ADVERTISEMENT

മെയ് 20 രാജ്യാന്തര തേനീച്ച ദിനം. ഭൂഗോളത്തിലെ ഏറ്റവും പ്രാധാന്യമേറിയ ജീവികളായി തേനീച്ചകളെ പ്രഖ്യാപിച്ചത് ദി എര്‍ത്ത് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ലണ്ടനിലെ റോയല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെ സമ്മേളനത്തില്‍ വച്ചായിരുന്നു അത്. കാരണം മറ്റൊന്നുമല്ല, മനുഷ്യരാശിയെ അന്നമൂട്ടുന്ന കൃഷിയുടെ മുക്കാല്‍ ഭാഗവും തേനീച്ചകളെ ആശ്രയിച്ചാണ് നടക്കുന്നത്. തേനീച്ചകളുള്‍പ്പെടെയുള്ള ജീവികളുടെ സഹായത്താലാണ് ഒട്ടേറെ കാര്‍ഷികവിളകളില്‍  പരാഗണവും പ്രത്യുൽപാദനവും നടക്കുന്നത്. മാനവരാശിയുടെ നിലനില്‍പ്പിനെ സഹായിക്കുന്ന കഠിനാധ്വാനികളായ തേനീച്ചകളുടെ  വര്‍ത്തമാന ജീവിതം അത്ര മധുരതരമല്ലെന്ന് വന്യജീവി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് തേനീച്ചകളുടെ എണ്ണത്തില്‍  വന്നിരിക്കുനന കുറവ് 90 ശതമാനമാണത്രേ ! അതായത് ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തേണ്ട ജീവജാലങ്ങളില്‍ ഏറ്റവും സുപ്രധാനമായതു വംശനാശ ഭീഷണി നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയുന്നു. സസ്യങ്ങളുടെ പരാഗണത്തില്‍ സഹായിക്കുന്ന തേനീച്ചകള്‍ ഉള്‍പ്പെടെയുള്ള ജീവജാതികളെ ഓര്‍മിക്കാന്‍ ഐക്യരാഷ്ട്ര സംഘടന മെയ് 20 ലോക തേനീച്ചദിനമായി ആചരിക്കുന്നു.

മധുരം ജീവിതം

തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍, ഈച്ചകള്‍, വണ്ടുകള്‍ തുടങ്ങിയ നിരവധി നട്ടെല്ലില്ലാത്ത ജീവികളും, വവ്വാലുകള്‍, പക്ഷികള്‍, കുരങ്ങുകള്‍, എലികള്‍ തുടങ്ങിയ നട്ടെല്ലുള്ള ജീവികളും സസ്യങ്ങളെ പരാഗണത്തിന് സഹായിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം തേനീച്ചകള്‍ തന്നെയാണ്. എപ്പിഡേ എന്ന കുടുംബത്തിലെ എപ്പിസ് എന്ന ജനുസ്സില്‍പ്പെടുന്ന 25,000 - 30,000 ജാതി തേനീച്ചകള്‍ ഭൂമിയിലുണ്ട്. പൂക്കളില്‍ നിന്ന് പൂന്തേന്‍ ശേഖരിച്ച് തനിക്കായി തേനുണ്ടാക്കുന്നതിനോടൊപ്പം ഭക്ഷ്യവിളകളുടെ പരാഗണത്തിലും അവര്‍ സഹായിക്കുന്നു. ആരോഗ്യപൂര്‍ണമായ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമാണ് തേനീച്ചകള്‍. തേനീച്ചകളില്ലാതായാല്‍ നിരവധി പഴങ്ങള്‍, പച്ചക്കറികള്‍, കായ്കള്‍, വിത്തുകള്‍ എന്നിവയ്ക്ക് നിലനില്‍പ്പില്ലാതാകുന്നു. മാനവവംശത്തിന്റെ ഭക്ഷണത്തിന്റെ മൂന്നിലൊന്നും നല്‍കുന്നത് തേനീച്ചകളാണെന്ന് പറയാം. ഭൂമിയിലെ ഭക്ഷ്യശൃംഖലയിലെ അവിഭാജ്യ കണ്ണിയായ തേനീച്ചകള്‍ രണ്ടര ലക്ഷത്തോളം ഇനം പൂക്കളില്‍ പരാഗണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൂവുകളിൽ തേൻനുകരാൻ തേനീച്ചകളില്ലെങ്കില്‍ നമുക്ക് നമ്മുടെ ഭക്ഷ്യ, നാണ്യവിളകളാണ് നഷ്ടപ്പെടുന്നത്, ഒപ്പം ജീവന്റെ നിലനില്‍പ്പും.

