ഇതോ ജില്ലാ ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷൻ
Mail This Article
കാസർകോട് ∙ കൃത്യമായ ഇൻഫർമേഷനില്ല, നടപ്പാലമില്ല, ലിഫ്റ്റില്ല. ഇത് കാസർകോട് റെയിൽവേ സ്റ്റേഷന്റെ സ്ഥിതിയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഇല്ലാത്ത ദുരിതമാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ. ഇരു ഭാഗങ്ങളിലേക്കുമായി ദിവസേന 12000ത്തോളം യാത്രക്കാർ, അറുപതോളം ട്രെയിനുകൾ, പ്രതിദിന വരുമാനം 4 മുതൽ 5 ലക്ഷത്തിലേറെ, എന്നിട്ടും ജില്ലാ ആസ്ഥാനത്തെ കാസർകോട് റെയിൽവേ സ്റ്റേഷന് അധികൃതരുടെ അവഗണന.
ഇൻഫർമേഷൻ സെന്റർ പേരിനു മാത്രം
മിക്ക ദിവസങ്ങളിലും വൈകിട്ട് 5 മുതൽ പിറ്റേന്നു രാവിലെ 9 വരെ ഇവിടെ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നില്ല. ഒരു ജീവനക്കാരൻ മാത്രമാണ് ഇപ്പോഴുള്ളത്. യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനു മൊബൈൽ ആപ്പ് മാത്രമാണ് രക്ഷ. എന്നാൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാനറിയാത്ത യാത്രക്കാർ ദുരിതത്തിലാകുകയാണ്.
കൃത്യമായി വിവരങ്ങൾ ലഭിക്കാത്തതിനാൽ യാത്രക്കാർ ട്രെയിനുകൾ മാറി കയറുന്ന അവസ്ഥ പതിവ്. ട്രെയിനുകളുടെ കോച്ച് നിലകൾ സംബന്ധിച്ചുള്ള വിവരവും ജീവനക്കാരനില്ലാത്തതിനാൽ പലപ്പോഴും ഇവിടത്തെ ബോർഡിൽ പ്രദർശിപ്പിക്കാറില്ല. ഉള്ള ജീവനക്കാരെ സ്ഥലം മാറ്റിയതോടെ ദുരിതം കൂടി. ഇൻഫർമേഷൻ സെന്ററിൽ ജീവനക്കാരില്ലാത്തതിനാൽ സ്റ്റേഷനിലെ റിട്ടയറിങ് റൂമുകൾ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും യാത്രക്കാർക്ക് ലഭിക്കുന്നില്ല.
നടപ്പാലം അടച്ചിട്ട് നാലാഴ്ച
അറ്റകുറ്റപ്പണിക്കായി ഡിസംബർ 17 നാണ് കാസർകോട് റെയിൽവേ സ്റ്റേഷനിലെ പഴയ നടപ്പാലം അടച്ചിട്ടത്. 15 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കി തുറക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതുവരെ പണി തുടങ്ങിയില്ല. നിർമാണ പ്രവൃത്തിയുടെ ടെൻഡർ ആദ്യത്തേതു കഴിഞ്ഞുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഇനി വീണ്ടും ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരെ ക്ഷണിച്ച് പ്രവൃത്തി തുടങ്ങി പൂർത്തിയാക്കണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരൂം. 2 നടപ്പാലമാണ് റെയിൽവേ സ്റ്റേഷനിലുള്ളത്. ഇതിൽ ഒന്ന് പൊലീസ് സ്റ്റേഷന്റെ ഭാഗത്താണ്. ഇതിലേക്ക് പോകണമെങ്കിൽ 200 മീറ്ററിലേറെ പോകണം. അതിനാൽ പലരും പാത മുറിച്ച് കടക്കുകയാണ്.
ലിഫ്റ്റുണ്ട്, പക്ഷേ
റെയിൽവേ സ്റ്റേഷനിലെ മേൽപാലം അടച്ചിട്ടതോടെയാണ് ലിഫ്റ്റ് യാത്രയും മുടങ്ങിയത്. ഇതു കാരണം ഭിന്നശേഷിക്കാരായ യാത്രക്കാരും വയോധികരും ഉൾപ്പെടെയുള്ളവരാണ് ഏറെ പ്രയാസപ്പെടുന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളും പ്രായമായവരും രോഗികളും നടപ്പാലവും ലിഫ്റ്റും അടച്ചത് മൂലം വല്ലാതെ പ്രയാസപ്പെടുകയാണ്. കെ.യമുന (കാസർകോട് താലൂക്കാഫീസ്)
റെയിൽവേ സ്റ്റേഷൻ നടപ്പാലത്തിന്റെ അടച്ചിടൽ കാരണം ട്രെയിൻ ഇറങ്ങി മരണവെപ്രാളത്തോടെ രണ്ടു ഓവർബ്രിഡ്ജിലൂടെയും അവരവരുടെ ജോലിസ്ഥലത്തേക്ക് ഓടുന്ന ദയനീയ കാഴ്ചയാണ് നിത്യേന കാണാൻ സാധിക്കുന്നത്. സുജ മേരി ജോസ് (ട്രെയിൻ യാത്രക്കാരി, കാസർകോട്)
സർക്കാർ ജീവനക്കാരും അധ്യാപകരും , തൊഴിലാളികളും പൊതുജനങ്ങളും ഉൾപ്പെടെ ഇവിടെ എത്തുന്ന യാത്രക്കാർ പ്ലാറ്റ്ഫോം കടക്കുന്നത് ഒറ്റ നടപ്പാലത്തിലൂടെ തിങ്ങിഞെരുങ്ങിയാണ്. കെ.വിനോദ്കുമാർ (എഎയുപി സ്കൂൾ, നെല്ലിക്കുന്ന്.)
ഇൻഫർമേഷൻ സെന്ററും നടപ്പാലവും ഇല്ലാത്തതു കാരണം യാത്രക്കാർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വി.സി.ഹേമചന്ദ്രൻ,(അധ്യാപകൻ, ടിഐഎച്ച്എസ്എസ് നായന്മാർമൂല)