ചരിത്ര സ്മാരകങ്ങളോട് അനാദരവ് : ത്രേവി ജലധാരയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും
Mail This Article
റോം∙ നഗരത്തിലെ പ്രസിദ്ധമായ ത്രേവി ജലധരയിലെ വെള്ളത്തിലേക്കു വിനോദസഞ്ചാരികൾ ചാടുന്നതും നീന്തുന്നതും സ്ഥിരം സംഭവമായതോടെ നടപടിയെടുക്കാൻ അധികൃതർ. ത്രേവി ജലധാരയിലേക്കുള്ള പ്രവേശനം തടയാനാണ് അധികൃതർ ആലോചിക്കുന്നു.
ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നു റോമിലെ ടൂറിസം കൗൺസിലർ അലസാൻഡ്രോ ഒണോറാത്തോ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇറ്റലിയിൽ താപനിലയും ഉഷ്ണതരംഗ വ്യാപനവും അതികഠിനമായിരിക്കെ, വിനോദസഞ്ചാരികൾ ജലധാരകളിൽ ഇറങ്ങുന്നതു പതിവായിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയെത്തിയതോടെ പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ത്രേവി ജലാധാരയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു എന്നാണ് അധികൃതരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം രാത്രി ത്രേവി ജലധാരാ സമുച്ചയത്തിന്റെ മുകളിൽ കയറി താഴെ വെള്ളത്തിലേക്ക് ചാടുന്ന ഒരു വിനോദസഞ്ചാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ കണ്ടെത്തുകയും പിഴചുമത്തുകയും ചെയ്തു.
Read also: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ വീസ
നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെയും നിയമങ്ങളെയും വിനോദസഞ്ചാരികൾ പരിഹസിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് ടൂറിസം കൗൺസിലർ പറഞ്ഞു. സംഭവത്തെ പ്രാകൃതം എന്നുവിശേഷിപ്പിച്ച കൗൺസിലർ, ജനക്കൂട്ടം ഇയാളെ കരഘോഷം മുഴക്കി പ്രോത്സാഹിപ്പിച്ചതു മോശം പ്രവണതയാണെന്നും അഭിപ്രായപ്പെട്ടു.
പിഴ ചുമത്തിയതുകൊണ്ടു മാത്രം കാര്യമില്ല. ലോകത്തിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങൾ വരും തലമുറയ്ക്കുവേണ്ടി സംരക്ഷിക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ടാണു സർക്കാരിനോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതെന്നും അലസാൻഡ്രോ ഒണോറാത്തോ പറഞ്ഞു.
English Summary: Disrespect to historical monuments: Access to the Trevi Fountain will be restricted