മുളകൾ ജീർണിച്ച് അടവി കുട്ടവഞ്ചി; കഴിഞ്ഞ വർഷം 27 കുട്ടവഞ്ചി എത്തിച്ചത് കർണാടകത്തിലെ ഹൊഗനേക്കലിൽ നിന്ന്
Mail This Article
തണ്ണിത്തോട് ∙ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചികൾ നാശാവസ്ഥയിലായിട്ടും പുതിയവ എത്തിക്കുന്നില്ല. കുട്ടവഞ്ചി നിർമിച്ചിരിക്കുന്ന മുളയുടെ പൊളികൾ ഒടിഞ്ഞുതുടങ്ങിയപ്പോൾ പുതിയവ എത്തിക്കണമെന്ന് തുഴച്ചിലുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയാണ്. വനം വകുപ്പ് കോന്നി ഡിവിഷനിലെ വന വികാസ ഏജൻസിയുടെ കീഴിലാണ് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നത്. കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ 9 വർഷം മുൻപാണ് കുട്ടവഞ്ചി സവാരി ആരംഭിച്ചത്. ആദ്യത്തെ കുറെ വർഷങ്ങളിൽ കുട്ടവഞ്ചി നാശാവസ്ഥയിലെത്തും മുൻപ് തന്നെ പുതിയ കുട്ടവഞ്ചികൾ എത്തിച്ച് സഞ്ചാരികൾക്ക് സുരക്ഷിതമായ സവാരി ഒരുക്കിയിരുന്നു. കുട്ടവഞ്ചിയിൽ നിന്ന് മികച്ച വരുമാനം ലഭിക്കുമ്പോഴും യഥാസമയം പുതിയ കുട്ടവഞ്ചി എത്തിക്കുന്നില്ല.
കഴിഞ്ഞ വർഷം മേയിൽ ഹൊഗനെക്കൽ നിന്നാണ് 27 കുട്ടവഞ്ചികൾ എത്തിച്ചത്. സാധാരണ നിലയിൽ ഒരു വർഷമാകുമ്പോഴേക്കും കുട്ടവഞ്ചികളുടെ പൊളി ഒടിഞ്ഞുതുടങ്ങും. മഴയും വെയിലുമേറ്റ് തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുന്നതിനാൽ വേഗം നാശാവസ്ഥയിലാകും. കൂടാതെ കുട്ടവഞ്ചി തയാറാക്കുന്ന മുളയുടെ ഗുണമേൻമ അനുസരിച്ച് ഇവയുടെ കാലാവധിയിൽ മാറ്റമുണ്ടാകാം. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിലവിൽ 25 തുഴച്ചിൽ തൊഴിലാളികളാണുള്ളത്. ഇവരിൽ ഓരോരുത്തർക്കും പ്രത്യേകമായി കുട്ടവഞ്ചികൾ നൽകിയിട്ടുണ്ട്. നിലവിൽ ഇവിടെയുള്ള കുട്ടവഞ്ചികളിൽ കുറെയേറെ നാശാവസ്ഥയിലാണ്.
വാർഷിക പരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ അടച്ചതോടെ ഇപ്പോൾ കുടുംബമായെത്തുന്ന സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ട് പുതിയ കുട്ടവഞ്ചികൾ എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തിരക്കേറുമ്പോൾ നാശാവസ്ഥയിലായ കുട്ടവഞ്ചികളിൽ സവാരി നടത്തി അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഓരോ വർഷവും പുതുതായി കുട്ടവഞ്ചി എത്തിക്കുമ്പോൾ കുട്ടവഞ്ചിയിൽ ഉപയോഗിക്കുന്ന ഷീറ്റ്, ഇരിപ്പിടം എന്നിവയും മാറ്റാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇവ മാറിയിരുന്നില്ല. അതിനാൽ ഷീറ്റ്, ഇരിപ്പിടം എന്നിവയും നാശാവസ്ഥയിലാണ്.
തുഴച്ചിൽ തൊഴിലാളികൾക്ക് 2 വർഷം മുൻപാണ് 2 ജോഡി യൂണിഫോം നൽകിയത്. 3 ജോഡി യൂണിഫോം വേണമെന്ന് തുഴച്ചിലുകാർ ആവശ്യപ്പെട്ടെങ്കിലും വർഷം തോറും പുതിയ യൂണിഫോം നൽകാൻ തയാറാകുന്നില്ല. നിറം മങ്ങി നരച്ച യൂണിഫോമാണ് തുഴച്ചിലുകാർ ധരിക്കുന്നത്. മഴയും വെയിലുമേൽക്കാതെ കുട്ടവഞ്ചി സൂക്ഷിക്കാൻ ഷെഡ് നിർമിക്കാനും ഇനിയും കഴിഞ്ഞിട്ടില്ല. സീസൺ കാലത്ത് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ എത്തുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ, 9 വർഷം കഴിഞ്ഞും കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കാനും സുരക്ഷിതമായ സവാരിയും സമയബന്ധിതമായി അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനുമായിട്ടില്ല. നിരന്തരം പരാതികളുയരുമ്പോൾ മാത്രം എന്തെങ്കിലും കാട്ടിക്കൂട്ടുകയാണെന്ന ആക്ഷേപമാണുള്ളത്.