കാറുകൾ കൂട്ടിയിടിച്ചു; ഒന്നു കുഴിയിലും മറ്റൊന്ന് തലകീഴായും പതിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

Mail This Article
പോത്തൻകോട് ∙ അമിത വേഗത്തിൽ വന്ന കാർ എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ച് ഒന്ന് റോഡിന്റെ വശത്തുള്ള കുഴിയിലേക്കും ഒന്ന് തലകീഴായും പതിച്ചു. ഇരുകാറുകളിലുമുണ്ടായിരുന്ന യാത്രക്കാർ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ പള്ളിപ്പുറം താമരക്കുളത്തിനു സമീപത്തായി ഇന്നലെ രാവിലെ 11.30ന് ആയിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും കരിക്കകം ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന കാറാണ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ ദേശീയപാത നിർമാണത്തിനായി മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുന്ന കുഴിയിലേക്ക് പതിച്ചു. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്നയാൾക്ക് പരുക്കുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.