ഹാർലിയും ഹീറോയും; മിഡിൽ വെയ്റ്റ് താരം മാവ്റിക് 440
Mail This Article
അപ്പർ പ്രീമിയം സെഗ്‍മെന്റിൽ ഹീറോയുടെ ആദ്യ മോഡലാണ് മാവ്റിക് 440. എൻട്രി ലെവൽ മോട്ടർ സൈക്കിളുകളിലൂടെ ഇന്ത്യൻ നിരത്തിലെ ഹീറോ ആയ ഹീറോയുെട മിഡിൽ വെയ്റ്റ് താരം യുവാക്കളുടെ മനംകവരാനാണ് എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഭുജിലും റാൻ ഒാഫ് കച്ചിലും നടന്ന മീഡിയ റൈഡിൽ ഒാടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്.
ഡിസൈൻ
റോഡ്സ്റ്റർ, നേക്കഡ് സ്ട്രീറ്റ് ബൈക്ക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഡിസൈനാണ് മാവ്റിക്കിന്. മസിൽതുടിപ്പേറിയ സ്പോർട്ടി ഫീൽ നിഴലിക്കുന്ന ബോഡി പാനലുകൾ യുവാക്കളുടെ നോട്ടം പിടിച്ചെടുക്കുമെന്നതിൽ സംശയമില്ല. മെറ്റൽ ബോഡിയാണ്. ഫൈബറിന്റെയും പ്ലാസ്റ്റിക്കിന്റെയും ധാരാളിത്തമല്ല ഹൈലൈറ്റ്! 13.5 ലീറ്ററിന്റെ മസ്കുലർ ടാങ്ക്. ടാങ്ക് സ്കൂപ്പും സൈഡ് പാനലും ഫെൻഡറുകളും സൈലൻസർ ഗാർഡുമെല്ലാം മെറ്റലിലാണു നിർമിച്ചിരിക്കുന്നത്. ഇന്റലിജെന്റ് ഇല്യൂമിനേഷനോടുകൂടിയ പ്രൊജക്ടർ ഹെഡ്‍ലാംപാണ്. ഇരുട്ടാകുന്നതോടെ ഒാട്ടമാറ്റിക്കായി തെളിഞ്ഞുകൊള്ളും. എച്ച് ആകൃതിയിലുള്ള പൊസിഷൻ ലാംപും എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും അടങ്ങിയ ഹെഡ്‍ലാംപ് യൂണിറ്റിന്റെ ഡിസൈൻ മനോഹരം. ടെയിൽ ലാംപും ഇൻഡിക്കേറ്ററുമെല്ലാം എൽഇഡിയാണ്.
നെഗറ്റീവ് ഡിസ്പ്ലേയോടുകൂടിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. അതായത് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ. നട്ടുച്ചയ്ക്കും ഈസിയായി കൺസോളിലെ വിവരങ്ങൾ വായിച്ചെടുക്കാം. ബ്ലൂടൂത്ത് വഴി സ്മാർട് ഫോൺ കണക്റ്റ്ചെയ്യാം. മെസേജ് നോട്ടിഫിക്കേഷൻ, മിസ്ഡ് കോൾ അലർട്ട്-ഇൻകമിങ് കോൾ അലർട് എന്നിവയറിയാം. ടേൺ ബൈ ടേൺ നാവിഗേഷൻ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി(നിലവിലുള്ള ഇന്ധനംകൊണ്ട് ഇനി എത്ര ദൂരം സഞ്ചരിക്കാം എന്നറിയാവുന്ന ഫീച്ചർ), റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ എന്നിങ്ങനെയാണ് മറ്റു ഫീച്ചറുകൾ. ഫ്യുവൽ ടാങ്കിനു മുൻവശത്തായാണ് യുഎസ്ബി ചാർജിങ് പോർട്ട്.
നല്ല ഗ്രിപ്പ് കിട്ടുന്ന രീതിയിലാണ് ടാങ്ക് ഡിസൈൻ. ഉഗ്രൻ ഫിനിഷും ക്വാളിറ്റിയുമുള്ള ഗ്രാബ് റെയിൽ. ഫുട് പെഗ് അസംബ്ലി നോക്കിയാൽ അറിയാം ക്വാളിറ്റിയിൽ എത്രത്തോളും ശ്രദ്ധിച്ചിട്ടുണ്ടെന്ന്. മൊത്തത്തിൽ നോക്കിയാൽ ഉഗ്രൻ ഡിസൈൻ. ഉയർന്ന നിർമാണ നിലവാരം.
