ആഘോഷമൊരുക്കി ബോൺ നതാലെ; കൺനിറയെ പാപ്പാമാർ

Mail This Article
തൃശൂർ ∙ സാന്താക്ലോസിന്റെ വലിയ സമ്മാന സഞ്ചി തുറന്നുവിട്ടതു പോലെ പതിനയ്യായിരം ക്രിസ്മസ് പാപ്പാമാരും വൈവിധ്യമാർന്ന നിശ്ചലദൃശ്യങ്ങളും വരിവരിയായി സ്വരാജ് റൗണ്ട് നിറഞ്ഞപ്പോൾ ചുറ്റും കൂടിയ ജനം ആർപ്പുവിളിച്ചു: ബോൺ നതാലെ–മെറി ക്രിസ്മസ്! ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്നു നടത്തിയ ‘ബോൺ നതാലെ’ ഡാൻസിങ് പാപ്പാ റാലിയും ഘോഷയാത്രയും സാംസ്കാരിക നഗരിക്കു മതസൗഹാർദത്തിന്റെയും പുതുവർഷ സന്തോഷത്തിന്റെയും ആഹ്ലാദനുഭവമായി. 2013ൽ ആരംഭിച്ച ക്രിസ്മസ് സാംസ്കാരിക ഘോഷയാത്രയുടെ 11–ാം പതിപ്പ് നഗരത്തിലെത്തിയ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു. സെന്റ് തോമസ് കോളജിൽ നിന്നാരംഭിച്ച പാപ്പാറാലിയും ഘോഷയാത്രയും സ്വരാജ് റൗണ്ട് ചുറ്റി തിരികെ കോളജിൽ സമാപിച്ചു. ഘോഷയാത്ര വിളംബരം ചെയ്തുള്ള ബൈക്ക് റാലിയാണ് ആദ്യം റൗണ്ടിലെത്തിയത്. പിന്നാലെ സ്കേറ്റിങ് പ്രകനടവുമായെത്തിയ പാപ്പാമാർ.

തുടർന്നു 11–ാം പതിപ്പിന്റെ പ്രത്യേക മെമന്റോ. ഇതിനു പിന്നിലായി ബോൺ നതാലെയുടെ ചലിക്കുന്ന കമാനത്തിനൊപ്പം വിശിഷ്ടാതിഥികൾ നടന്നു.തുടർന്നു പുനർജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗപരിമിതരും ഭിന്നശേഷിക്കാരും സാന്താ വേഷമിട്ട് വീൽചെയറിൽ അണിനിരന്നു. തൊട്ടുപിന്നാലെ അതിരൂപതയ്ക്കു കീഴിലുള്ള 107 ഇടവകകളിൽ നിന്നെത്തിയ ചുവപ്പു വസ്ത്രവും തൊപ്പിയും ധരിച്ച 15,000 ക്രിസ്മസ് പാപ്പാമാർ ബോൺ നതാലെ പാട്ടിനൊപ്പം റൗണ്ടിൽ നൃത്തം ചെയ്തു. ഇതോടൊപ്പം 21 നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ ചേർന്നു. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ സാന്താ റാലി രാത്രി ഏഴോടെ സ്വരാജ് റൗണ്ട് നിറഞ്ഞിരുന്നു.

ആഹ്ലാദത്തിന്റെ ഫ്ലാഗ് ഓഫ്
മന്ത്രി കെ.രാജൻ ബോൺ നതാലെയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. വർക്കിങ് ചെയർമാൻ ഫാ.അജിത്ത് തച്ചോത്തും ജനറൽ കൺവീനർ എ.എ. ആന്റണിയും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രി ആർ.ബിന്ദു, പി.ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, കൽദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, യാക്കോബായ സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മാർ ക്ലിമ്മീസ് തുടങ്ങിയവരും തിരുവമ്പാടി–പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സഹോദര സമുദായങ്ങളിൽ നിന്നുള്ള പ്രമുഖർ എന്നിവരും ഫ്ലാഗ് ഓഫിലും റാലിയിലും പങ്കെടുത്തു.
മനം നിറച്ച് നിശ്ചലദൃശ്യങ്ങൾ
സ്വരാജ് റൗണ്ടിന്റെ ഇരുവശത്തും തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ ആദ്യമെത്തിയത് ക്രിസ്മസ് വില്ലേജ് എന്ന നിശ്ചല ദൃശ്യമാണ്. പിന്നാലെ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം പശ്ചാത്തലമാക്കിയുള്ള ദൃശ്യം. ആകെ 21 വ്യത്യസ്ത നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയിലുണ്ടായിരുന്നത്. ഏകദേശം 60 അടി നീളത്തിൽ എൽഇഡി ലൈറ്റുകളാൽ അലങ്കരിച്ച ചലിക്കുന്ന ‘ഏദൻ തോട്ടം’ ശ്രദ്ധേയമായി. ഇതോടൊപ്പം ക്രിസ്മസുമായി ബന്ധപ്പെട്ടുള്ള പുൽക്കൂട്,കൂറ്റൻ തൊപ്പി, നക്ഷത്രം, ക്രിസ്മസ് ബെൽ, ക്രിസ്മസ് ട്രെയിൻ–വിമാനം, വലിയ ചിത്രശലഭം എന്നിവയും ആകർഷകമായി. ക്രിസ്തുവിന്റെ ഉയർപ്പ്, മോശ,നല്ല ശമര്യാക്കാരൻ തുടങ്ങിയ ബൈബിൾ ആസ്പദമാക്കിയുള്ള രംഗങ്ങളും ഉണ്ടായിരുന്നു. തൃശൂർ ലേണിങ് സിറ്റി, എന്റെ കേരളം, തൃശൂർ പൈതൃകം എന്നിവ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും അണിനിരന്നു.