി.

English Summary:

New Mini Vande Bharat Express from Varanasi to Howrah takes only 6 hours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com