ADVERTISEMENT

ലോകത്തെ ഏറ്റവും അപകടം പിടിച്ച ബൈക്ക് റേസുകളില്‍ ഏറ്റവും മുന്നിലാണ് ഐല്‍ ഓഫ് മാന്‍ ടിടിയുടെ സ്ഥാനം. ഇതുവരെ 50 വിജയങ്ങള്‍ നേടി ഐല്‍ ഓഫ് മാന്‍ ടിടി ഭരിക്കുന്ന കുടുംബമാണ് ഡണ്‍ലോപ്. തിരികെ ലഭിക്കാത്ത വിലപ്പെട്ട ജീവനുകള്‍ നല്‍കിയാണ് ഡണ്‍ലോപ് കുടുംബം ഈ പകരം വയ്ക്കാനാവാത്ത നേട്ടത്തിലെത്തിയിരിക്കുന്നത്.

robert-dunlop
Robert Dunlop

ബ്രിട്ടനിലെ ചെറുദ്വീപായ ഡഗ്ലസിലെ ഗ്രാമീണ പാതകളാണ് ഐല്‍ ഓഫ് മാന്‍ ടിടിയുടെ റേസ് ട്രാക്ക്. ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ പാതകളിലൂടെ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിക്കുമ്പോഴുണ്ടാകുന്ന അപകട സാധ്യത വളരെ വലുതാണ്. 1907ല്‍ ആരംഭിച്ച ഐല്‍ ഓഫ് മാന്‍ ടിടിക്കിടെ ഇതുവരെ പൊലിഞ്ഞത് 151 മനുഷ്യ ജീവനുകളാണെന്നത് ഇതിന് അടിവരയിടുന്നു.

സഹോദരങ്ങളായ ജോയെയും റോബര്‍ട്ടും പിന്നെ റോബര്‍ട്ടിന്റെ മക്കളായ വില്യമും മൈക്കലും ചേര്‍ന്നാണ് ഐല്‍ ഓഫ് മാന്‍ ടിടിയില്‍ ചരിത്രം രചിച്ചിട്ടുള്ളത്. ജോയെയില്‍ തുടങ്ങി ഇപ്പോള്‍ മൈക്കലിലൂടെ തുടരുന്ന ഈ കുടുംബവാഴ്ച്ചക്ക് നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിനിടെ ജോയെ, റോബര്‍ട്ട്, വില്യം എന്നിവരുടെ ജീവന്‍ അപകടത്തില്‍ പൊലിയുകയും ചെയ്തു. റേസ് ട്രാക്കില്‍ സഹോദരനേയും പിതാവിനേയും അമ്മാവനേയും നഷ്ടപ്പെട്ടിട്ടും വീണ്ടും അതേ ട്രാക്കില്‍ മത്സരത്തിനിറങ്ങാന്‍ മൈക്കലിനെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും?

വില്യമിനെ പിന്തുടര്‍ന്ന മരണം

രണ്ടാമത്തെ കുഞ്ഞിനെ ആറു മാസം ഗര്‍ഭിണിയായിരിക്കെ വില്യം ഡണ്‍ലപിന്റെ ജീവിത പങ്കാളി ജനൈനിന് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ കലശലായിരുന്നു. ഇക്കാരണം കൊണ്ടാണ് 2018 മെയ് മാസത്തില്‍ നടന്ന ഐല്‍ ഓഫ് മാന്‍ ടിടിയില്‍ നിന്നു അവസാന നിമിഷം വില്യം പിന്‍വാങ്ങിയത്. ഡണ്‍ലപ് കുടുംബത്തിലെ അംഗത്തെ സംബന്ധിച്ച് റേസിങ് ഒഴിവാക്കി കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ തീരുമാനിക്കുകയെന്നത് എളുപ്പമല്ലായിരുന്നു. എന്നിട്ടും വില്യം ഡണ്‍ലപ് കുടുംബത്തിന് പ്രാധാന്യം നല്‍കി.

