എൽ മാറ്റഡോർ: ഒരു മോട്ടറിങ് അപാരത
Mail This Article
ആദിയും അന്തവുമില്ലാത്ത, മൗനത്തിന്റെ മണൽപ്പരപ്പുകൾ. മണൽക്കുന്നുകളെ കറക്കി ഉയർത്തുന്ന ഉഷ്ണക്കാറ്റിന്റെ സാമ്രാജ്യം. മെഡിറ്ററേനിയൻ - അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ 9,000,000 ചതുരശ്ര കിലോമീറ്ററായി, ആഫ്രിക്കയുടെ ശിരസ്സിൽ വ്യാപിച്ചു കിടക്കുകയാണ് സഹാറാ മരുഭൂമി. ഉഷ്ണ മരുഭൂമികളിൽ ലോകത്തേറ്റവും വലുത്.
പ്രപഞ്ച രഹസ്യങ്ങൾ തേടിയലയുന്ന മനുഷ്യ മനസ്സിനെ സഹാറയുടെ ഉൾത്തടങ്ങൾ എന്നും മോഹിപ്പിച്ചു. ഒരിയ്ക്കലും മരിക്കാത്ത മോട്ടറിങ് അഭിനിവേശങ്ങളിൽ പാരീസ് - ഡക്കർ റാലി ചിരപ്രതിഷ്ഠ നേടിയതിനു പിന്നിലും സമാനമായ സാഹസികതയെന്ന പ്രലോഭനം തന്നെ. സഹാറ ഒളിപ്പിച്ചു വച്ച പ്രകൃതിയുടെ നിഗൂഢതകളെ അനുഭവിച്ചറിയാനുള്ള അഭിവാഞ്ച മോട്ടർ റാലി പ്രേമികളെ എക്കാലവും ഡക്കറിലേക്ക് ആകർഷിച്ചു കൊണ്ടിരുന്നു. പാരീസിൽനിന്ന് ആരംഭിച്ച്, 15,000 കിലോമീറ്റർ താണ്ടി, പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗളിന്റെ തലസ്ഥാനമായ ഡക്കറിൽ സമാപിക്കുന്ന വിധത്തിലായിരുന്നു ഡക്കർ റാലിയുടെ ആദ്യ റൂട്ട്. വടക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സഹാറയിലൂടെയുള്ള യാത്രയുടെ ആവേശം ഒട്ടേറെ മോട്ടറിങ് ഇതിഹാസങ്ങളെയും ഈ റാലി റെയ്ഡിലേക്ക് വലിച്ചടുപ്പിച്ചു.
1978ൽ തുടങ്ങിയ റാലി, തീവ്രവാദ ഭീഷണിയേത്തുടർന്ന്, 2009 ൽ തെക്കേ അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും ഡക്കർ എന്ന ബ്രാന്റ് അപ്പോഴേക്കും മായ്ക്കാനാവാത്ത വിധം മോട്ടർ സ്പോർട്സ് ലോകത്ത് വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. ഹ്യൂ ബെർട്ട് ഓറിയോൾ, സ്റ്റെഫാൻ പീറ്റർ ഹാൻസെൽ, ഫാബ്രീസിയോ മിയോണി, സിറിൾ ഡെസ്പ്രെസ്, മാർക്ക് കോമ, പിന്നെ ഒരു വനിതാ ചാമ്പ്യൻ ജൂട്ടാ ക്ലീൻസ്മിത്തും... സഹാറയിലെ ദുർഘടമായ റാലി സ്റ്റേജുകളിൽ താരങ്ങളങ്ങനെ പെയ്തിറങ്ങി.
അവർക്കിടയിൽ കാർലോസ് സെയ്ൻസ് സീനിയർ വ്യത്യസ്തനായിരുന്നു. 1990 ലും 92ലും ഡബ്ല്യൂആർസി ലോക ചാമ്പ്യനായിരുന്ന കാർലോസ്, ഇക്കഴിഞ്ഞ ജനുവരി 19 ന് തന്റെ നാലാം ഡക്കർ കിരീടത്തിൽ മുത്തമിട്ടപ്പോൾ പ്രായം 61. അങ്ങനെ, ഏറ്റവും പ്രായം കൂടിയ ഡക്കർ ചാമ്പ്യൻ എന്ന പട്ടം ഈ സ്പാനിഷ് മോട്ടോറിങ്ങ് പ്രതിഭയ്ക്ക് സ്വന്തം. 1980 കളിൽ മോട്ടോർ സ്പോർട്സിലെത്തുന്നതിനും മുൻപ്, 16-ാം വയസ്സിൽ, സ്പെയിനിന്റെ ദേശീയ സ്ക്വാഷ് ചാമ്പ്യനായി.
