ദ്വാരകയിലേക്ക് കാൽനടയായി അനന്ത് അംബാനി; 170 കിലോമീറ്റർ പദയാത്ര, അനുഗമിച്ച് ആയിരങ്ങൾ

Mail This Article
ഭാരതത്തിന്റെ ആത്മീയ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് പദയാത്രയുമായി അനന്ത് അംബാനി. ജാംനഗർ മുതൽ ദ്വാരക വരെ നീണ്ട 170 കിലോമീറ്ററാണ് പദയാത്ര തുടരുന്നത്. പൈതൃക ശേഷിപ്പുകൾക്കൊപ്പം ആത്മീയ നാഗരിക ശേഷിപ്പുകൾ തുടരുന്ന ഇന്ത്യയിൽ രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഒരു പിൻഗാമി ആത്മീയ വഴിയിൽ നടത്തുന്ന പദയാത്ര ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

29 കാരനായ അനന്ത് അംബാനി തന്റെ പൂർവികരുടെ ജന്മനാടും കർമ്മഭൂമിയുമായ ജാംനഗറിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് 170 കിലോമീറ്റർ പദയാത്ര തുടങ്ങിയത്. മാർച്ച് 29 ന് യാത്ര ആരംഭിച്ചതിനുശേഷം, അദ്ദേഹം ദിവസവും ഏകദേശം 20 കിലോമീറ്റർ സഞ്ചരിക്കുകയാണ്. എല്ലാ രാത്രിയിലും ഏഴ് മണിക്കൂർ ഈ പദയാത്ര തുടരുന്നുണ്ട്.

ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിൽ കൊത്തിയെടുത്ത നഗരമായ ദ്വാരകയിൽ അദ്ദേഹം ഏപ്രിൽ 8 ന് എത്തിച്ചേരും. അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത് എന്നതും പ്രത്യേകതയാണ്.

വരുന്ന വഴികളിലെല്ലാം അനന്ത് അംബാനിയെ വരവേറ്റത് സ്നേഹത്തിൽ പൊതിഞ്ഞാണ്. ചിലർ അനന്തിനൊപ്പം പദയാത്രയെ അനുഗമിച്ചു. മറ്റുള്ളവർ ദ്വാരകയുടെ അധിപനായ ദ്വാരകാധീശന്റെ ചിത്രങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു. മറ്റ് ചിലർ കുതിരപ്പുറത്തെത്തി അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പകർത്തി.
കുഷിംങ് സിന്‍ഡ്രോം എന്ന അപൂര്‍വ ഹോർമോൺ തകരാറ് മൂലമുണ്ടാകുന്ന ബലഹീനത, രോഗാതുരമായ പൊണ്ണത്തടി, ആസ്ത്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അംബാനിയുടെ പദയാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഈ ആത്മീയ പദയാത്രയിലുടനീളം, ദ്വാരകയിലേക്കുള്ള യാത്രയിൽ ഹനൂമാൻ ചാലിസ, സുന്ദർഖണ്ഡ്, ദേവി സ്തോത്രം എന്നിവ ജപിച്ചായിരുന്നു അനന്ത് അംബാനിയുടെ യാത്ര. ശതകോടീശ്വരനായി വളർന്നപ്പോഴും സനാതന ധർമ്മത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം തന്റെ ജീവിത യാത്ര മുന്നോട്ട് കൊണ്ടുപോകുന്നത്.

ഭാരതത്തിന്റെ പുണ്യപുരാതനായ പല ആത്മീയ കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ പതിവ് വിഹാര കേന്ദ്രങ്ങൾ തന്നെയായി പലപ്പോഴും മാറാറുണ്ട്. അവയിൽ പ്രധാനമാണ് ബദ്രിനാഥ്, കേദാർനാഥ്, കാമാഖ്യ, നാഥദ്വാര, കാളിഘട്ട്, കുംഭമേള എന്നീ ഭാരതത്തിന്റെ പുണ്യകേന്ദ്രങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുടെ മേല്‍നോട്ടം വഹിക്കുന്ന അദ്ദേഹം അതിനോടൊപ്പം തന്നെ രാജ്യത്തെ ഏറ്റവും വലിയ പുതിയ ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും ഒരുങ്ങുകയാണ്.

അദ്ദേഹം സ്ഥാപിച്ച വൻ താര മൃഗസംരക്ഷണ കേന്ദ്രവും ഇന്ത്യയിൽ ഏറ്റവും പ്രശ്സതമാണ്. മൃഗങ്ങളുടെ സംരക്ഷണവും പരിചരണവും ഏറ്റെടുത്ത് നടത്തുന്ന വൻതാരയുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

ബിസിനസ്സ് ലോകത്ത് തന്റേതായ ഭാവി സൃഷ്ടിക്കുന്നതിനൊപ്പം ആത്മീയ പാരമ്പര്യത്തിന്റെ പാതയിൽ കൂടി തനിക്ക് സഞ്ചരിക്കാൻ കഴിയുമെന്നും അനന്ത് പദയാത്രയിലൂടെ ലോകത്തിനോട് വിളിച്ചു കാട്ടുകയാണ്.