william-dunlop
William Dunlop & Michael Dunlop

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു അന്നത്തെ ഒഴിവുകാലമെന്നാണ് പിന്നീട് ജനൈന്‍ പറഞ്ഞിട്ടുള്ളത്. ആഴ്ച്ചകള്‍ക്കുശേഷം 2018 ജൂലൈ ഏഴിന് ഡബ്ലിനില്‍ നടന്ന സ്‌കെറീസ് 100 റേസിനിടെ അപകടത്തില്‍ പെട്ട വില്യം ഡണ്‍ലപിന്റെ ജീവന്‍ പൊലിഞ്ഞു. മത്സരത്തിനിടെ അതിവേഗത്തില്‍ പോകുമ്പോഴുണ്ടായ അസാധാരണമായ ഒരു യന്ത്രതകരാറാണ് വില്യമിന്റെ ജീവനെടുത്തത്. ബൈക്കില്‍ നിന്നുള്ള ഓയില്‍ പിന്‍ ചക്രത്തിലേക്ക് ചോര്‍ന്നൊലിച്ചതോടെയാണ് 32കാരനായ വില്യം ഡണ്‍ലപ് ബൈക്കില്‍ നിന്നും തെറിച്ചു പോകുന്നതും മരണം സംഭവിക്കുന്നതും. രണ്ടു മാസങ്ങള്‍ക്ക് ശേഷം പിറന്ന മകള്‍ വില്ലയെ ഒരിക്കല്‍ പോലും കാണാന്‍ വില്യമിന് സാധിച്ചിരുന്നില്ല.

ജോയെ രചിച്ച വിജയഗാഥ

വില്യമിന്റെ പിതാവിന്റെ സഹോദരനായ ജോയെ ഡണ്‍ലപാണ് ഐല്‍ ഓഫ് മാന്‍ ടിടിയിലെ എക്കാലത്തേയും വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളത്. ഐല്‍ ഓഫ് മാന്‍ ടിടിയില്‍ 26 വിജയങ്ങളാണ് ജോയെ സ്വന്തമാക്കിയിട്ടുള്ളത്. തലമുറകളെ പ്രചോദിപ്പിച്ചിട്ടുള്ള ജോയെയുടെ ജീവിതം അവസാനിച്ചതും റേസ് ട്രാക്കിലായിരുന്നു. 

joey-dunlop
Joey Dunlop

2000 ജൂലൈ രണ്ടിന് നടന്ന റേസിനിടെ 48 കാരനായിരുന്ന ജോയെയുടെ 125 സിസി ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. തനിക്കൊപ്പം മത്സരിച്ചിരുന്ന പലരേക്കാളും ഇരട്ടിയിലേറെ പ്രായമുണ്ടായിരുന്നു അന്ന് ഈ ബൈക്ക് റേസ് ഇതിഹാസത്തിന്. അദ്ദേഹത്തിന്റെ മരണം വലിയ നടുക്കമാണ് അന്ന് റെസിങ് ലോകത്തുണ്ടാക്കിയത്. വടക്കന്‍ അയര്‍ലണ്ടില്‍ നടന്ന ജോയെയുടെ സംസ്‌ക്കാര ചടങ്ങില്‍ ലോകത്തിന്റെ പലഭാഗത്തു നിന്നുമായി അരലക്ഷത്തോളം പേരാണ് പങ്കെടുത്തത്. 

തിരിച്ചുവരവുകളുടെ റോബര്‍ട്ട്

മൂത്ത സഹോദരന്‍ ജോയെയെ അപേക്ഷിച്ച് ക്യാമറകള്‍ക്ക് എന്നും പ്രിയങ്കരനായിരുന്നു റോബര്‍ട്ട് ഡണ്‍ലപ്. അഞ്ചു തവണയാണ് ഐല്‍ഓഫ് മാന്‍ ടിടിയില്‍ റോബര്‍ട്ട് കിരീടം നേടിയിട്ടുള്ളത്. 1989, 1990, 1991, 1998 വര്‍ഷങ്ങളിലായിരുന്നു അത്. 1994ല്‍ റേസിങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോബര്‍ട്ടിന്റെ കരിയര്‍ അവസാനിച്ചെന്ന് പലരും വിധിയെഴുതിയതാണ്. പക്ഷേ അതല്ല സംഭവിച്ചത്.

തന്റെ റേസിങ് കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് റോബര്‍ട്ടിന് അപകടം സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ ഹോണ്ട ആര്‍സി 45 സൂപ്പര്‍ബൈക്കിന്റെ പിന്‍ചക്രം അതിവേഗത്തില്‍ പോകുന്നതിനിടെ നിന്നുപോവുകയായിരുന്നു. വലതുകയ്യിനും കാലിനുമാണ് അന്ന് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. വലതുകൈ മുഴുനായും മടക്കാനോ വലതുകാല്‍ പഴയതുപോലെ ചലിപ്പിക്കാനോ അദ്ദേഹത്തിന് പിന്നീടൊരിക്കലും സാധിച്ചില്ല. 

michael-dunlop-2

സൂപ്പര്‍ബൈക്കുകള്‍ വളവുകളില്‍ കിടത്തിയോടിക്കാനുള്ള തന്റെ ക്ഷമത കുറഞ്ഞെന്ന് തിരിച്ചറിഞ്ഞതോടെ റോബര്‍ട്ട് കുറഞ്ഞ ശേഷിയുള്ള 125 സിസി, 250 സിസി ബൈക്കുകളിലേക്ക് ശ്രദ്ധ തിരിച്ചു. തന്റെ ന്യൂനതകള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ റോബര്‍ട്ട് ബൈക്കുകളില്‍ വരുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് റോബര്‍ട്ട് 1998ലെ ഐല്‍ ഓഫ് മാന്‍ ടിടിയില്‍ വിജയിച്ചത്. 