ആക്സസറികൾ
ഹെഡ്‍ലാംപ് വൈസർ, മൊബൈൽ ഹോൾഡർ, എക്സ്ട്രാ ലൈറ്റ്, ടാങ്ക് ബാഗ്, ടൂറിങ് സൈഡ് ബാഗ്, പില്യൺ ബാക്ക് റെസ്റ്റ് എന്നിങ്ങനെ ആക്സസറികളുമുണ്ട്.
എൻജിൻ
ഹാർലിയുടെയും ഹീറോയുടെയും സഹകരണത്തിൽ പിറന്ന 440 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ്-ഒായിൽ കൂൾഡ് എൻജിനാണ് മാവ്റിക്കിന്റെ പവർഹൗസ്. ടോർക് എക്സ് എൻജിൻ എന്നാണ് ഹീറോ ഇതിനെ വിശേഷിപ്പിക്കുന്നതുതന്നെ. കാരണം 4000 ആർപിഎമ്മിൽ 36 എൻഎം ടോർക്കാണ് ഈ എൻജിൻ പുറത്തെടുക്കുന്നത്. 90% ടോർക്കും 2000 ആർപിഎമ്മിനുള്ളിൽതന്നെ കിട്ടുമെന്നത് ആ എൻജിന്റെ സവിശേഷതയാണ്. 6000 ആർപിഎമ്മിൽ 27 ബിഎച്ച്പിയാണ് കൂടിയ കരുത്ത് (മാവ്റിക്കിനെക്കാളും 2 എൻഎം ടോർക്ക് കൂടുതലുണ്ട് ഹാർലി എക്സ് 440 ന്).
ട്രാൻസ്മിഷൻ
സ്ലിപ് അസിസ്റ്റ് ക്ലച്ചോടുകൂടിയ 6 സ്പീഡ് ട്രാൻസ്മിഷൻ. ഷോർട് ത്രോയാണ്. മാറ്റങ്ങൾ ലളിതവും കിറുകൃത്യവും. ടോ ഷിഫ്റ്റ് ഗിയർ ലിവറാണ്.
റൈഡ്
187 കിലോഗ്രാം ഭാരമുണ്ട് മാവ്റിക്കിന്. എന്നാൽ കോംപാക്ട് ഡിസൈനായതുകൊണ്ട് അതത്ര അറിയുന്നില്ല. 803 എംഎം ഉയരമുള്ള സീറ്റിൽ ശരാശരി ഉയരമുള്ളവർ കയറിയിരുന്നാലും ഈസിയായി കാൽ നിലത്തു കുത്താം. റോഡ്സ്റ്റർ എന്നാണ് ഹീറോ ഇതിനെ വിശേഷിപ്പിക്കുന്നത്. അതിനോടു നൂറു ശതമാനവും നീതിപുലർത്തുന്ന റൈഡിങ് എർഗോണമിക്സാണ് മാവ്റിക്കിനു നൽകിയിരിക്കുന്നത്. മുന്നോട്ടാഞ്ഞുള്ള സ്പോർട്ട് ബോഡി ഡിസൈനാണെങ്കിലും അപ്റൈറ്റ് റൈഡിങ് പൊസിഷനാണ്. റെയ്സറോടു കൂടിയ വീതിയേറിയ ഹാൻഡിൽബാറാണ്. അതുകൊണ്ടുതന്നെ നിവർന്നിരിക്കാം. പിന്നിലേക്ക് അധികം ഇറങ്ങാത്തതരത്തിലാണ് ഫുട്‌റെസ്റ്റ് പൊസിഷൻ. ഹൈവേ റൈഡിലും ദീർഘദൂരയാത്രയിലും മികച്ച കംഫർട്ടാണ് റൈഡിങ് പൊസിഷൻ നൽകുന്നത്. കാഴ്ചയിൽ വലുപ്പക്കുറവു തോന്നുമെങ്കിലും റിലാക്സ് ചെയ്തിരിക്കാവുന്ന സീറ്റാണ്. നല്ല കുഷനും പാഡിങ്ങുമുണ്ട്. രണ്ടു പേർക്കു സുഖമായി ഇരിക്കാം.
