ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി ലഭിക്കണോ?; ബിടെക് ഒന്നാം വർഷത്തിലേ ചെയ്തു തുടങ്ങാം 3 കാര്യങ്ങൾ
Mail This Article
ബിടെക് അവസാന വർഷമാകുമ്പോഴാകും ഇനിയെങ്ങോട്ട് എന്ന ചോദ്യം പല വിദ്യാർഥികളുടെയും മനസ്സിലെത്തുക. ക്യാംപസ് പ്ലേസ്മെന്റിനു ശ്രമിക്കണോ, ഉപരിപഠനത്തിനായി ‘ക്യാറ്റോ’ ‘ഗേറ്റോ’ എഴുതണോ എന്നൊക്കെ അപ്പോഴാകും കാര്യമായി ആലോചിച്ചു തുടങ്ങുക.
Read Also : ടീം ലീഡർ പോസ്റ്റ് ആണോ ലക്ഷ്യം?; വളർത്താം 6 കഴിവുകൾ
കോട്ടയം ഐഐഐടിയിൽനിന്നു 2022ൽ സ്വർണ മെഡലോടെ പാസായ വിദ്യാർഥി എ.വി.എസ്.ആദിത്യവർധൻ അങ്ങനെയായിരുന്നില്ല. പഠനത്തിന്റെ തുടക്ക കാലം മുതൽ ഇന്റേൺഷിപ്പുകൾക്കു ശ്രമിച്ചുതുടങ്ങി. യുട്യൂബ് വിഡിയോകൾ നോക്കി സ്വയം ഗ്രൂം ചെയ്തു. ക്രമേണ യൂണികോൺ സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടെ ഇന്റേൺഷിപ് അവസരങ്ങൾ ലഭിച്ചുതുടങ്ങി. 2020ൽ ഒരു ഇന്റേൺഷിപ്പിനിടെ സ്വന്തമായി ആപ് വികസിപ്പിച്ചു. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (എംഐടി) ഐഇഇഇയും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) സംഘടിപ്പിച്ച ഹാക്കത്തണുകളിൽ സമ്മാനങ്ങൾ നേടി. പ്ലേസ്മെന്റ് ഘട്ടത്തിൽ 15 ഓഫറുകളാണ് ആദിത്യയ്ക്കു ലഭിച്ചത്. 23 ലക്ഷം വാർഷിക ഓഫറുള്ള ജോലി സ്വീകരിച്ചു. ഒൻപതു മാസത്തിനകം സോഫ്റ്റ്‌വെയർ എൻജിനീയർ ലെവൽ–2 വിഭാഗത്തിലേക്കു പ്രമോഷനും ലഭിച്ചു.
ആദിത്യ ഒറ്റപ്പെട്ട ഉദാഹരണമല്ല. എന്നാൽ എല്ലാവരും ആദിത്യയെപ്പോലെയല്ല താനും. അങ്ങനെയാകണമെങ്കിൽ ബിടെക് അവസാന വർഷമല്ല, ആദ്യ വർഷം തന്നെ കൃത്യമായൊരു പ്ലാൻ വേണം. അതനുസരിച്ച് സ്വയം രൂപപ്പെടുത്തുകയും വേണം.
ഇന്റേൺഷിപ് ചെയ്യൂ, പരിചയക്കുറവ് മാറ്റൂ
നിങ്ങളൊരു വിമാനത്തിൽ പറക്കുകയാണെന്നു സങ്കൽപിക്കുക. ആദ്യമായാണ് വിമാനം പറത്തുന്നതെന്ന് ടേക്ക് ഓഫിനു മുൻപ് പൈലറ്റ് പ്രഖ്യാപിച്ചാൽ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും ? തുടക്കക്കാരെ നിയമിക്കു മ്പോൾ തൊഴിലുടമകളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. പഠനകാലത്തെ ഇന്റേൺഷിപ്പുകൾ ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ്. പ്ലേസ്‌മെന്റ് സീസൺ ആരംഭിക്കുംമുൻപ് പ്രീ പ്ലേസ്‌മെന്റ് ഓഫറുകൾ നേടാൻ ഇന്റേൺഷിപ്പുകൾ വിദ്യാർഥികളെ സഹായിക്കുന്നു.
