ADVERTISEMENT

‘‘ചിരിക്കാൻ കഴിയാത്തവർ ഒരിക്കലും ഒരു കച്ചവടം നടത്താൻ യോഗ്യരല്ല’’. ഒരു ചൈനീസ് പഴമൊഴിയാണിത്. ആകർഷണീയ വ്യക്തിത്വങ്ങളുടെ ഉത്തമ ലക്ഷണമാണ് സദാ പുഞ്ചിരിയും പ്രസരിപ്പുമുള്ള മുഖം. ചിരി അത്യുത്തമമായ ഔഷധമാണെന്ന് നാം നിരവധി തവണ കേട്ടിട്ടുള്ള സത്യമാണ്. നമ്മുടെ ഉള്ളിലുള്ള ഭയം, ആകാംക്ഷ, നിരാശ തുടങ്ങിയ നെഗറ്റീവ് ആയ വികാരങ്ങളെ മറയ്ക്കാൻ പുഞ്ചിരിക്കുന്ന മുഖത്തിനാവും. ആകർഷണീയമായ ചിരി ആരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കും. ചിരിക്കാൻ നാം മുഖത്തെ പേശികൾ ചലിപ്പിക്കണം. ചിരിക്കാൻ ആവശ്യമായ പേശികളുടെ പതിന്മടങ്ങ് ചലിപ്പിച്ചാലേ ചിരിക്കാതിരിക്കാനാവൂ.

ചിരിക്കുമ്പോൾ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ ഒരാളുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. ആഹ്ലാദാരവങ്ങൾ നിലനിർത്തുന്നവർ ചുറ്റുപാടുള്ളവരെയും സന്തോഷിപ്പിക്കുന്നു. ചിലരുടെ സാന്നിധ്യം തന്നെ നാം ഇഷ്ടപ്പെടുന്നത് അവരുടെ പുഞ്ചിരിയും പ്രസരിപ്പും കാരണമാണ്. ജീവിതത്തിൽ സദാ ചിരി നിലനിർത്താൻ ചില കാരണങ്ങൾ ഇതാ.

1. ചിരി ഒരു ആഗോള ഭാഷയാണ്. ചിരിയിലൂടെ ലോകത്തെ ഏതു പ്രദേശത്തുള്ള ആളുകളുമായും നമുക്ക് ആശയവിനിമയം നടത്താൻ കഴിയുന്നു.

2. നിങ്ങൾ ചിരിക്കുമ്പോൾ ചുറ്റുപാടുമുള്ളവർ നിങ്ങളിലേക്ക് ആകൃഷ്ടരാകുന്നു. ഏതൊരാളെയും നമ്മിലേക്ക് അടുപ്പിക്കാൻ സഹായകമായ ഒരു മാഗ്നറ്റിക് പവർ ചിരിക്കുണ്ട്.

3. ചിരി മാനസ്സിക സംഘർഷങ്ങളെ ലഘൂകരിക്കുന്നു. ചിരിയും സന്തോഷവുമുള്ള സാഹചര്യങ്ങളും വ്യക്തികളും നമ്മുടെ പല പ്രശ്നങ്ങൾക്കും അയവു വരുത്തുന്നു. അതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലഭിക്കുന്നു.

4. ചിരിച്ചുകൊണ്ടു സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദത്തിന് സൗകുമാര്യം വർധിക്കുന്നു. പാടുമ്പോൾ ആയാലും പ്രസംഗിക്കുമ്പോൾ ആയാലും പുഞ്ചിരിയോടെ ചെയ്താൽ ശബ്ദത്തിന്റെ ആകർഷണീയത കൂടും.

5. ചിരിച്ചതുകൊണ്ടു നമുക്കൊന്നും നഷ്ടപ്പെടാനില്ല. എന്നാൽ അത് ലഭിക്കുന്നവർക്ക് അതൊരു സമ്പത്താണ്. ഒരു ചെലവുമില്ലാതെ ഏതൊരാൾക്കും കൊടുക്കാവുന്ന സമ്പത്താണു ചിരി.

6. മറ്റുള്ളവർ നമ്മെ നോക്കുമ്പോൾ അവരിൽ നിന്ന് ആത്മാർഥമായ ഒരു ചിരി നാം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നാമത് അങ്ങോട്ട് കൊടുക്കാറുണ്ടോ എന്ന് ചിന്തിച്ചുനോക്കൂ. മറ്റുള്ളവർക്ക് നാം കൊടുക്കാൻ തയാറാകാത്തത് തിരിച്ചു ലഭിക്കണം എന്നു പ്രതീക്ഷിക്കരുത്.

7. ചിരി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ചിരിക്കുമ്പോൾ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന ന്യൂറോട്രാൻസ്മിറ്ററുകൾ ഇതിനു സഹായിക്കുന്നു.

8. ചിരി രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു.

9. പുഞ്ചിരിയും പ്രസരിപ്പുമുള്ളവർ അവരുടെ തൊഴിൽ മേഖലകളിൽ വിജയിക്കുന്നു. ഒരു സംഘത്തോടൊപ്പം പ്രവർത്തിച്ചു വിജയിക്കണമെങ്കിൽ ചിരി അനിവാര്യമാണ്.

10. പോസിറ്റീവായ ചിന്താഗതി നിലനിർത്താൻ ചിരി സഹായിക്കുന്നു. വിഷാദ ചിന്തകൾ അകറ്റിനിർത്തുന്നവർക്ക് ജീവിതം ഏതൊരു നിമിഷത്തിലും ആഹ്ലാദം നൽകുന്ന അനുഭവമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com