Bees

ജീവന്റെ പരാഗണം

നമ്മുടെ  ആവാസവ്യവസ്ഥയുടെ അതിജീവനത്തിന് ആവശ്യമായ ഏറ്റവും അടിസ്ഥാനപ്രവര്‍ത്തനമാണ് പരാഗണം (Pollination). ഭൂമിയിലെ 35 ശതമാനത്തോളം കൃഷിഭൂമികളില്‍, 75 ശതമാനം ഭക്ഷ്യവിളകളില്‍, പുഷ്പിണികളായ 90 ശതമാനം വന സസ്യങ്ങളിൽ പരാഗണം നടക്കുന്നത് പൂര്‍ണമായോ  ഭാഗികമായോ മൃഗങ്ങളുടെ സഹായത്താലാണ്. മനുഷ്യന്‍ ഭക്ഷണമാക്കുന്ന ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ 4 ല്‍ 3 വിളകള്‍ക്കും തേനീച്ചകളെ അല്ലെങ്കില്‍ മറ്റു ജീവജന്തുക്കളെ പരാഗണത്തിനായി അത്യാവശ്യമുണ്ട്. അത്രമാത്രം പ്രാധാന്യമുള്ള ആവാസവ്യവസ്ഥാ സേവനമാണ് പരാഗകാരികള്‍ ജിവന്റെ നിലനില്‍പ്പിനായി ചെയ്തുവരുന്നത്. കോവിഡ് കാലത്ത് ഭീകര വില്ലനായി ചിത്രീകരിക്കപ്പെടുന്ന വവ്വാലുകള്‍ പരാഗണ പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്ന കാര്യം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

മധുരം മായുമ്പോള്‍

സമാനതകളില്ലാത്ത വംശനാശ നിരക്കിന്റെ ഭീഷണിയിലാണ് തേനീച്ചകളും മറ്റു പരാഗണസഹായികളായ ജീവജാതികളും, സാധാരണ നിലയിലുള്ളതിനേക്കാള്‍ നൂറു മുതല്‍ 10000 മടങ്ങാണ് തേനീച്ചകളുടെ നിലവിലുള്ള വംശനാശ നിരക്ക്. ആഗോളതലത്തില്‍ 35% നട്ടെല്ലില്ലാത്ത പരാഗകാരികളായ ജീവികളും (തേനീച്ച, പൂമ്പാറ്റ), 17 ശതമാനം നട്ടെല്ലുള്ള പരാഗണസഹായികളായ ജീവികളും (വവ്വാലുകള്‍ പോലുള്ളവ) വംശനാശ ഭീഷണി നേരിടുന്നു. ഇത്തരമൊരു പ്രവണത ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ മനുഷ്യന്റെ ഭക്ഷണരീതിയില്‍ മാറ്റംവരുന്ന കാലം അകലെയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പഴങ്ങളും, പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരരീതിയില്‍ നിന്ന് അരിയും, ചോളവും, ഉരുളക്കിഴങ്ങും പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മുഖ്യമായി അടങ്ങുന്ന അസന്തുലിത ആഹാരക്രമമായിരിക്കും മനുഷ്യനെ കാത്തിരിക്കുന്നത്.