എഐസിടിഇയുടെ ഇന്റേൺഷിപ് പോർട്ടൽ അഖിലേന്ത്യാ തലത്തിൽ തന്നെ ഇന്റേൺഷിപ് അവസരങ്ങൾ അറിയാൻ വിദ്യാർഥികളെ സഹായിക്കുന്നു. അസാപ് കേരളയും ഇന്റേൺഷിപ്പുകൾ നേടാൻ സഹായകരമാണ്. അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്ന ആദ്യവർഷം പെയ്ഡ് ഇന്റേൺഷിപ്പുകൾ കിട്ടാൻ സാധ്യത കുറവാണ്. ഒരു ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എങ്ങനെയെഴുതണമെന്നും മറ്റുമുള്ള പരിശീലനങ്ങൾക്ക് ആ സമയം വിനിയോഗിക്കാം. കോഡിങ് പരിശീലനം, ഹാക്കത്തണുകൾ തുടങ്ങിയവയുടെ അന്തരീക്ഷത്തിലേക്കു വിദ്യാർഥികളെ എത്തിക്കാൻ ടെക് ക്ലബ് പോലെയുള്ള കൂട്ടായ്കളിലൂടെ ആ ഘട്ടത്തിൽ തന്നെ കോളജുകൾ അവസരമൊരുക്കുകയും വേണം.
പറ്റുമോ, സോഫ്റ്റ്‌ഡ്രിങ്ക് വലുപ്പത്തിലൊരു സാറ്റലൈറ്റ്
ഏതു സമയവും വിദ്യാർഥികൾക്കു പ്രവേശനമുള്ള ലാബും മികച്ച ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്തും എൻജിനീയറിങ് കോളജുകൾക്ക് ഇന്ന് ആവശ്യമാണ്. പതിവു ക്ലാസ് സമയത്തിനുശേഷം ലാബ് സൗകര്യങ്ങളുപയോഗിച്ച് ഗൈഡുകളുടെ സഹായത്തോടെ പ്രോജക്ടുകളും പരീക്ഷണങ്ങളും നടത്തുന്ന വിദ്യാർഥികൾ ഐഐഐടിയിലുണ്ട്. ഇന്റർനാഷനൽ കൊളീജിയറ്റ് പ്രോഗ്രാമിങ് കോൺടെസ്റ്റ് (ഐസിപിസി) പോലെയുള്ള മത്സരങ്ങളുടെ മേഖലാ തലം പോലും വിദ്യാർഥികൾക്കുമുന്നിൽ വലിയ അവസരങ്ങൾ തുറന്നിടുന്നു. യൂറോപ്യൻ സ്പേസ് എജൻസിയുടെ കാൻസാറ്റ് (CanSat) കോംപറ്റീഷൻ മറ്റൊരു ഉദാഹരണം. ഒരു സോഫ്റ്റ്ഡ്രിങ്ക് കാനിന്റെ വലുപ്പത്തിലൊതുങ്ങുന്ന ചെറു ഉപഗ്രഹം വികസിപ്പിക്കുകയാണ് കാൻസാറ്റ് നമുക്കു മുന്നിൽ വയ്ക്കുന്ന വെല്ലുവിളി. പ്രോജക്ട് ആശയങ്ങൾ ഗവേഷണ തലത്തിലേക്കു വളർത്തിയെടുക്കുക; അവ ദേശീയ, രാജ്യാന്തര കോൺഫറൻസുകളിൽ അവതരിപ്പിക്കാനുള്ള വഴികളും തേടുക.
സ്റ്റാർട്ടപ് തുടങ്ങി പൊളിഞ്ഞാലെന്താ
കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) കീഴിലുള്ള ഒട്ടേറെ കോളജുകളിൽ സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെയുള്ള ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്ററുകളും (ഐഇഡിസി) ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളുമുണ്ട് (ടിബിഐ). ഇവയിലെ പ്രവർത്തനം വിദ്യാർഥികളിലെ സംരംഭക ശേഷികൾ വളർത്തിയെടുക്കും. സ്റ്റാർട്ടപ് തുടങ്ങി പൊളിഞ്ഞെന്നു പറയുന്നതുപോലും കോർപറേറ്റുകളുടെ ഇന്റർവ്യൂവിൽ മികവായി വിലയിരുത്തപ്പെട്ടേക്കാം. സംരംഭകത്വത്തിന്റെ വെല്ലുവിളികൾ അറിയുന്നയാളാണ് തങ്ങൾക്കു മുന്നിലുള്ളതെന്ന കാര്യം അവർ കണക്കിലെടുക്കും.
