ADVERTISEMENT

കോംപാക്ട് എസ് യു വിയായ ഡബ്ല്യു ആർ–വിയുടെ പരിഷ്കരിച്ച പതിപ്പിനുള്ള പ്രീ ബുക്കിങ്ങുകൾ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ സ്വീകരിച്ചു തുടങ്ങി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനൊപ്പം കാഴ്ചയിലും ചില്ലറ മാറ്റങ്ങളോടെയാണു നവീകരിച്ച ഡബ്ല്യു ആർ–വിയുടെ വരവ്. കൊറോണ വൈറസ് ബാധയുടെ ഭീഷണി മാറിയാലുടൻ കാർ ഇന്ത്യയിൽ ഔപചാരിക അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. തികച്ചും മത്സരക്ഷമമായ വിലകളിലാവും ഹോണ്ട പുതിയ ഡബ്ല്യു ആർ–വി പടയ്ക്കിറക്കുകയെന്നാണു സൂചന.

എൻജിൻ കൂടാതെ മുന്നിലെ ഗ്രില്ലും ഹെഡ്ലാംപുമാണു പുതിയ ഡബ്ല്യു ആർ–വിയിലെ പ്രധാന പരിഷ്കാരം; ഹോണ്ടയുടെ മുഖമുദ്രയായ, മുകളിൽ കട്ടിയുള്ള ക്രോം സ്ലാറ്റ് സഹിതം തിരശ്ചീനമായ, ത്രിമാന സ്ലാറ്റഡ് ഗ്രില്ലാവും ഈ ഡബ്ല്യു ആർ–വിയിൽ ഇടംപിടിക്കുക. ക്രോം ചട്ടത്തിന്റെ പാർശ്വത്തിലാണു പുതിയ രൂപകൽപ്പനയുള്ള എൽ ഇ ഡി ഹെഡ്ലാം പ് ഇടംപിടിക്കുന്നത്. ആകൃതി മുമ്പത്തേതിനു സമാനമെങ്കിലും ഡേ ടൈം റണ്ണിങ് ലാംപ്(ഡി ആർ എൽ) കൂടി ഉൾക്കാള്ളിക്കാനുള്ള മാറ്റങ്ങളാണു നടപ്പാക്കിയത്. ടെയിൽ ലാംപിലുമുണ്ട് ചില്ലറ പരിഷ്കാരങ്ങൾ. ഇതോടൊപ്പം വൺ ടച്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് സൺ റൂഫും ഡബ്ല്യു ആർ–വിയിൽ ഇടംപിടിക്കുന്നുണ്ട്.

അകത്തളത്തിലെ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിവായിട്ടില്ലെങ്കിലും ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ഫോൾഡിങ് മിറർ, റിയൽ വാഷ് ആൻഡ് വൈപ്, പാർക്കിങ് സെൻസർ, പുഷ് ബട്ടൻ സ്റ്റാർട്, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് ഡിസ്പ്ലേ എന്നിവ പ്രതീക്ഷിക്കാം. ഡബ്ല്യു ആർ–വിയിൽ ഹോണ്ട ക്രൂസ് കൺട്രോളും ലഭ്യമാക്കിയേക്കും.

കാറിനു കരുത്തേകുക മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിച്ച 1.2 ലീറ്ററ്, ഐ – വിടെക് പെട്രോൾ, 1.5 ലീറ്റർ, ഐ–ഡിടെക് ടർബോ ഡീസൽ എൻജിനുകളാവും. 90 പി എസ് വരെ കരുത്തും 110 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള പെട്രോൾ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും. അതേസമയം 100 പി എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന ഡീസൽ എൻജിനൊപ്പമെത്തുക ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. ഇന്ത്യയിൽ ഹ്യുണ്ടേയ് വെന്യൂ, മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്‌യുവി 300 തുടങ്ങിയവയോടാണു ഡബ്ല്യു ആർ–വിയുടെ മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com