സമ്പൂർണ നക്ഷത്രഫലം 2019 –ചതയം : കാണിപ്പയ്യൂർ

Mail This Article
ചതയം നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ൽ കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് എല്ലാ മേഖലകളിലും ചുമതലകളും അധ്വാനഭാരവും അധികാരപരിധിയും വർധിക്കും. ഇതെല്ലാം സഹർഷം ഏറ്റെടുക്കുകയും വളരെ നല്ല നിലയിൽ ആഗ്രഹിക്കുന്നതിലുപരി ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കുവാനും ഈയൊരു വർഷം യോഗമുണ്ട്. എന്നാൽ ഇതിന്റെ സാമ്പത്തികമായുള്ള പരിണതഫലം 2020 ലേ ഉണ്ടായിത്തീരുകയുള്ളൂ. 2020ൽ പൂർത്തീകരിക്കത്തക്ക വിധത്തിലുള്ള ബൃഹത്പദ്ധതികളോ കർമപദ്ധതികളോ പാഠ്യപദ്ധതികളോ ഏറ്റെടുക്കുവാനും അനുകൂലമാക്കിത്തീർക്കുവാനും സാധിക്കും. കടം വാങ്ങിയതെല്ലാം കൊടുത്തു തീർക്കാനുള്ള സാഹചര്യങ്ങൾ 2020ൽ വന്നുചേരുവാൻ ഇടയുള്ളതിനാൽ അതിനുള്ള ചില പ്രാരംഭ നടപടിക്രമങ്ങൾ 2019ൽ വേണ്ടിവരും.
വിദ്യാർഥികൾക്ക് ഏറെക്കുറെ തൃപ്തികരമായിട്ടുള്ള വിജയം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് താൽക്കാലിക ജോലിയേ പ്രാരംഭത്തിൽ ലഭിക്കുകയുള്ളൂ, മെയ്മാസത്തിനു ശേഷം മെച്ചപ്പെട്ട ജോലി കിട്ടും എന്നാൽ നവംബറിനു ശേഷം പഠിച്ച വിദ്യയോടനുബന്ധമായതും അല്ലെങ്കിൽ തൃപ്തിയായിട്ടുള്ള വിഷയത്തിനോടു ബന്ധപ്പെട്ട ഒരു ഉദ്യോഗത്തിന് അവസരം വന്നുചേരുവാൻ യോഗം കാണുന്നുണ്ട്. വാഹനം മാറ്റി വാങ്ങുവാനുള്ള സാധ്യതയുണ്ട്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ ചെലവ് വരും എന്ന ആശങ്കയാൽ തുടങ്ങിവയ്ക്കും എന്നാൽ അധിക ചെലവില്ലാതെ ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കുവാനുള്ള അവസരം മനസമാധാനത്തിന് വഴിയൊരുക്കും.
നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നതുവഴി ആശ്വാസത്തിനുള്ള യോഗം കാണുന്നുണ്ട്. ബന്ധുമിത്രാദികള്‍ വിരുന്നുവരുവാനും അവരുടെ കാര്യങ്ങളെല്ലാം വേണ്ടവിധത്തിൽ നിവർത്തിക്കുവാനും യോഗം കാണുന്നു. ഓണാഘോഷത്തിന് ജന്മനാട്ടിൽ എത്തിച്ചേരുവാനും സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരം ഉണ്ടായിത്തീരും എന്നാൽ മറ്റു ചിലർക്ക് പ്രായാധിക്യമുള്ളവരെ കാണുവാനും അവരുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്.
സാമ്പത്തികമായിട്ടുള്ള വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള യോഗം കാണുന്നുണ്ട്. ഡോക്ടർമാരുടെ നിർദേശപ്രകാരം സന്താന സൗഭാഗ്യത്തിനുള്ള സാഹചര്യങ്ങളും ചികിത്സകളും നടത്തുകയും 2020 ൽ സന്താനസൗഭാഗ്യത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്യും. പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവര്‍ത്തനങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കുവാനും യുക്തമായിട്ടുള്ള തീരുമാനം ഒക്ടോബർ മാസം മുതൽ സ്വീകരിക്കുവാനും ഉള്ള സാധ്യത ഉണ്ട്. പൊതുവെ ചതയം നക്ഷത്രക്കാർക്ക് 2019 അനുകൂലമായിത്തീരുവാൻ യോഗം കാണുന്നുണ്ട്.