ADVERTISEMENT

ഇന്ന് ലോക ആനദിനം. ആനകളുടെ കാര്യത്തിലെ വലിയ ദുരൂഹതയാണ് കല്ലാനകൾ. പശ്ചിമഘട്ടത്തിൽ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ ചെറു ആനകൾക്ക് അഞ്ചടിമാത്രമാണ് പരമാവധി നീളം വയ്ക്കുന്നതത്രേ. പശ്ചിമഘട്ടത്തിലെ പേപ്പാറ വനമേഖലയിലും മറ്റും ഇവയുണ്ടെന്ന് ഗോത്രവിഭാഗക്കാർ വിശ്വസിക്കുന്നു. നാട്ടാനകൾക്കൊപ്പം ഇത്തരം ആനകളെയും കാണാറുണ്ടെന്ന് ഇവർ പറയുന്നു.

പാറക്കെട്ടുകൾ നിറഞ്ഞ മേഖലകളിൽ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് കല്ലാനകൾ എന്ന് ഗോത്രവിഭാഗക്കാർ പേരു നൽകിയത്. എന്തെങ്കിലും ശല്യമുണ്ടാകുമ്പോൾ വലിയ വേഗത്തിൽ ഓടി രക്ഷപ്പെടുന്നതിനാൽ തുമ്പിയാനകൾ എന്നും ഇവയെ തദ്ദേശീയർ വിളിക്കുന്നു.

ഗോത്രവർഗക്കാർ പറയുന്നത് പ്രകാരം പുല്ല്, മുള, കിഴങ്ങുകൾ, മരത്തൊലികൾ എന്നിവയെല്ലാം ഇവ ഭക്ഷിക്കാറുണ്ട്. മറ്റ് ആനകളെ പോലെ പുഴയിൽ കുളിക്കുന്നതും പൊടിയിൽ കളിക്കുന്നതും ഇവ ഇഷ്ടപ്പെടുന്നു. എന്നാൽ സാധാരണ ആനകളുമായി ഇവ യാതൊരു തരത്തിലും സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്നില്ലത്രേ.

ഇന്നും കല്ലാനകളുടെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവയുടേതായി ചിത്രങ്ങളും മറ്റുമിറങ്ങിയിട്ടുണ്ട്. പല വിദഗ്ധരും ഇവയ്ക്കായി വലിയ തിരച്ചിലുകൾ നടത്തുകയും കണ്ടെത്തലുകൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ ആനകളിൽ ചിലത് ജനിതകപരമായ മാറ്റം കൊണ്ട് ആകാരത്തിൽ ചെറുതായതാണോയെന്ന സംശയവും നിലനിൽക്കുന്നു. ഏതായാലും പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിൽ വലിയൊരു ദുരൂഹതയായി കല്ലാനകൾ നിലനിൽക്കുന്നു.

ലോകത്ത് ഇതുവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും ആകാരവലുപ്പം കുറഞ്ഞ ആനകൾ മെഡിറ്ററേനിയൻ മേഖലയിലാണ് ജീവിച്ചത്. പാലിയോക്‌സോഡോൺ ഫാൽക്കണേറി എന്നറിയപ്പെട്ടിരുന്ന ഈ ആനയ്ക്ക് പരമാവധി ഒരുമീറ്റർ വരെയായിരുന്നു പൊക്കം. ഇവ 68 വയസ്സുവരെ ജീവിച്ചിരുന്നു.

Read Article: ആനയിറങ്ങാതിരിക്കാന്‍ കാട്ടില്‍ ചക്കക്കുരു നട്ടവര്‍ ! ഉപ്പുവിതറിയിട്ടും രക്ഷയില്ല; എങ്ങനെ തളയ്ക്കും കാട്ടാനക്കലി

ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതിൽ സ്ഥിരീകരിക്കപ്പെട്ട ഏറ്റവും ചെറിയ ആനകൾ ഇന്തൊനീഷ്യയിലുള്ള ബോർണിയോ പിഗ്മി എന്നയിനം കുഞ്ഞാനകളാണ്. ഏഷ്യൻ ആനകളെ അപേക്ഷിച്ച് 30 ശതമാനം ചെറുതാണ് ഇവ. ഇക്കൂട്ടത്തിലെ ആണാനകൾക്ക് 1.7 മുതൽ 2.6 മീറ്റർ വരെയാണ് നീളം വയ്ക്കുന്നത്. 2500 കിലോഗ്രാം വരെയാണ് ശരാശരി ഭാരം. ഇന്തൊനീഷ്യയിലും മലേഷ്യയിലുമായി ഇത്തരം 3500 ആനകളുണ്ടെന്നാണു കണക്ക്.

Content Highlights: Kallana | Western Ghats | Elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com