ADVERTISEMENT

കൊല്ലം ∙ അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ ആശ്രാമം മൈതാനത്തേക്കു  വാഹന പ്രവേശനം തടയാൻ തീരുമാനം. പാർക്കിങ് ഏരിയ ക്രമീകരിച്ച് ഫീസ് ഏർപ്പെടുത്തുകയും ചെയ്യും. അനുമതി ഇല്ലാതെ  മൈതാനം ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും  കലക്ടർ അഫ്സാന പർവീണിന്റെ  അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ 4നു കലക്ടറുടെ നേതൃത്വത്തിൽ മൈതാനം സന്ദർശിച്ചതിനെത്തുടർന്നായിരുന്നു യോഗം.

ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം വരുന്ന മൈതാനത്തിന്റെ തെക്ക് കിഴക്ക് അതിർത്തിയിൽ നടപ്പാത നിർമിച്ചിരിക്കുന്നത് അതിർത്തിയിൽ നിന്ന് ഏറെ അകത്തേക്കു മാറ്റിയാണ്. ഇതുകാരണം ഇവിടെ ഒരു ഏക്കറിൽ അധികം ഭൂമി നഷ്ടമാകും. അതുണ്ടാകാതിരിക്കാൻ സർവേ സ്കെച്ച് പ്രകാരം അതിർത്തിയിൽ ഭൗതിക അടയാളം  ചെയ്ത ശേഷം അതിനോടു ചേർന്നു വേലി നിർമിക്കണമെന്നും  തീരുമാനിച്ചു.‌

അതിർത്തിയോടു  ചേർന്നു വേലി നിർമിക്കാതിരുന്നാൽ നടപ്പാതയ്ക്കും റോഡിനും ഇടയിലുള്ള സ്ഥലം റോഡ‍് പുറമ്പോക്ക് ആയി മാറുകയും പൊതുമരാമത്ത് വകുപ്പ് അതു പാട്ടത്തിനോ വാടകയ്ക്കോ നൽകാൻ ഇടയുണ്ടെന്നും ഇതു വകുപ്പുതല തർക്കങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.ഈ സ്ഥലത്താണ് നേരത്തേ വിവാദമായ കടമുറികളുടെ നിർമാണം തുടങ്ങിയത്. കടമുറികൾക്കു മുന്നിൽ  വാഹന പാർക്കിങ്ങിന് ഉൾപ്പെടെ കൂടുതൽ സ്ഥലസൗകര്യം ലഭിക്കുന്ന വിധത്തിലാണ് അകത്തേക്കു മാറ്റി ‘പൈതൃകവീഥിയും’  അതിന് അനുബന്ധമായി കടമുറി നിർമാണവും തുടങ്ങിയത്. ഇതു നേരത്തേ വിവാദമായിരുന്നു. 

∙ മറ്റു തീരുമാനങ്ങൾ ഇവയെല്ലാം - പ്രവേശന കവാടം

തെക്കും വടക്കും ഭാഗങ്ങളിൽ മാത്രം പ്രവേശന കവാടം മതി. പ്രവേശന വാതിലുകളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മറ്റു ഭാഗങ്ങളിൽ കമ്പിയും ചങ്ങലയും ഉപയോഗിച്ചു ബന്ധിപ്പിച്ചു വാഹന പ്രവേശനം തടയണം. മൈതാനത്തിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കും നടക്കാൻ വരുന്നവർ ഉൾപ്പെടെയുള്ള ജനങ്ങൾക്കും ചെറിയ പ്രവേശന വഴി ഒരുക്കണം.
∙ ഇരിപ്പിടം
മൈതാനത്തിന്റെ പുറത്തെ അതിർത്തിക്കും നടപ്പാതയ്ക്കും ഇടയിൽ കൂടുതൽ ഇരിപ്പിടം ക്രമീകരിക്കണം.
∙ കയ്യേറ്റം തടയൽ
അനധികൃതമായി മൈതാനം ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ തുടർച്ചയായി നിരീക്ഷണം നടത്തണം.
∙ എന്റെ മൈതാനം
ആശ്രാമം എന്റെ മൈതാനം എന്ന പേരിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വൃത്തിയാക്കൽ 2 മാസത്തിൽ ഒരിക്കൽ നടത്തണം.
∙ ജൈവവേലി
നടപ്പാതയ്ക്കു പുറത്ത് റോഡിനോട് ചേർന്നു ജൈവവേലി / നെറ്റ് ഉപയോഗിച്ചുള്ള വേലി നിർമിക്കണം. രണ്ടു നടപ്പാതയ്ക്കും ഇടയിൽ വേലിയായി മരം വച്ചു പിടിപ്പിക്കണം.
∙ തെരുവുനായ് ശല്യം
വ്യായാമത്തിന് എത്തുന്നവർക്കും നടക്കാൻ വരുന്നവർക്കും ഭീഷണിയായി മാറിയ തെരുവുനായ്ക്കളെ നിയന്ത്രിക്കണം.
∙ ബാരിക്കേഡ്
വടക്കുഭാഗത്ത് പൊതുമരാമത്ത് റോഡിനോടു ചേർന്നു നിർമിച്ചിരിക്കുന്നതു പോലെ ഇരുമ്പു തൂൺ ബാരിക്കേഡുകൾ തെക്ക് കിഴക്ക് ഭാഗങ്ങളിൽ റോഡിനോടു ചേർന്നു നിർമിക്കണം. 4 മൂലകളിലും ഹൈമാസ്റ്റ് വിളക്കു സ്ഥാപിക്കണം.
∙ എഡിഎംസി
ആശ്രാമം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കണം. മൈതാനം ഭംഗിയായും വൃത്തിയായും സൂക്ഷിക്കണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയാണ് ആശ്രാമം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ സിഇഒ. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നു കലക്ടർ നിർദേശിച്ചു.ഡിടിപിസി സെക്രട്ടറി, കൊല്ലം തഹസിൽദാർ, ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗം, കൊല്ലം കോർപറേഷൻ, ശുചിത്വമിഷൻ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com