റാൻ ഒാഫ് കച്ചിലെ വൈറ്റ് ഡെസേർട്ടിൽനിന്നും ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകളുള്ള ദോലാവീരയിലേക്കുള്ള റൈഡിൽ മാവ്റിക്കിന്റെ പെർഫോമൻസ് ശരിക്കും അദ്ഭുതപ്പെടുത്തി. ഈ റൂട്ടിലെ പ്രശസ്തമായ ‘റോഡ് ടു ഹെവൻ’ നേർരേഖയിലുള്ള ഒരു റോഡാണ്. റാൻ ഒാഫ് കച്ച് ഉപ്പു തടാകത്തിനു നടുവിലൂടെയാണ് ഇൗ റോഡ് പോകുന്നത്. അതിമനോഹരമായ റോഡ്. ഹൈവേയും ഗ്രാമവഴികളും വിജനമായ വളഞ്ഞുപുളഞ്ഞ റോഡുകളും കടന്നുവേണം ഇവിടേക്കെത്താൻ.
ചെറുവേഗത്തിൽ നിയന്ത്രണം വളരെ ഈസി. ലൈറ്റ് ക്ലച്ചാണ്. ടോർക്കി എൻജിനായതിനാൽ അടിക്കടി ഗിയർ മാറേണ്ടിവരുന്നില്ല. നാലാം ഗിയറിൽ 25-30 കിലോമീറ്റർ വേഗത്തിൽ ഈസിയായി നീങ്ങും. അതേ ഗിയറിൽ ത്രോട്ടിൽ കൊടുത്താൽ മൂന്നക്കത്തിലേക്ക് ആയാസം കൂടാതെ കയറുന്നുണ്ട് മാവ്റിക്. ലോ എൻഡ്, മിഡ് റേഞ്ച്, ടോപ് എൻഡ് എന്നിങ്ങനെ ആർപിഎമ്മിലുടനീളം കിടിലൻ പെർഫോമൻസാണ് മാവ്റിക് പുറത്തെടുക്കുന്നത്. 130-135 കീമി വേഗത്തിൽ കുതിക്കുമ്പോഴും ഇനിയും ത്രോട്ടിൽ കൊടുത്തോളൂ എന്ന ലൈനിലാണ് എൻജിൻ പ്രതികരണം.
ഐഡിലിങ്ങിൽ നേരിയ വൈബ്രേഷൻ ഫീൽ ചെയ്യുമെങ്കിലും ഗിയറിട്ട് മുന്നോട്ടുനീങ്ങുമ്പോൾ അത് അപ്രത്യക്ഷമാകും. ആർപിഎം റെഡ് ലൈനിലേക്കെത്തുമ്പോൾ നേരിയ വൈബ്രേഷൻ ഹാൻഡിലിലും ഫുട്പെഗിലും അറിയുന്നുണ്ട്. നേർരേഖാ സ്ഥിരതയും വളവുകളിലെ നിയന്ത്രണവും എടുത്തുപറയേണ്ട സംഗതികളാണ്. ഉയർന്ന വേഗത്തിൽ വളവുകൾ വീശിയെടുക്കാം. 43 എംഎം ഫോർക്കാണു മുന്നിൽ. പിന്നിൽ 7 തരത്തിൽ ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളും. മോണോ ഷോക്ക് എന്തുകൊണ്ടു നൽകിയില്ല എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നെങ്കിലും ഈ വിലയിൽ ഇത്രയും യാത്ര സുഖവും റൈഡ് കംഫർട്ടും നൽകുന്നതിൽ ഈ സസ്പെൻഷനുകൾ നൽകുന്ന പെർഫോമൻസ് പ്രശംസനീയമാണ്. 130 എംഎം ട്രാവലുണ്ട് മുന്നിലെയും പിന്നിലെയും സസ്പെൻഷനുകൾക്ക്.
