മറീന ബീച്ച്: മാലിന്യം തള്ളിയാൽ പിഴയുറപ്പ് വൃത്തിയും വെടിപ്പും ഉറപ്പാക്കാൻ‘നമ്മ മറീന നമ്മ പെരുമൈ’

Mail This Article
ചെന്നൈ ∙ നഗരത്തിന്റെ അഭിമാനവും മുഖമുദ്രയുമായ മറീന ബീച്ചിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ‘നമ്മ മറീന നമ്മ പെരുമൈ’ പദ്ധതിക്കു തുടക്കമിട്ട് സർക്കാർ. കടലും കടൽത്തീരവും സദാസമയവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പദ്ധതിയാണു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, ആധുനിക സൗകര്യങ്ങളോടെയുള്ള ഓൾ ടെറെയ്ൻ വാഹനങ്ങളിൽ കറങ്ങി ബീച്ച് മാർഷൽമാർ നിരീക്ഷണം നടത്തും. ബീച്ച് വൃത്തികേടാക്കുന്നവർക്കു കയ്യോടെ പിഴ ചുമത്തും. മറീനയ്ക്കൊപ്പം ബസന്റ് നഗറിലെ എലിയറ്റ്സ് ബീച്ചിലും സമാന പ്രവർത്തനങ്ങൾ നടപ്പാക്കും.
മുഖംമിനുക്കുന്നു
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നായ മറീനയുടെ അഴകും പ്രൗഢിയും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണു സർക്കാർ നേരിട്ടു നടപ്പാക്കുന്നത്. ബീച്ച് എപ്പോഴും ശുചിയാണെന്നും കയ്യേറ്റം ഇല്ലെന്നും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി, ആധുനിക സൗകര്യങ്ങളുള്ള നാലുചക്ര ‘സ്പോർട്സ്മാൻ ടൂറിങ് 570’ ഓൾ ടെറെയ്ൻ വാഹനങ്ങളിൽ (എടിവി) മാർഷൽമാർ നിരീക്ഷണം നടത്തും.
16 ലക്ഷം രൂപ വീതം ചെലവുള്ള 3 എടിവികൾ ബീച്ചിൽ നടന്ന ചടങ്ങിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പുറത്തിറക്കി. തുടർന്ന് ബീച്ചിലൂടെ അദ്ദേഹം എടിവി ഓടിക്കുകയും ചെയ്തു. മാലിന്യങ്ങൾ തള്ളുന്നവർക്കും കയ്യേറ്റം നടത്തുന്നവർക്കും പിഴ ചുമത്തും. നഗരത്തിലെ ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യം പുറത്തേക്കെടുക്കുന്നതിനുള്ള റോബട്ടിക് യന്ത്രം, കടൽത്തീരം വൃത്തിയാക്കുന്നതിനുള്ള യന്ത്രം എന്നിവയും പുറത്തിറക്കി.
മറീന, എലിയറ്റ്സ് എന്നിവിടങ്ങളിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷം മറ്റു ബീച്ചുകളിലേക്കും വ്യാപിപ്പിക്കാനാണു തീരുമാനം. മറീന ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിനും അനധികൃത കച്ചവടം തടയുന്നതിനും കോർപറേഷനും പൊലീസും ചേർന്നു നേരത്തേയും ചില പദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ, ഈയിടെയായി മലിനീകരണം കൂടുകയും അക്രമസംഭവങ്ങൾ വർധിക്കുകയും ചെയ്തതു കണക്കിലെടുത്താണു പുതിയ സംവിധാനം നടപ്പാക്കിയത്.
വരുന്നു, ഓപ്പൺ തിയറ്ററും
മറീന ബീച്ചിൽ വിനോദ പരിപാടികൾക്കു വേദിയൊരുക്കുന്ന ഓപ്പൺ തിയറ്റർ സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാർ, കോർപറേഷൻ ഉദ്യോഗസ്ഥർ ചർച്ച നടത്തി. ദിവസേന വിവിധ പരിപാടികൾ അവതരിപ്പിക്കാൻ ഇടമൊരുക്കുന്ന രീതിയിലാണു തിയറ്റർ വിഭാവനം ചെയ്യുന്നത്. കുട്ടികൾക്കുള്ള പ്രത്യേക കളിസ്ഥലം, കുളിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കുന്നതും പരിഗണനയിലുണ്ട്.