വെല്ലുവിളികള്‍ തിരിച്ചറിയണം

world-bee-day4

തീവ്ര രീതിയിലുള്ള കാര്‍ഷിക ഭൗമോപയോഗ രീതികള്‍, ഏകവിള കൃഷി സമ്പ്രദായം, കാലാവസ്ഥാ മാറ്റവും ആഗോള താപനവും, കളകീടനാശിനികളുടെ ഉപയോഗം, വനനശീകരണം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് തേനീച്ചകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ തേനീച്ചകള്‍ക്കായി സൃഷ്ടിക്കുന്നത് അവര്‍ക്ക് അതിജീവനസാധ്യതയില്ലാത്ത  'പൂക്കളില്ലാത്ത' ഒരു ലോകമാണ്. ആമസോണ്‍ കാടുകളില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ബ്രസീലില്‍ മാത്രമായി മൂന്ന് മാസംകൊണ്ട് കൊന്നൊടുക്കിയത് 50 കോടിയോളം തേനീച്ചകളെയാണത്രേ ! അമേരിക്കയിലും, റഷ്യയിലും തേനീച്ച കോളനികളുടെ നഷ്ടമുണ്ടായിരിക്കുന്നു. തേനുൽപാദനത്തിലും കുറവുണ്ടായി.

ദക്ഷിണാഫ്രിക്ക, കാനഡ, അര്‍ജന്റീന, മെക്‌സിക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ തേനീച്ചകളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരോധിക്കപ്പെട്ട കീടനാശിനികളുടെ അമിതപ്രയോഗത്തിലേക്കാണ് ഈ കൂട്ടമരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തേനീച്ചകളുടെ എണ്ണമാണ് പലപ്പോഴും രാസ കളകീടനാശിനികളുടെ ഉപയോഗഫലത്തിന്റെ സൂചനയായി ഉപയോഗിക്കാറുള്ളത്. യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം നിക്കോട്ടിനോയിഡുകള്‍ പോലുള്ള കീടനാശിനികള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി. റൗണ്ട്അപ് പോലുള്ള കളനാശിനികളിലെ ഗ്ലൈഫോസേറ്റ്, തേനീച്ച കോളനികളിലെ വേലക്കാരി ഈച്ചകളുടെ ഭക്ഷണം തേടലിനെ സാരമായി ബാധിക്കുമെന്ന് പഠനങ്ങളുണ്ട്. എന്നാല്‍ ബ്രസീല്‍, ഇന്ത്യ തുടങ്ങിയ കാര്‍ഷികാധിഷ്ഠിത സമ്പദ്ഘടനയുള്ള രാജ്യങ്ങള്‍ക്ക് രാസ കീടനാശിനി പ്രയോഗനിരോധനം അജണ്ടയില്‍പ്പോലും കൊണ്ടുവരാന്‍ കഴിയാറില്ല.

തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍

പരാഗണമെന്ന അടിസ്ഥാന ജൈവപ്രക്രിയയ്ക്കുണ്ടായിരിക്കുന്ന ഭീഷണിയുടെ വ്യാപ്തി തിരിച്ചറിഞ്ഞുകൊണ്ടാണ്  ഇന്റര്‍നാഷണല്‍ പോളിനേറ്റര്‍ ഇനിഷ്യേറ്റീവ് (IPI) സ്ഥാപിതമായത്. കണ്‍വെന്‍ഷന്‍ ഓഫ് ബയോഡൈവേഴ്‌സിറ്റിയുടെ 5-ാം മത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP V) ആണ് ജൈവവൈവിധ്യവും മനുഷ്യന്റെ ഉപജീവനവും, പരാഗണപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇത്തരമൊരു തുടക്കം കുറിച്ചത്. പരാഗണത്തിന് സഹായിക്കുന്ന  ജീവജാതികളുടെ എണ്ണത്തിലുള്ള വ്യതിയാനം പരാഗണ സഹായികളുടെ വര്‍ഗീകരണം പരാഗണത്തിന്റെ സാമ്പത്തിക വശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായ നിരീക്ഷണത്തിന് ഇവർ വിധേയമാക്കുന്നു. 