ഔപചാരിക പഠനത്തിനിടെ തന്നെ ഓൺലൈൻ കോഴ്സുകളുടെ സാധ്യതകളും തേടണം. ‘സ്റ്റെം’ വിഷയങ്ങളിലെ (STEM- സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ്) ഇന്ത്യൻ ഇ–ലേണിങ് പ്ലാറ്റ്ഫോമായ എൻപിടിഇഎലിന്റെ (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്) കോഴ്സുകളെല്ലാം സൗജന്യമാണ്. വിദേശ സർവകലാശാലകളുടെയും മറ്റും ഓൺലൈൻ കോഴ്സുകളും (MOOC) ശ്രദ്ധിക്കണം.
പഴങ്കഥയാകുന്ന ഗ്രൂപ്പ് ഡിസ്കഷൻ
കോവിഡിനു മുൻപ് ക്യാംപസ് പ്ലേസ്മെന്റുകളെല്ലാം നേരിട്ടുള്ള ഇന്റർവ്യൂവിലൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ മൂന്നു തരത്തിലാണ് പ്ലേസ്മെന്റ്– ഓൺലൈൻ, ഹൈബ്രിഡ്, ഓൺസൈറ്റ്. മുൻപ് ഗ്രൂപ്പ് ഡിസ്കഷൻ പ്രധാനപ്പെട്ട ഒരു എലിമിനേഷൻ ടെക്നിക് ആയിരുന്നെങ്കിൽ ഇപ്പോഴതിന് അത്രത്തോളം പ്രാധാന്യമില്ല.
പ്ലേസ്മെന്റ് കൂടുതൽ വെർച്വൽ ആകുന്നതോടെ, രാജ്യാന്തര സാധ്യതകൾ വരെ തുറന്നുകിട്ടുന്നുവെന്ന മെച്ചവുമുണ്ട്. എന്നാൽ അവ നേടിയെടുക്കുക അത്ര എളുപ്പമല്ല. ഐഐടി ഡൽഹിയും ഐഐഎസ്‌സിയും പോലെയുള്ള മികവിന്റെ കേന്ദ്രങ്ങളിലെ റിസർച് ഇന്റേൺഷിപ്പുകൾ, ഐഇഇഇ എക്സ്പ്ലോർ ഡിജിറ്റൽ ലൈബ്രറി (IEEE Xplore Digital Library) പോലെയുള്ള മികച്ച ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന പേപ്പറുകൾ, ഏഷ്യ പസിഫിക് കോൺഫറൻസ് ഓൺ സർക്യൂട്ട് ആൻഡ് സിസ്റ്റംസ് പോലെയുള്ള രാജ്യാന്തര കോൺഫറൻസുകളിലെ പങ്കാളിത്തം, ലിങ്ക്ഡ്ഇൻ പോലെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയുള്ള നെറ്റ്‌വർക്കിങ് എന്നിങ്ങനെ വിവിധ തലങ്ങളിലെ മികവിലൂടെയാകണം വിദേശ പ്ലേസ്മെന്റ് ഓഫറുകൾക്കായുള്ള നമ്മുടെ ശ്രമം.
പഠിക്കണം, വിദേശഭാഷകളും
ഐഐഐടിയുടെ കരിക്കുലത്തിൽ ജർമൻ, ഫ്രഞ്ച് ഭാഷാപഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മറ്റു ചില ക്യാംപസുകളിലും വിദേശഭാഷകൾ പഠിപ്പിക്കുന്നുണ്ട്. വിദേശ പ്ലേസ്മെന്റ് ഓഫറുകൾക്കും വിദേശത്ത് ഉപരിപഠനത്തിനുമായി ഇത്തരം സാധ്യതകളും ഉപയോഗപ്പെടുത്തുക.
(കോട്ടയം പാലാ ഐഐഐടിയിൽ അസിസ്റ്റന്റ് പ്രഫസറും പ്ലേസ്മെന്റ് ഓഫിസറുമാണു ലേഖകൻ)
Content Summary : Why Internships are the Key to Landing your Dream Job