റോബര്‍ട്ട് ഡണ്‍ലപ് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയത് നോര്‍ത്ത് വെസ്റ്റ് 200 റേസിലായിരുന്നു. 15 തവണ റോബര്‍ട്ട് വിജയിച്ച ഈ മത്സരം തന്നെ അദ്ദേഹത്തിന്റെ അവസാനത്തെ പോരാട്ടവേദിയാവുകയും ചെയ്തു. 2008ലെ നോര്‍ത്ത് വെസ്റ്റ് 200ന്റെ പരിശീലനത്തിനിടെ സംഭവിച്ച അപകടമാണ് റോബര്‍ട്ടിന്റെ ജീവനെടുത്തത്. മരണത്തിനല്ലാതെ മറ്റൊന്നിനും റേസ് ട്രാക്കില്‍നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് കാണിച്ച ജീവിതമായിരുന്നു റോബര്‍ട്ടിന്റേത്. 

ഒന്നാമനാവാന്‍ മൈക്കല്‍

2008ല്‍ റോബര്‍ട്ടിന്റെ ജീവനെടുത്ത നോര്‍ത്ത് വെസ്റ്റ് 200 റേസില്‍ അദ്ദേഹത്തിന്റെ മക്കളായ വില്യമും മൈക്കലും പങ്കെടുത്തിരുന്നു. പിതാവിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ഇരുവരും പിറ്റേന്നത്തെ മത്സരത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു. സംഘാടകര്‍ പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും മൈക്കലും റോബര്‍ട്ടും മത്സരിച്ചു. മത്സരശേഷം പോഡിയത്തില്‍ ഒന്നാമതായി നിന്നുകൊണ്ട് കരഞ്ഞാണ് മൈക്കല്‍ ഡണ്‍ലപ് അന്ന് പിതാവിന് സമാനതകളില്ലാത്ത ആദരമര്‍പ്പിച്ചത്. ഇത്തരം നിമിഷങ്ങളാണ് ഐല്‍ ഓഫ് മാന്‍ ടിടി ഡണ്‍ലപ് കുടുംബത്തിന് വെറും മത്സരമല്ലെന്ന് തെളിയിക്കുന്നതും. 

michael-dunlop-1

സ്വന്തം പിതാവിനേയും സഹോദരനേയും പിതൃസഹോദരനേയും റേസ് ട്രാക്കില്‍ നഷ്ടമായിട്ടും മൈക്കല്‍ ജൈത്ര യാത്ര തുടരുകയാണ്. 32കാരനായ മൈക്കല്‍ ഇതുവരെ 19 ഐല്‍ ഓഫ് മാന്‍ ടിടി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. എക്കാലത്തേയും മികച്ച നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ജോയെ ഡണ്‍ലപിനും(26) ജോണ്‍ മക്ഗ്വിന്നെസിനും(23) തൊട്ടു പിന്നിലുണ്ട് മൈക്കല്‍. മുപ്പതു വയസു പൂര്‍ത്തിയാവുമ്പോഴേക്കും 18 ഐൽ ഓഫ് മാന്‍ ടിടി കിരീടങ്ങള്‍ മൈക്കല്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. 

ഇതേപ്രായത്തില്‍ ഒരേയൊരു തവണ മാത്രമായിരുന്നു ജോയെക്ക് കിരീടം നേടാനായത് എന്നതുകൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മരണം പതിയിരിക്കുന്ന ഐല്‍ ഓഫ് മാന്‍ ടിടി ട്രാക്കില്‍ നിന്നും ഇനിയും കിരീടങ്ങള്‍ നേടിക്കൊണ്ട് എക്കാലത്തേയും മികച്ച റൈഡറാവാനുള്ള പാതയിലൂടെയാണ് മൈക്കലിന്റെ സഞ്ചാരം. ആ ലക്ഷ്യത്തിലേക്കെത്താന്‍ മൈക്കലിന് ജോയെയുടേയും റോബര്‍ട്ടിന്റേയും വില്യമിന്റേയും ഓര്‍മകള്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല.

English Summary: Bike Racing Family Dunlop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com