പറമ്പിക്കുളത്ത് 15 ഇനം പുതിയ ജീവികളുടെ സാന്നിധ്യം; കണ്ടെത്തൽ വാർഷിക ജന്തുജാല കണക്കെടുപ്പിൽ

Mail This Article
മുതലമട ∙ പറമ്പിക്കുളം കാടകത്തിന്റെ ജൈവ വൈവിധ്യം വെളിപ്പെടുത്തി 15 പുതിയ ജീവികളുടെ സാന്നിധ്യം കണ്ടെത്തി. ഏഴ് തരം പക്ഷി, അഞ്ചു തരം ചിത്ര ശലഭം, മൂന്നു തരം തുമ്പി എന്നിവയാണ് വാർഷിക ജന്തുജാല കണക്കെടുപ്പിൽ പുതിയതായി കണ്ടെത്തിയത്. പുള്ളി മുള്ളൻ കോഴി (പെയിൻഡ് സ്പർഫൗൾ), ചെമ്പൻ എറിയൻ (റൂഫസ് ബെല്ലിഡ് ഹോക്ക് ഈഗിൾ), നാട്ടുവേഴാമ്പൽ (ഇന്ത്യൻ ഗ്രേ ഹോൺബിൽ), ആനമലൈ ഷോലക്കിളി (വൈറ്റ് ബെല്ലിഡ് ഷോലക്കിളി), ചെങ്കണ്ഠൻ പാറ്റ പിടിയൻ (ടൈഗ ഫ്ലൈകാച്ചർ), വയൽക്കുരുവി (പ്ലെയിൻ പ്രിനിയ), കടുംപച്ച പൊടിക്കുരുവി (ഗ്രീൻ ലീഫ്‌വാർബ്ലർ) എന്നിവയാണു കണക്കെടുപ്പിൽ കണ്ടെത്തിയ പുതിയ പക്ഷികൾ. ഇതോടെ പറമ്പിക്കുളത്തു കാണപ്പെടുന്ന പക്ഷികളുടെ എണ്ണം 302 ആയി.
ചിന്നത്തവിടൻ (ലോങ് ബ്രാൻഡഡ് ബുഷ്-ബ്രൗൺ), ചെമ്പൻ വെള്ളിവരയൻ (ഷോട് സിൽവർ ലൈൻ), നീല ചെമ്പൻ വെള്ളി വരയൻ (സ്‌കാർസ് ഷോട് സിൽവർലൈൻ), ഇരുളൻ വേലി നീലി (വൈറ്റ്-ഡിസ്‌ക് ഹെഡ്‌ജ്ബ്ലൂ), പളനിപ്പൊട്ടൻ (പളനി ഡാർട്) എന്നീ ചിത്രശലഭങ്ങളും കണ്ടെത്തി.
പുതിയ അഞ്ചിനത്തെ കൂടി തിരിച്ചറിഞ്ഞതോടെ പറമ്പിക്കുളത്തെ ചിത്രശലഭങ്ങളുടെ വൈവിധ്യം 273 ആയി. തവിടൻ ചാത്തൻ (ബ്രൗൺ ഡാർനർ), മരതക ചാത്തൻ (പാരക്കീറ്റ് ഡാർനർ), കാട്ടു തണൽ തുമ്പി (വെസ്റ്റാലിസ് സബ്മൊന്റാന) എന്നിയാണ് ഇത്തവണത്തെ കണക്കെടുപ്പിൽ കണ്ടെത്തിയ പുതിയ തരം തുമ്പികൾ.
ഫെബ്രുവരിയിലെ കാലാവസ്ഥ തുമ്പികളുടെ സാന്നിധ്യത്തിന് അനുകൂലമല്ലാതിരുന്നിട്ടും പുതിയ മൂന്നിനം തുമ്പികളെ തിരിച്ചറിഞ്ഞതോടെ പറമ്പിക്കുളത്തു തിരിച്ചറിഞ്ഞ തുമ്പികളുടെ എണ്ണം 69 ആയി ഉയർന്നു. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ 4 വനം റേഞ്ചിലുൾപ്പെടുന്ന വനമേഖലയിൽ 11 കേന്ദ്രങ്ങളിൽ മൂന്നു ദിവസം താമസിച്ചാണു ജന്തുജാല കണക്കെടുപ്പ് നടത്തിയത്.
പറമ്പിക്കുളം ടൈഗർ കൺസർവേഷൻ, ഫൗണ്ടേഷൻ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവ ചേർന്നു നിലമ്പൂർ സ്റ്റിയർ, തൃശൂർ ആരണ്യകം നേച്ചർ ഫൗണ്ടേഷൻ, കണ്ണൂർ ചരക്, തൃശൂർ ബിഎസ്ബി, കോഴിക്കോട് എംഎൻഎച്ച്എസ്, കണ്ണൂർ സീക്ക് തുടങ്ങിയ സന്നദ്ധസംഘടകൾ, കേരള, അണ്ണാമല സർവകലാശാലകൾ എന്നിവയുമായി സഹകരിച്ചാണു പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ജന്തുജാല കണക്കെടുപ്പു നടത്തിയത്. കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ ആർ.സുജിത്ത്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജെ.കെ.സുധിൻ, ഡോ.കലേഷ് സദാശിവൻ, കടുവാ സങ്കേതത്തിലെ ബയോളജിസ്റ്റ് വിഷ്ണു വിജയൻ, ടോംസ് അഗസ്റ്റിൻ, കെ.ബൈജു, വി.എം.അനില എന്നിവർ കണക്കെടുപ്പ് ഏകോപിപ്പിച്ചു.