അദ്ഭുതമാണ് അക്ഷർധാം

Mail This Article
ദൈവത്തിന്റെ ദിവ്യഗൃഹം എന്നത്രെ അക്ഷർധാം എന്നതിന്റെ അർഥം. ഹിന്ദു വിശ്വാസപാരമ്പര്യത്തിന്റെ അടയാളമെങ്കിലും ആർക്കും വന്നെത്താവുന്ന അഭ്ദുതം തന്നെയാണു അക്ഷർധാം ക്ഷേത്രം. അസാധാരണമായ വാസ്തുശിൽപ കാഴ്ച ആരെയും ആകർഷിക്കും. മനോഹരമായ മന്ദിരത്തിനും ഉദ്യാനത്തിനുമെല്ലാം ഭക്തിയുടെ ഭാവങ്ങളുണ്ട്.
സാമൂഹിക, ആധ്യാത്മിക ഉന്നമനം ലക്ഷ്യമിട്ടു ഗുജറാത്ത് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ‘ബോച്‌സൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്‌ത’ ആണു (ബാപ്സ്) അക്ഷർധാം ക്ഷേത്രം സ്ഥാപിച്ചത്. ഗുജറാത്തിലെ നർമദാതീരത്തുള്ള അക്ഷർധാം ക്ഷേത്രത്തിന്റെ അതേ രൂപ ഭംഗി തന്നെ ഡൽഹിയിലും സ്വീകരിച്ചു.
വെണ്ണക്കല്ലിൽ വെട്ടിത്തിളങ്ങുന്ന ക്ഷേത്രത്തിനു സ്വർണനിറത്തിലുള്ള ഗോപുരങ്ങളുടെ അഴകുണ്ട്. ചെങ്കൽ ഫലകങ്ങളും കൽത്തൂണുകളും മാർബിളും ഉപയോഗിച്ചുള്ള നിർമിതി ഒരിക്കലെങ്കിലും കണ്ടിരിക്കണം. ബദരീനാഥും സോമനാഥും കൊണാർക്കും ഉൾപ്പെടെ ക്ഷേത്രങ്ങളിലെ വിസ്‌മയകരമായ ശിൽപമാതൃകകൾ സ്‌മാരകത്തിൽ തെളിഞ്ഞുനിൽക്കുന്നതു കാണാം. കല്ലിൽ കടഞ്ഞെടുത്ത തൂണുകൾ, ആയിരത്തിൽപരം വിഗ്രഹങ്ങൾ, കമാനങ്ങൾ.
ചെങ്കല്ലിൽ രൂപമെടുത്ത ഗജവീരന്മാരാണ് ഇടനാഴികളിലെ അഴക്. പുരാണങ്ങളിലെയും വേദോപനിഷത്തുകളിലെയും പഞ്ചതന്ത്രത്തിലെയും കഥകൾ വിടരുന്ന ചുമരുകളാണ് മറ്റൊരു കാഴ്ച. കഥകളിയും ആനയും പോലെ കേരളീയ പാരമ്പര്യത്തിന്റെ ചില ഓർമപ്പെടുത്തലുകളും ഇവിടെ കാണാം.
ഓർക്കാൻ:
∙ പ്രധാന മന്ദിരം, അഭിഷേക് മന്ദിർ, എക്സിബിഷൻ ഹാൾ, വാട്ടർ ഷോ എന്നിവയാണു പ്രധാന ആകർഷണം. വിശാലമായ ഉദ്യാനവും ജലാശയങ്ങളുമുണ്ട്.
∙ രാവിലെ 10 മുതൽ വൈകിട്ട് 8 വരെ ഇവിടെ തുടരാമെങ്കിലും വൈകിട്ട് 6.30 വരെ മാത്രമേ ഇവിടേക്കു പ്രവേശനം അനുവദിക്കു.
∙ പ്രധാനമന്ദിരത്തിലേക്ക് പ്രവേശന ഫീസോ മറ്റോ ഇല്ല. അഭിഷേക മണ്ഡപത്തിൽ 50 രൂപ സംഭാവന നൽകണം.
∙ വലിയ 3 ഹാളുകളിലായാണ് പ്രദർശനം. ഇതിൽ സംസ്കൃതി ദർശൻ ഹാളിൽ കൾച്ചറൽ ബോട്ട് സവാരിയുണ്ട്. പ്രദർശന ഹാളിലേക്ക് മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്കു 150 രൂപയും പ്രത്യേക ടിക്കറ്റെടുക്കണം. 60 വയസ്സിനു മുകളിലുള്ളവർക്ക് 200 രൂപ. പ്രവേശന സമയം 11–8 വരെ. ടിക്കറ്റ് വൈകിട്ട് 6 വരയേ ലഭിക്കൂ.
∙ വാട്ടർ ഷോ വൈകിട്ട് ഇപ്പോൾ 7.45നാണ് ഇപ്പോൾ ആരംഭിക്കുന്നത്. ചില ഘട്ടങ്ങളിൽ കൂടുതൽ ഷോകൾ നടത്താറുണ്ട്. മുതിർന്നവർക്ക് 90 രൂപ, കുട്ടികൾക്ക് 60 രൂപ എന്നതാണ് ടിക്കറ്റ് നിരക്ക്.
∙ പ്രദർശനം ഉൾപ്പെടെ അക്ഷർധാമിന്റെ സമ്പൂർണ സന്ദർശനത്തിന് വൈകിട്ട് 4നും 5നും ഇടയിൽ എത്തുന്നതാകും അഭികാമ്യം. ലഗേജോ ബാഗോ മൊബൈൽ ഫോണോ പോലും ഒഴിവാക്കി എത്തിയാൽ അത്രയും നല്ലത്. ക്ലോക്ക് റൂമുണ്ടെങ്കിലും അവധിദിനങ്ങളിലും മറ്റും വലിയ തിരക്കിനുള്ള സാധ്യത കണക്കിലെടുത്താണിത്.
∙ പുറത്തു നിന്നു കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കൾ, മൊബൈൽ ഫോൺ, ക്യാമറ എന്നിവയ്ക്ക് സമുച്ചയ പരിസരത്തു കർശന വിലക്കുണ്ട്. അതേസമയം, സമുച്ചയത്തിനുള്ളിൽ വിശാലമായ കന്റീൻ സൗകര്യമുണ്ട്.