ഭക്ഷ്യസുരക്ഷയിലും സുസ്ഥിര കാര്‍ഷിക വികസനത്തിലും തേനീച്ചകള്‍ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്താനാണ് 2018 മുതല്‍ ഐക്യരാഷ്ട്ര സംഘടന, മെയ് 20 രാജ്യാന്തര തേനീച്ചദിനമായി ആചരിച്ചു തുടങ്ങിയത്. മനുഷ്യ പ്രവര്‍ത്തികള്‍മൂലം തേനീച്ചകള്‍ക്കുണ്ടാകുന്ന നാശത്തിന് തടയിടാനും തേനീച്ചവളര്‍ത്തലിന് പ്രചാരം നല്‍കാനും ഈ ദിനം ലക്ഷ്യമിടുന്നു.. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്ലേവേനിയന്‍ ചിത്രകാരനും, തേനീച്ചവളര്‍ത്തല്‍ വിദഗ്ദനുമായിരുന്ന ആന്റോ ജാന്‍സയുടെ ജന്മദിനമാണ് മെയ് 20. ആധുനിക തേനീച്ച വളര്‍ത്തലിന്റെ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളായിരുന്നു. ജാന്‍സ. കഠിനാദ്ധ്വാനത്തിന്റെ പര്യായമായിട്ടാണ് അദ്ദേഹം തേനീച്ചകളെ കണ്ടിരുന്നത്.

നമുക്ക് ചെയ്യാന്‍ കഴിയുന്നത്

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ അഭിപ്രായം നഗരവൽക്കരണം വ്യാപിക്കുന്ന ഇക്കാലത്ത് തേനീച്ചകളുടെ സംരക്ഷണത്തിനായി കൂടുതല്‍ ഹരിതഇടങ്ങള്‍ നഗരങ്ങളില്‍ വികസിപ്പിക്കണമെന്നതാണ്. വന്യജീവിസൗഹൃദമായ കൃഷിരീതികളും, പൂന്തോട്ടപരിപാലനവും പരാഗണ സഹായികളായ പ്രാണികളെ ആകര്‍ഷിക്കും. കൃഷിയിടത്തില്‍ കാട്ടുചെടികളുടെയും, കളകളുടേയും ചെറിയ ഇടവിളകള്‍ ഒരുക്കുന്നത് തേനീച്ചകളെ ആകര്‍ഷിക്കും. വളര്‍ന്ന് പടരുന്ന പുല്ലുകള്‍പോലും തേനീച്ചകള്‍ക്ക് അതിജീവന കേന്ദ്രമാകും. പല കാലങ്ങളില്‍ പൂവിടുന്ന നാടന്‍ ചെടികള്‍ വീടിനു ചുറ്റും നടുമ്പോഴും തേനീച്ച വളര്‍ത്തുന്ന കര്‍ഷകനില്‍ നിന്ന് തേന്‍ വാങ്ങുമ്പോഴും രാസകള കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുമ്പോഴും നമ്മള്‍ സഹായിക്കുന്നത് തേനീച്ചകളുടെ അതിജീവനത്തെയാണ്.

ഹോളണ്ടിലെ ഒരു നഗരത്തിലെ നൂറു കണക്കിന് ബസ് സ്റ്റോപ്പുകള്‍ക്ക് സസ്യങ്ങള്‍ കൊണ്ടുള്ള ഹരിത മേല്‍ക്കൂരയാണ് നല്‍കിയിരിക്കുന്നത്. തേനീച്ചകള്‍ക്കുള്ള സമ്മാനങ്ങളാണ് സസ്യങ്ങളാല്‍ മൂടപ്പെട്ട ഈ ആലയങ്ങള്‍. മുളകള്‍കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ തീര്‍ത്തും രാത്രിയില്‍ വൈദ്യുതി ഫലപ്രദമായി ഉപയോഗിക്കുന്ന LED ബള്‍ബുകളിട്ടും അവ കൂടുതല്‍ ഹരിതമാക്കിയിരിക്കുന്നു. 

Email: drsabingeorge10@gmail.com

English Summary: World Bee Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com