ടാർ റോഡിൽനിന്നിറങ്ങിയുള്ള യാത്രയിലും മാവ്റിക് കൂടെനിൽക്കും 175 എംഎം ഗ്രൗണ്ട് ക്ലിയറെൻസുണ്ട്. ദോലാവീരയിലേക്കുള്ള റോഡിന് ഒരു ട്രക്കിനു പോകാനുള്ള വീതിയേ ഉള്ളൂ. ഉപ്പ് കയറ്റിപ്പോകുന്ന വമ്പൻ ട്രെയിലർ ട്രക്കുകളാണ് ഈ റൂട്ടിൽ കൂടുതലും. വച്ചുകൊളുത്തിയാണ് പോക്ക്. അടുത്തെത്തുമ്പോൾ ടാർ റോഡിൽനിന്നും വശത്തെ മൺതിട്ടയിലേക്ക് ബൈക്ക് ഇറക്കി ഒാടിച്ചാൽ തടി കഴ്ച്ചിലാകും. ചിലയിടത്ത് റോഡിന്റെ കട്ടിങ് നല്ല താഴ്ചയുള്ളതാണ്. എന്നാൽ മാവ്റിക് ഇവിടെയെല്ലാം തെല്ലും കൂസാതെ ചാടിയിറങ്ങി കുതിച്ചു കയറി നിന്നു.
17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്‌വീലാണ്. ബേസ് മോഡലിൽ സ്പോക്ക് വീലാണ്. കോർണറിങ്ങിലും പരുക്കൻ റോഡിലും നല്ല ഗ്രിപ്പും നിയന്ത്രണവും നൽകുന്നുണ്ട് ഈ ടയർ. ഡിസ്ക്ക് ബ്രേക്കാണ് ഇരുവീലുകളിലും. ഡ്യുവൽ ചാനൽ എബിഎസ്സുണ്ട്. ഡീസൽ ബുള്ളറ്റ് പെട്ടി ഒാട്ടോ ആക്കിയ നോർത്ത് ഇന്ത്യൻ വകഭേദം. റോഡിൽ വട്ടംകയറിയപ്പോഴാണ് ബ്രേക്കിന്റെ പെർഫോമൻസ് മനസ്സിലായത്.
വില
മൂന്നു വേരിയന്റുകളാണ് മാവ്റിക്കിനുള്ളത്. ബേസ്- 1.99 ലക്ഷം രൂപ, മിഡ്- 2.14 ലക്ഷം രൂപ. ടോപ്- 2.24 ലക്ഷം രൂപ. അഞ്ചു നിറങ്ങളുണ്ട്. ബേസ്-ആർട്ടിക് വൈറ്റ്. മിഡ്-സെലസ്റ്റിയൽ ബ്ലൂ, ഫിയർലെസ് റെഡ്. ടോപ്-ഫാന്റം ബ്ലാക്ക്, എനിഗ്‍മ റെഡ്.
ഫൈനൽ ലാപ്
ജനുവരിയിൽ ജയ്പുരിൽ നടന്ന ഹീറോ വേൾഡിലാണ് മാവ്റിക്കിനെ ആദ്യമായി ഹീറോ അവതരിപ്പിക്കുന്നത്. സ്റ്റൈൽ ഫീച്ചേഴ്സ്, പെർഫോമൻസ് എന്നിവയെല്ലാം സമം ചാലിച്ചെത്തിയ മാവ്റിക്കിനെ ആവേശത്തോടെയാണ് യൂത്ത് വരവേറ്റത്. ആ ചൂട് ആറും മുൻപേതന്നെ ഹീറോ മാവ്റിക്കിനെ നിരത്തിലെത്തിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ചു. ഏപ്രിൽമുതൽ ഡെലിവറി.
കോംപാക്റ്റ് ഡിസൈൻ, മെറ്റൽ ബോഡി, ഉഗ്രൻ നിർമാണ നിലവാരം, ടോർക്കി എൻജിൻ, ലോങ് ഡ്രൈവ് കംഫർട്ട്, ഫീച്ചറുകൾ എന്നിങ്ങനെ മാവ്റിക്കിനെ സവിശേഷമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വിപണിയിലെ 300–500 സിസി വിഭാഗത്തിലെ സ്ട്രീറ്റ്, നേക്കഡ്–ക്രൂസർ ബൈക്കുകൾ ക്കെല്ലാം ഒത്ത എതിരാളിയാണ് മാവ്റിക്.