ADVERTISEMENT

കുളത്തൂപ്പുഴ∙ കേരളത്തിലെ പ്രഥമ നാച്വറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം ഒ‌ാണസമ്മാനമായി കാഴ്ചക്കാർക്കായി തുറന്നു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി ജനങ്ങൾക്കു കാണാനാകും വിധം മ്യൂസിയം ഒരു ഹബ് ആയി ഉയർത്താനാണു പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു.കേരളത്തിലെ എല്ലാ ഇക്കോ ടൂറിസം പദ്ധതികളും വനംവകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഇക്കോ ടൂറിസം ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയെന്നു മന്ത്രി അറിയിച്ചു. പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

ഇക്കോ ടൂറിസം പദ്ധതിയിൽപ്പെടുത്തി 9.85 കോടി രൂപ അനുവദിച്ച് ഒന്നാം ഘട്ടം 2021ൽ പൂർത്തിയാക്കിയ മ്യൂസിയം വനം വകുപ്പിന്റെ 3.30 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 5.48 കോടി രൂപ കെട്ടിടങ്ങളുടെ നിർമാണത്തിനും 4.37 കോടി രൂപ പ്രദർശന വസ്തുക്കൾക്കും ശബ്ദവും വെളിച്ചവും ഒരുക്കുന്നതിനും ചെലവഴിച്ചു. ഇൻഫർമേഷൻ സെന്റർ, പരിശീലന ഹാൾ, തടി മ്യൂസിയം, 5 പ്രദർശന ഹാളുകൾ എന്നിവയുള്ള മ്യൂസിയം സമുച്ചയത്തിൽ ആദിവാസി കുടിലുകൾ, നിർമിത ബുദ്ധി കേന്ദ്രം (എഐ സെന്റർ), കുട്ടികളുടെ കളിസ്ഥലം, ലഘുഭക്ഷണശാല, ഇക്കോ ഷോപ്പ്, അതിഥി മന്ദിരം എന്നിവയുണ്ട്.

തിരുവനന്തപുരം ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിക്കാണു നടത്തിപ്പു ചുമതല. പ്രവേശന ഫീസ് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്കു 30 രൂപയും. വനം മേധാവി ഗംഗാസിങ്, മുൻമന്ത്രി കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ജില്ലാ പഞ്ചായത്തംഗം കെ.അനിൽകുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ‌ാമന മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി, പത്മശ്രീ ഡോ.ജി.ശങ്കർ, വനം ഉപമേധാവികളായ ഡി.ജയപ്രസാദ്, രാജേഷ് രവീന്ദ്രൻ, ഡോ.പി.പുകഴേന്തി, ഡോ.എൽ. ചന്ദ്രശേഖർ, പ്രമോദ് ജി.കൃഷ്ണൻ, ജി.ഫണീന്ദ്രകുമാർ റാവു, ജെ.ജസ്റ്റിൻ മോഹൻ, ഡോ.സഞ്ജയൻ കുമാർ, കെ.ഐ.പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വനംവകുപ്പിന്റെ പരിപാടികളിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച് ഉത്തരവ് നൽകാൻ കർശന നിർദേശം

കുളത്തൂപ്പുഴ∙ വനംവകുപ്പിന്റെ യോഗങ്ങളിലും ചടങ്ങുകളിലും പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച് ഉത്തരവ് നൽകാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനം മേധാവി ഗംഗാസിങ്ങിനു കർശന നിർദേശം നൽകി. പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഇല്ലാതാക്കുന്നതിൽ വനം മേധാവികൾ നിരീക്ഷിച്ചു നടപടി എടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ നാച്വറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം ഉദ്ഘാടന യോഗത്തിൽ സ്വീകരണത്തിനു നൽകിയ പൂച്ചെണ്ട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതു കണ്ടാണു മന്ത്രിയുടെ നിർദേശം.

പൂക്കൾ സുന്ദരമാണെന്നും എന്നാൽ അതു പൊ‍തിഞ്ഞതു പ്ലാസ്റ്റിക് കവറിലായത് ആപത്ത് പ്രവണതയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.ഉദ്ഘാടന യോഗത്തിൽ പങ്കെടുത്ത മന്ത്രിക്കും പി.എസ്.സുപാൽ എംഎൽഎയ്ക്കും മുൻമന്ത്രി കെ.രാജുവിനും മാത്രമായി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വലിയ പൂച്ചെണ്ടുകളും മറ്റുള്ളവർക്കു ചെറിയ പൂക്കളും നൽകിയതിലും മന്ത്രി അമർഷം അറിയിച്ചു. ഇത്തരം പ്രവണതകൾ ശരിയല്ലെന്നും മന്ത്രി, എംഎൽഎ പദവികൾ താൽക്കാലികമാണെന്നും എല്ലാവരേയും ഒന്നായി കാണാൻ കഴിയണമെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com