ശ്രീലങ്കൻ എയർലൈൻസിന് ‘ബെസ്റ്റ് പീപ്പിൾസ് ഓഫ് ദ ഈയർ’ പുരസ്കാരം

Mail This Article
യാത്രാപ്രേമികൾക്ക് ഇതാ സന്തോഷവാർത്ത, ശ്രീലങ്കൻ എയർലൈൻസിനെ ബെസ്റ്റ് പീപ്പിൾസ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. കയ്യിൽ അധികം പണമില്ലെങ്കിലും, ധൈര്യമായി യാത്രയ്‌ക്കൊരുങ്ങാവുന്ന രാജ്യമാണ് ശ്രീലങ്ക. സഞ്ചാരികളുടെ ഇഷ്ടയിടം എന്നു തന്നെ പറയാം. കടൽക്കാഴ്ചകൾക്കപ്പുറം പച്ചയണിഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങളും വന്യസൗന്ദര്യവും രുചികരമായ ഭക്ഷണവുമൊക്കെയാണ് ശ്രീലങ്കയുടെ ആകർഷണം. ആ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നതാണ് ശ്രീലങ്കൻ എയർലൈൻസിന് കിട്ടിയ ഈ അംഗീകാരവും.

2025 ലെ ഹൈബിസ് ടിവി ബിസിനസ് എക്സ് ലൻസ് അവാർഡാണ് ശ്രീലങ്കൻ എയർലൈൻസ് സ്വന്തമാക്കിയിരിക്കുന്നത്. തെലങ്കാനയിലെ പ്രമുഖ ഡിജിറ്റൽ ബിസിനസ് ചാനലായ ഹൈബിസ് ടിവിയാണ് ശ്രീലങ്കൻ എയർലൈൻസിനെ ബെസ്റ്റ് പീപ്പിൾസ് ഓഫ് ദ ഈയർ ആയി തിരഞ്ഞെടുത്തത്. അധികം പണച്ചെലവില്ലാതെ മറ്റൊരു രാജ്യത്തേക്കു യാത്ര പോകണമെന്നു തോന്നുമ്പോൾ മലയാളികൾക്കു ധൈര്യമായി ബാഗുമായിറങ്ങാം ലങ്കയിലേക്ക്, കണ്ണും മനസ്സും വയറും നിറയ്ക്കുന്നതെല്ലാം അവിടെയുണ്ടിപ്പോൾ. കൊച്ചിയിൽ നിന്ന് ഒരു മണിക്കൂറും 10 മിനിറ്റുമാണു യാത്രാ സമയമെങ്കിലും അതിനും മുൻപേ കൊളംബോയുടെ ഹൃദയാകാശം കാണാം. ശ്രീലങ്കൻ എയർലൈൻസാണ് ഈ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതെങ്കിൽ വിമാനത്തിൽ തന്നെ അനുഭവിച്ചറിയാം അന്നാട്ടുകാരുടെ ആതിഥ്യ മര്യാദ.
തെലങ്കാന സർക്കാരിന്റെയും തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന്റെയും പിന്തുണയില്‍ തെലങ്കാനയിൽ നിന്നുള്ള വിവിധ മേഖലകളിലെ ബിസിനസുകൾ കരസ്ഥമാക്കിയ ശ്രദ്ധേയമായ നേട്ടങ്ങൾക്കുള്ളതാണ് ഈ അവാർഡുകൾ. ഇന്ത്യയിലും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലും ശ്രീലങ്കൻ എയർലൈൻസിനുള്ള ജനപ്രീതിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ എച്ച്ഐസിസി നൊവാടെലിൽ നടന്ന ഈ ചടങ്ങിൽ, നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. തെലങ്കാന ഐടി-ഇലക്ട്രോണിക്സ്-വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ഡി ശ്രീധർ ബാബു ആയിരുന്നു മുഖ്യാതിഥി.
ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ത്രിച്ചി, മധുരൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രതിവാരം 90 സർവീസുകളാണ് ശ്രീലങ്കൻ എയർലൈൻസ് നടത്തുന്നത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് കൊളംബോയിലേക്കും അതിനപ്പുറത്തേക്കും പ്രതിവാരം നാല് വിമാന സർവീസുകളുമുണ്ട്. സുഖകരമായ യാത്രയും രുചിയൂറും ഇന്ത്യൻ വിഭവങ്ങളും ബ്ലോക്ബസ്റ്റർ തെലുങ്ക് ചിത്രങ്ങളുമൊക്കെ ആസ്വദിച്ച് ശ്രീലങ്കയിലേക്ക് പറക്കാം.