ജീവിതവിജയം നേടാൻ ശീലമാക്കാം ‘സേവേഴ്സ്’; സൈലൻസ് മുതൽ സ്‌ക്രൈബിങ് വരെ

Mail This Article
ഒരു നല്ല ജീവിതത്തിന് ഓരോ ദിവസവും ഏറ്റവും മികച്ചതാക്കാന്‍ ശ്രമിക്കണം. ഇതിനു വേണ്ടത് രാവിലെ ഉറക്കമുണരുമ്പോള്‍ തന്നെ അതിനു വേണ്ടിയുള്ള തയാറെടുപ്പ് ആരംഭിക്കുക എന്നതാണ്. പ്രഭാതങ്ങളെ ഉൽപാദനക്ഷമമാക്കാനും ജീവിതത്തില്‍ വിജയം നേടി തരാനും സഹായിക്കുന്ന ഒരു ശീലമാണ് സേവേഴ്സ് (S.A.V.E.R.S). സൈലന്‍സ്, അഫര്‍മേഷന്‍, വിഷ്വലൈസേഷന്‍, എക്‌സര്‍സൈസ്, റീഡിങ്, സ്‌ക്രൈബിങ് എന്നീ ഇംഗ്ലിഷ് വാക്കുകളുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ച ടെക്‌നിക്കാണ് സേവേഴ്സ് (S.A.V.E.R.S). ഇവ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് കീസ് ഫോര്‍ സക്‌സസ് എന്ന ഇൻസ്റ്റാഗ്രാം പേജ്.
1. സൈലന്‍സ്
ദിവസത്തിന്റെ ആരംഭം നിശ്ശബ്ദമായ പ്രാർഥനയോടെയോ ധ്യാനത്തോടെയോ നിങ്ങള്‍ക്ക് വന്നു ഭവിച്ച നല്ല കാര്യങ്ങള്‍ക്കായുള്ള നന്ദി പ്രകാശനത്തോടെയോ ആകാം.
2. അഫര്‍മേഷന്‍
എന്തെങ്കിലുമൊക്കെ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന പോസിറ്റീവ് പ്രസ്‌താവനകളാണ് അഫര്‍മേഷനുകള്‍. ഞാന്‍ പ്രസ്‌തുത ലക്ഷ്യം കൈവരിക്കുമെന്ന് സ്വയം പറഞ്ഞു ബോധ്യപ്പെടുത്തി മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതാണ് അഫര്‍മേഷനുകള്‍.
3. വിഷ്വലൈസേഷന്‍
നിങ്ങളുടെ സ്വപ്‌നങ്ങളും കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും ദൃശ്യങ്ങളായി സങ്കല്‍പിച്ചു നോക്കണം. നിങ്ങളുടെ സ്വപ്‌നം കൈവരിക്കുമ്പോള്‍ നിങ്ങള്‍ക്കും ചുറ്റുമുളളവര്‍ക്കും ഉണ്ടാകുന്ന സന്തോഷവും അപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുമൊക്കെ മനസ്സില്‍ ഒരു ചലച്ചിത്രംപോലെ സങ്കല്‍പിച്ചു നോക്കണം.
4. എക്‌സര്‍സൈസ്
വ്യായാമം നിങ്ങളുടെ ഊര്‍ജത്തിന്റെ തോതിനെ ഉയര്‍ത്തുകയും നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുളള മനസ്സും ഉണ്ടാവുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ കയ്യെത്തി പിടിക്കാനും ജീവിതവിജയത്തിനും ആരോഗ്യമുളള ശരീരവും മനസ്സും അത്യാവശ്യമാണ്.
5. റീഡിങ്
ജീവിതവിജയത്തിന് ആവശ്യമായ വഴികള്‍ കണ്ടെത്താനും ആവിഷ്‌കരിക്കാനും വായന നിങ്ങളെ സഹായിക്കും. ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ തിരഞ്ഞു പിടിച്ചു വായിക്കാനും ശ്രദ്ധിക്കണം.
6. സ്‌ക്രൈബിങ്
ഒരു ജേണലിലോ ഡയറിയിലോ നിങ്ങള്‍ ഓരോ ദിവസവും ചെയ്യാന്‍ പോകുന്ന കാര്യവും മുന്‍ ദിവസം പൂര്‍ത്തിയാക്കിയ കാര്യങ്ങളുമൊക്കെ എഴുതി സൂക്ഷിക്കുക. ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ഈ സ്‌ക്രൈബിങ് സഹായിക്കും.