വീണ്ടും തെരുവുനായ ആക്രമണം; നായ്പ്പല്ലിൽ നാട്

Mail This Article
ആലപ്പുഴ∙ കുട്ടനാട്ടിൽ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടുനിന്ന നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചതുൾപ്പെടെ സംഭവങ്ങളെത്തുടർന്ന് വീണ്ടും ജില്ലയിൽ ഭീതി പടരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു തെരുവുനായ ആക്രമണത്തിൽ നിലത്തുവീണ കുട്ടിയുടെ മുഖത്താണ് ആഴത്തിൽ കടിയേറ്റത്. കായംകുളം ഐക്യ ജംക്‌ഷനിൽ നാലുവയസ്സുകാരനെ ഉൾപ്പെടെ 5 പേരെ കടിച്ച തെരുവുനായ ചത്തതാണു ആ പ്രദേശത്ത് ആശങ്ക പരത്തുന്നത്. തകഴി അരയൻചിറയിൽ അഴീക്കോട് നഗറിൽ കാർത്യായനി (81) വലിയഴീക്കലിലെ വീട്ടുമുറ്റത്തു തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏറെ ഞെട്ടിച്ച സംഭവമായിരുന്നു.
ഇതിന് അര കിലോമീറ്റർ ചുറ്റളവിൽ രണ്ടുമാസത്തിനിടെ അഞ്ചോളം പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. കടക്കരപ്പള്ളി പഞ്ചായത്ത് 8–ാം വാർഡിൽ വടക്കേകണ്ടത്തിൽ ലളിത (63) തെരുവുനായയുടെ കടിയേറ്റ് മരിച്ചിരുന്നു. തെരുവുനായ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് അവശനിലയിൽ കഴിഞ്ഞിരുന്ന തത്തംപള്ളി സ്വദേശി ആന്റണി ജോസഫ് കഴിഞ്ഞ ഡിസംബറിലും പേവിഷബാധയേറ്റു ചാരുംമൂട് പേരൂർകാരാഴ്മ സബിതാ നിവാസിൽ സാവൻ വി.കൃഷ്ണ (9) ഫെബ്രുവരിയിലും മരിച്ചിരുന്നു. ചാരുംമൂട് ആളുകളെ കടിച്ച തെരുവുനായ്ക്കൾക്കു പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ നടപടിയുണ്ടായി.
അതിന്റെ ആശ്വാസത്തിനിടെയാണ് ഏതാനും ദിവസമായി ജില്ലയുടെ പല ഭാഗത്തുനിന്നുമായി തെരുവുനായ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
∙ ആലപ്പുഴ ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, ജനറൽ ആശുപത്രി വളപ്പ്, കെഎസ്ആർടിസി സ്റ്റാൻഡ്, മാർക്കറ്റ് പരിസരം, ജവാഹർ ബാലഭവൻ റോഡ്, എന്നിങ്ങനെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആലപ്പുഴ ബീച്ചിലെത്തിയ വിദേശസഞ്ചാരിക്കും മറ്റും കടിയേറ്റിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നവരെ നായ കടിക്കുന്നതു സ്ഥിര സംഭവമാണ്.
∙ തുറവൂർ ടിഡി സ്കൂൾ പരിസരം, വളമംഗലം, കാവിൽ സ്കൂൾ, കുത്തിയതോട് അമാൽഗം, കുപ്ലിത്തറ, ചൂർണിമംഗലം, കോടംതുരുത്ത്, പാണാവള്ളി, തൈക്കാട്ടുശേരി, പൂച്ചാക്കൽ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്. നായ്ക്കളെ പേടിച്ചു സ്കൂൾ വിദ്യാർഥികൾ കൂട്ടമായാണു പോകുന്നത്.
∙ ചെങ്ങന്നൂർ ചെറിയനാട്ട് പതിനൊന്നുകാരൻ ഉൾപ്പെടെ മൂന്നുപേർക്കു നായയുടെ ആക്രമണത്തിൽ പരുക്കേറ്റതു കഴിഞ്ഞ മാസമാണ്. വളർത്തുമൃഗങ്ങളെയും കടിച്ച നായയെ കണ്ടെത്താനായില്ല.
തെരുവുനായ വന്ധ്യംകരണ പദ്ധതി പുനരാരംഭിക്കുന്നു
ആലപ്പുഴ∙ രണ്ടു വർഷത്തിലേറെയായി ജില്ലയിൽ നിലച്ചിരുന്ന തെരുവുനായ വന്ധ്യംകരണ പദ്ധതി (അനിമൽ ബർത്ത് കൺട്രോൾ– എബിസി) പുനരാരംഭിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിൽ കണിച്ചുകുളങ്ങരയിലെ എബിസി സെന്റർ 27നു രാവിലെ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തിനു പ്രവർത്തനാനുമതി നൽകി.ആലപ്പുഴ നഗരസഭ സീ വ്യൂ വാർഡിലെ എബിസി സെന്ററിൽ തെരുവുനായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകളുടെ പണി നടക്കുകയാണ്.
കേന്ദ്ര അനുമതി കൂടി ലഭിച്ചാലേ ഇവിടെ വന്ധ്യംകരണം നടത്താനാകൂ. മുൻപു പ്രവർത്തിച്ചിരുന്ന ഈ രണ്ടു കേന്ദ്രങ്ങളും അറ്റകുറ്റപ്പണിക്കായി രണ്ടു വർഷം മുൻപാണ് അടച്ചത്.ഇതിനു പുറമേ മുതുകുളം, പാലമേൽ, പട്ടണക്കാട് എന്നിവിടങ്ങളിലായി 3 വന്ധ്യംകരണ കേന്ദ്രങ്ങൾക്കു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 2 ബ്ലോക്ക് പഞ്ചായത്തിന് ഒന്നു വീതം എന്ന തോതിൽ ഇത്തരം കേന്ദ്രങ്ങൾ വേണമെന്നാണു സർക്കാർ നിർദേശം. എന്നാൽ ചെങ്ങന്നൂർ മേഖലയിൽ ഇതിനായി സ്ഥലം കണ്ടെത്താനായിട്ടില്ല.