"എൽ മാറ്റഡോർ" എന്ന വിളിപ്പേരിൽ വിഖ്യാതനായ കാർലോസ്, മോട്ടോർ സ്പോർട്സിലെ മിക്ക മുൻനിര കാർ ബ്രാന്റുകളോടുമൊപ്പം ലോകമെമ്പാടുമുള്ള റാലി സ്റ്റേജുകളെ പ്രകമ്പനം കൊള്ളിച്ചു. രണ്ടുതവണ ടെയോട്ടയ്ക്ക് ലോക റാലി ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തു. ലാൻസിയ, സുബാരു, സിട്രോൺ തുടങ്ങിയ വമ്പൻ കാർ നിർമാതാക്കളും കാർലോസിന്റെ പ്രതിഭയുടെ മാറ്ററിഞ്ഞിട്ടുണ്ട്.
2005 ൽ ലോക റാലി ചാമ്പ്യൻഷിപ്പിൽ നിന്ന് വിരമിച്ച ശേഷമാണ് കാർലോസ് ഡക്കറിലേക്ക് തിരിയുന്നത്. 2006ൽ ഡക്കറിന്റെ പരമ്പരാഗത റൂട്ടിലായിരുന്നു തുടക്കം. റാലി സഹാറ മരുഭൂമിയോട് വിട പറഞ്ഞ വർഷം, അതായത് 2008ൽ, കിരീടം കാർലോസ് കൈപ്പിടിയിലൊതുക്കി. 2010ൽ തെക്കേ അമേരിക്കയിൽ വെച്ചും ചാമ്പ്യനാവാൻ കാർലോസിന് കഴിഞ്ഞു. 2020 ൽ റാലി സൗദി അറേബ്യയിലേക്ക് പറിച്ചുനട്ടപ്പോൾ, വീണ്ടുമൊരു ചാമ്പ്യൻപട്ടം കൂടി. ഇപ്പോഴിതാ, 2024ലും... റാലി റെയ്ഡുകളുടെ അവസാന വാക്കായ ഡക്കർ, പ്രായത്തെ തോൽപിച്ച നിശ്ചയദാർഢ്യത്തിനൊപ്പം, അലിവോടെ, അത്രമേൽ ചേർന്നുനിന്നു.
രണ്ടാമതെത്തിയ ബെൽജിയൻ ഡ്രൈവർ ഗില്ലമി ഡി മെവിയസ്, മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സെബാസ്റ്റ്യൻ ലോബ് എന്ന ഡക്കർ ഇതിഹാസം, പീറ്റർ ഹാൻസെൽ, നാസർ അൽ അത്തിയാ... ഇക്കുറി എല്ലാം മുൻകൂട്ടി നിശ്ചയിച്ചതുപോലെ കാർലോസിന് മുന്നിൽ തലകുനിച്ചുനിന്നു. വിജയ ഘടകങ്ങളിൽ ഒരെണ്ണം പ്രത്യേകം എടുത്ത് പറയണം. ഡക്കർ കിരീടം ചൂടുന്ന ആദ്യത്തെ ഹൈബ്രിഡ് കാർ ആണ് ഓഡിയുടെ ആർഎസ് ക്യൂ ഇ- ട്രോൺ ഇ 2 . "ചെറുപ്പമായിരുന്നാൽ മാത്രം പോരാ. അത് തെളിയിക്കുകയും വേണം." ഈ വർഷത്തെ കിരീട ധാരണത്തിന് ശേഷമുള്ള ചക്രവർത്തിയുടെ പ്രതികരണം. എൽ മാറ്റഡോർ ഇങ്ങനെയാണ് അപാരമായ മോട്ടോറിങ് അഭിനിവേശത്തിൻ്റെ ആൾ രൂപമാകുന്നത്.
റിവേഴ്സ് ഗിയർ: അടുത്ത 15000 വർഷങ്ങൾക്കപ്പുറം സഹാറ മരുഭൂമി സാവന്ന പോലെ ഒരു പുൽമേടായേക്കാം എന്നാണ് ഭൗമശാസ്ത്രം പറയുന്നത്. ഭൂമിയുടെഅച്ചുതണ്ടിൽ സംഭവിക്കുന്ന വ്യതിചലനമാണ് കാരണം. അതിനുമുമ്പ്, ഡക്കർ റാലി സഹാറയുടെ അതിഭൗതിക രഹസ്യങ്ങളിലേക്ക് മടങ്ങിയെത്തിയേക്കാം...